Wednesday, August 11, 2010

ബിനോയ്‌വിശ്വമേ ഈ ചതിവേണ്ടായിരുന്നു

കമ്പ്യൂട്ടറിന്റേയും മറ്റു പലതിന്റേയും കാര്യത്തില്‍ കാലത്തിനൊത്ത് ഉയരുവാന്‍ മടിയുള്ളവരാണ് സഖാക്കള്‍ എങ്കിലും മക്കളുടെ വിവാഹക്കാര്യത്തില്‍ കാലത്തിനൊപ്പമോ അതിനു മുമ്പിലോ സഞ്ചരിക്കുന്നവരാണ് . പ്രത്യേകിച്ച് മന്ത്രി മക്കളുടെ കാര്യത്തില്‍. തൃശ്ശൂര്‍ പൂരത്തിനു ആനയ്ക്ക് നെറ്റിപ്പട്ടം കെട്ടിയമാതിരി പൊന്നും പണ്ടവും ഒക്കെ അണിഞ്ഞാണ്പല മന്ത്രിമാരുടേയും മുന്‍ മുഖ്യമന്ത്രിയുടേം ഒക്കെ മക്കള്‍ കല്യാണം കഴിച്ച്കൊ ണ്ടുവന്നിട്ടുള്ളതും/കുടുമ്പത്തുനിന്നും പടിയിറങ്ങിയിട്ടുള്ളതും.

 എന്തിനു ജ്വല്ലറിക്കാര്‍ വരെ തങ്ങളുടെ പരസ്യത്തിനു ഒരു ബഞ്ച് മാര്‍ക്കായി എടുത്തിട്ടുള്ളത് തന്നെ ഇത്തരം കല്യാണങ്ങളെ ആണെന്ന് കേട്ടിട്ടില്ലേ? അവര്‍ പരസ്യ ഏജന്‍സിക്കാര്‍ കണ്‍സെപ്റ്റ് നല്‍കണ സമയത്ത് പറയുത്രെ ഇന്ന മന്ത്രിയുടെ മകന്റെ ഭാര്യ കല്യാണത്തിനു ഇത്രയ്ക്ക് ആഭരണം അണിഞ്ഞിരുന്നു നമ്മള്‍ടെ പരസ്യം അപ്പോള്‍ അതിനേക്കാള്‍ മികച്ച് നില്‍ക്കണം എന്നാണ്. ആലൂക്കേടേ പരസ്യമാണോന്ന് കല്യാണ ഫോട്ടോ കണ്ട് ചോദിച്ചവരുണ്ട്.അത്കേട്ട് അണികള്‍ക്ക് ഉണ്ടായ പുളകം, അയല്‍‌വാസികള്‍ക്കുണ്ടായ അസൂയ..ഹോ..

പരസ്പരം എന്തൊക്കെ പറഞ്ഞാലും പാരവെച്ചാലും മക്കള്‍ടെ കല്യാണത്തിന്റെ ആര്‍ഭാടകാര്യത്തില്‍ നമ്മള്‍ കക്ഷിരഷ്ടീയ വ്യത്യാസം പുലര്‍ത്താറില്ലാന്നുള്ളത് അറിയാവുന്നതല്ലേ? അഴിമതിക്ക് അനുകൂല നിലപാടുള്ള അബ്കാരിമുതല്‍ അരിക്കച്ചോടക്കാരന്‍ വരെ പത്തു പുത്തന്‍ ഉള്ളവരെ ഒക്കെ നമ്മള്‍ ക്ഷണിക്കും.  കുടിവെള്ള പൈപ്പിന്റെ കര്യത്തില്‍ അഴിമതി ആരോപണം ഏറ്റുവാങ്ങിയ അച്ഛന്‍ മന്ത്രിയായിരിക്കുമ്പോള്‍ ആര്‍ഭാടം ഒട്ടും കുറക്കാതെ മകള്‍ടെ വിവാഹം നടത്തുവാന്‍ പതിനേഴ് വയസ്സുള്ളപ്പോള്‍ തന്നെ അതങ്ങട് നടത്തിയില്ലേ അപ്പുറത്തുള്ള ഒരാള്‍. ഒടുക്കം ആ നവാബ് കേസുകൊടുത്ത് കോടതി കയറ്റീന്നുള്ളത് നേരുതന്നെ. അതെന്തോ ആകട്ടെ ഇക്കാര്യത്തില്‍ നമ്മള്‍ ഒരു നിലയും വിലയും ഒക്കെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

അങ്ങിനെ ഒരു സെറ്റപ്പില്‍ കാര്യങ്ങള്‍ കഷ്ടപ്പെട്ട് എത്തിച്ചിട്ടിപ്പോ ഈ ഒറ്റ സംഗതി വല്ലാത്ത മാനക്കേടായി. മോള്‍ടെ കല്യാണം നാലാളെ വിളിച്ച് നല്ലോണം ആര്‍ഭാടമായി നടത്തേണ്ട ഒരു സംഗതിയാ പഴയ ആദര്‍ശം വച്ചു പുലര്‍ത്തണ ക‌മ്യൂണിസ്റ്റ് സഖാക്കള്‍ടെ ശൈലിയില്‍ ലളിതമായി സംഘടിപ്പിച്ചിരിക്കുന്നേ. പഴയ സഖാക്കന്മാര്‍ പാര്‍ടിയോഫീസില്‍ വച്ച് പരസ്പരം മാലയണിഞ്ഞ് വിവാഹിതരായിരിക്കും. അതൊക്കെ പണ്ട്. ഇന്നങ്ങനെ ആണോ?

ഇതൊക്കെ അറിയാത്തതാണോ? എന്നിട്ട് നിങ്ങള്‍ എന്താ ചെയ്തത്. സാധാരണ വേഷത്തില്‍  ആളും ആര്‍ഭാടവും ഇല്ലാതെ അടുത്ത കുടുമ്പക്കാരും ബന്ധുക്കളും മാത്രം പങ്കെടുത്ത് ഒരു റജിസ്റ്റാര്‍ ഓഫീസില്‍ വച്ച് സംഗതിയങ്ങട് നടത്തി. ഒരു മന്ത്രിയുടെ മകള്‍ ആണെന്ന യാതൊരു ഗമയും ഇല്ലാതെ ഹിന്ദു പത്രത്തില്‍ സബ്.എഡിറ്ററായ രശ്മിയും ദേശാഭിമാനിയില്‍ സബ്.എഡിറ്ററായ ഷംസുദീനും വിവാഹിതരായി എന്നത് കേട്ട് ഈ നാട്ടിലെ ചില പിന്തിരിപ്പന്മാര്‍ ഒക്കെ പുളകമണിഞ്ഞിരിക്കും. അതാണ് നന്നായത്.ഇങ്ങനെ വേണം സമൂഹത്തിനു മാതൃക കാണിക്കാന്‍ എന്നൊക്കെ പറഞ്ഞിരിക്കും. കെ.ഈ.എന്‍ കുഞ്ഞമ്മദിനെപ്പോലുള്ളവര്‍ നേരിട്ട് വന്ന് അഭിന്ദിച്ചെന്നും ഇരിക്കും. പക്ഷെ മറ്റുള്ളവരുടെ കാര്യമോ? എന്തായാലും ഇതൊരു എട്ടിന്റെ പണിയായിപ്പോയി. മന്ത്രിമക്കളുടെ വിവാഹം പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍ടിയൊക്കെ വച്ച്  നാട്ടുകാര്‍ക്ക് ഒരു മാ‍തൃകയാക്കുവാന്‍ ഉള്ള ശ്രമങ്ങളെ പിന്നോട്ടടിക്കയാണ് ഈ ഒറ്റ പരിപാടിയിലൂടെ സഖാവ് ചെയ്തത്. കഴിഞ്ഞ കല്യാണം എത്ര കെങ്കേമമായിട്ടാണ് നടത്തിയതെന്ന് സഖാവിനു അറിയാത്തതൊന്നും അല്ലല്ലോ? മാധ്യമങ്ങള്‍ കുത്തിപൊക്കിയപ്പൊള്‍ നാട്ടുകാര്‍ക്ക് അല്പം ഭക്ഷണം നല്‍കിയത് വല്യ കുറ്റാന്ന് തിരിച്ചു ചോദിച്ച് നമ്മള്‍ വായടപ്പിച്ചില്ലേ? അതൊക്കെ ഇപ്പോള്‍ പാഴായി. വല്യേട്ടന്‍ പാര്‍ടിക്കിട്ട് ഒരു പണികൊടുക്കാന്‍ ഉള്ള അവസരം ഒത്തുവന്നത് പ്രയോജനപ്പെടുത്തിയതാണെന്ന് കുബുദ്ധികള്‍ക്ക് പറയാന്‍ അവസരവും നല്‍കി!!

ഇനി നാളെ മറ്റു മന്ത്രിമാരുടെ മക്കള്‍ക്ക് എങ്ങിനെ തലയുയര്‍ത്തി കല്യാണ മണ്ടപത്തിലേക്ക് പോകാന്‍ പറ്റും, എങ്ങിനെ അബ്കാരികള്‍ അടക്കം ഉള്ള വേണ്ടപ്പെട്ടവര്‍ക്ക് ഫൈവ് സ്റ്റാര്‍ ഫുഡ് നല്‍കാന്‍ പറ്റും?...ഹും കണ്ടില്ലേ ഇവരുടെ ഒരു ആര്‍ഭാടം നമ്മുടെ മന്ത്രി ബിനോയ് വിശ്വത്തിന്റെ മകളുടെ കല്യാണം എത്ര ലളിതമായിരുന്നു, മാതൃകയായിരുന്നു. ഈ ഒരു കുത്തുവാക്ക് കേള്‍ക്കാതിരിക്കാന്‍ ഇനി ചെവിയില്‍ ഇയര്‍ഫോണ്‍ വച്ച് വല്ല വക്കാ...വക്കാ.. പാട്ടും കേട്ട് വേണ്ടേ നടക്കാന്‍. പാവം പിള്ളാര്‍ എത്ര കിലോ സ്വര്‍ണ്ണം സ്ത്രീധനമായി വാങ്ങേണ്ടവരാണ്/കൊടുക്കേണ്ടവരാണ്.

ഇനി ഈ മാനക്കേട് എങ്ങിനെ തീര്‍ക്കും എന്ന് വിശാലമായ വല്ല പാര്‍ടി യോഗവുംവിളിച്ച് ചര്‍ച്ച ചെയ്യേണ്ടിവരും. നമ്മള്‍ ചര്‍ച്ച ചെയ്തു പാര്‍ടി കീഴ് ഘടകങ്ങളില്‍ ഇതേ പറ്റി ഒരക്ഷരം ചോദിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യരുതെന്ന് വേണേല്‍ ഇണ്ടാസ് കൊടുക്കാം. എന്നിട്ട് ആരേലും ചോദിക്കാന്‍ ചങ്കൂറ്റം കാണിച്ചാല്‍ അവനെ പിടിച്ച് പുറത്താക്കാം. പറ്റിയാല്‍ ബന്ദു ദിവസം വഴിയേ പോണ വല്ല ഫാമിലിയുമായി ബന്ധപ്പെടുത്തി അപരാധം പറഞ്ഞുണ്ടാക്കാം, എന്നിട്ടത് ചാനലില്‍ കൊടുക്കാം. അവന്‍ ഒതുങ്ങും. പിന്നെയുള്ളത് നാട്ടുകാര്‍ അവര്‍ക്ക്പണികൊടുക്കാന്‍ പെട്രോളിന്റെയോ മദ്യത്തിന്റേയോ വില വര്‍ദ്ധിപ്പിച്ചാല്‍ മതി.

എന്നാലും ഒരു കൂട്ടര്‍ ഭാക്കിയല്ലേ? മാധ്യമക്കാര്‍..  അവര്‍ ഇത് ഒക്കെ ഡിജിറ്റലായി സൂക്ഷിക്കും. ഇപ്പത്തന്നെ കല്യാണത്തിന്റെ കാര്യം കണ്ടപാതി കാണാത്ത പാതി അതെടുത്ത് വാര്‍ത്തയുമാക്കി, അത് മന്ത്രിയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. മറ്റുള്ളവര്‍ടെ നെഞ്ചത്ത് കുത്താനാ.  അവര്‍ ഇനി  അവസരം വരുമ്പോള്‍ ഇതെടുത്ത്  തലങ്ങും വിലങ്ങും അമ്മനമാടും....

ഇരുപതു കൊല്ലം മുമ്പ് സത്യന്‍ അന്തിക്കാട് തന്ന പണി ഓര്‍മ്മയില്ലേ? പാര്‍ടി തോറ്റതിന്റെ കാരണം എന്താന്ന് ലളിതമായി ചോദിക്കണ ഉത്തമന്റെ സീന്‍ വെറും രണ്ടു മിനിറ്റില്‍ താഴെ.. ഇപ്പോളും പാര്‍ടി തോല്‍ക്കുമ്പോളും സകല ബൂര്‍സ്വാ വലതുപക്ഷ മാധ്യമങ്ങളിലും ഈ സീന്‍ ഇടയ്ക്കിടെ ഉയര്‍ന്നു വരും.... പാര്‍ടി തോറ്റകാര്യം പ്രതിക്രിയകാ വാതകം ഒന്നും ഇല്ലാതെ ലളിതമായി പറഞ്ഞുകൊടുക്കാന്‍... കാലങ്ങളായി നമ്മള്‍ തോല്‍ക്കുമ്പോള്‍ അണികളെ അടക്കിനി ര്‍ത്തിയിരുന്നത് ഇമ്മാതിരി കടിച്ചാല്‍ പൊട്ടാത്ത ഉടായ്പ് ഡയലോഗിലൂടെ ആയിരുന്നു...അതിന്റെ കടക്കലാണ് അന്ന് അങ്ങേര്‍ കത്തിവെച്ചത്..

ഇപ്പോള്‍ മാധ്യമങ്ങള്‍ ആ കത്തി ഇടയ്ക്കിടെ എടുത്ത് കുത്തിക്കൊണ്ടിരിക്കുന്നു. ഇനിയിപ്പോള്‍ ഈ കല്യാണത്തിന്റെ കാര്യവും അതുപോലെ ഒരു ചരിത്രപരമായ പാരയായി എന്നും നിലനില്‍ക്കും.  നേരത്തെകാലത്തെ മക്കളെ മന്തിയുടെ സ്റ്റാറ്റസില്‍ കെട്ടിച്ചവരും കെട്ടിച്ചു കൊണ്ടുവന്നവരും ഭാഗ്യവാന്മാര്‍!!

3 comments:

വാക്കേറുകള്‍ said...

കമ്പ്യൂട്ടറിന്റേയും മറ്റു പലതിന്റേയും കാര്യത്തില്‍ കാലത്തിനൊത്ത് ഉയരുവാന്‍ മടിയുള്ളവരാണ് സഖാക്കള്‍ എങ്കിലും മക്കളുടെ വിവാഹക്കാര്യത്തില്‍ കാലത്തിനൊപ്പമോ അതിനു മുമ്പിലോ സഞ്ചരിക്കുന്നവരാണ് . പ്രത്യേകിച്ച് മന്ത്രി മക്കളുടെ കാര്യത്തില്‍. തൃശ്ശൂര്‍ പൂരത്തിനു ആനയ്ക്ക് നെറ്റിപ്പട്ടം കെട്ടിയമാതിരി പൊന്നും പണ്ടവും ഒക്കെ അണിഞ്ഞാണ് പല മന്ത്രിമാരുടേയും മുന്‍ മുഖ്യമന്ത്രിയുടേം ഒക്കെ മക്കള്‍ കല്യാണം കഴിച്ച് കൊണ്ടുവന്നിട്ടുള്ളതും/കുടുമ്പത്തുനിന്നും പടിയിറങ്ങിയിട്ടുള്ളതും

വെഞ്ഞാറന്‍ said...

ബിനോയ് വിശ്വത്തിന്റെ പ്രിയതമയെ കുറ്റം പറഞ്ഞാൽ മതി. ആഗോള കമ്മ്യൂണിസത്തിന്റെ കേരളാചാര്യൻ പളനിക്കു പോയത് ഭാര്യയ്ക്കു വേണ്ടി മാത്രമല്ലേ? കൊടികെട്ടിയ നേതാവ് പൂമൂടിയതും ഭാര്യ പറഞ്ഞോണ്ടു മാത്രമല്ലേ? ഇതൊന്നും കാണാതെ കട്ടൻ ചായേം പരിപ്പുവടേം കെട്ടിപ്പിടിച്ചോണ്ടിരി..

Anonymous said...

ഇതു തകർത്തു. കിലോകണക്കിനു പൊന്നും പണവുമായാ പല നേതാക്കന്മാരുടെയും മക്കളെ കെട്ടിച്ചയക്കണതും കെട്ടിക്കൊണ്ടുവരണതും. പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്ത തറ രാഷ്ടീയക്കാരൻ വരെ 100 പവൻ ഈസിയായി കൊടുക്കും. ഒരു പണത്തൂക്കം പൊന്നില്ലാത്തതിന്റെ പേരിൽ എത്രയോ പാവങ്ങൾ ഇവിടെ ഇനിയും വിവാഹം കഴിയാതെ നിൽക്കുന്നു. ഇതിനൊരു മാറ്റം വരേണ്ടതുണ്ട്. ബിനോയ് വിശ്വത്തെ അഭിനന്ദിക്കുകതന്നെ വേണം.

മരുമകൾക്ക് സ്വന്തം ഓഫീസിൽ(വീട്ടിൽ തന്നെ ഉള്ള ഓഫീസിൽ എന്നാണ് കെട്ടത്) ജോലി നൽകിയ മന്ത്രിമങ്കയും കേരളത്തിൽ ഉണ്ട്. അതും മാർക്കിസ്റ്റു പാർടിയിൽ..നടക്കട്ടെ..പ്രസംഗം വേറെ പ്രവർത്തി വേറെ.