Thursday, August 12, 2010

പിളരാനായി ഒരു പുതു ദളം?

സ്വന്തമായി ഒരു ബെന്‍സ് കാറ്, ബാറ്, ഓഡിറ്റോറിയം,  പത്രം, പെണ്ണ്, സിനിമ.... കാശുള്ള പലര്‍ക്കും പത്താള്‍ക്ക് മുമ്പില്‍ പത്രാസുകാണിക്കാന്‍ അങ്ങിനെ പല പല സംഗതികളോടാണ് താല്പര്യം. ചിലര്‍ക്ക് പാര്‍ടിയോടാണ് താല്പര്യം. പ്രസ്ഥാവനയിറക്കാനും പ്രതിഷേധിക്കാനും  സ്വന്തമായി ഒരു പാര്‍ടി. ചിലര്‍ക്ക് താല്പര്യം സാഹിത്യത്തോടാണ്. സ്വന്തമായി പുസ്തകം എഴുതാന്‍ സര്‍ഗ്ഗ ശേഷിയും സമയവും ഇല്ലെങ്കില്‍ എന്താ പുസ്തകം എഴുതിത്തരാന്‍ ആള്‍ക്കാര്‍ ആവശ്യപോലെ ഉള്ള കാലമാണ്. പുരാണം മുതല്‍ പുരോഗമന സാഹിത്യം വരെ പത്തു പുത്തന്‍ കൊടുത്താല്‍ പടച്ചു കയ്യില്‍ തരം. പുസ്തകം മാത്രമല്ല സ്വന്തമായി ബ്ലോഗ്ഗുവരെ കൂലിക്ക് എഴുതിക്കണ ആ ള്‍ക്കാരുണ്ടെന്നാണ് കേള്‍വി,  പോക്കറ്റില്‍ നിന്നും പണമിറക്കിയാല്‍  പിന്നീടത് പുസ്തകമാക്കി ഇറക്കാലോ (പതിനായിരം മുതല്‍ മേളിലോട്ട് വാങ്ങി ബ്ലോഗ്ഗുകള്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്ന പ്രസാദകരും ഉണ്ടെന്ന് പറയപ്പെടുന്നു ആര്‍ക്കറിയാം ആര്‍ക്കാ അതൊക്കെ അന്വേഷിക്കാന്‍ നേരം, അവരായി അവരുടെ പുസ്തകമായി) .

പത്രം, പാര്‍ടി, പുസ്തകം ഇതു മൂന്നും പോക്കറ്റില്‍ ഇട്ടു കൊണ്ടു നടക്കുന്ന വിദ്വാന്മാരും കൂട്ടത്തില്‍ ഉണ്ട്. ഇതോണ്ട്ഗുണം പലതാണ്. മറ്റു പത്രക്കാര്‍ പ്രസിദ്ധീകരിച്ചില്ലെങ്കിലും പാര്‍ടിയുടെ പേരില്‍ ഇറക്കുന്ന  പ്രസ്ഥാവന പ്രാധാന്യത്തോടെ സ്വന്തം പത്രത്തില്‍ അച്ചടിച്ച് വായനക്കാരനു മേല്‍ അടിച്ചേല്പിക്കാം. പുസ്തകം സ്വന്തം പ്രസ്സില്‍ അടിക്കാം, പത്രത്തില്‍ പരസ്യം കൊടുക്കാം, പലരെക്കൊണ്ടു പുകഴ്ത്തി എഴുതിപ്പിച്ചും പുത്തന്‍ ഇറക്കി അവാര്‍ഡ് തരപ്പെടുത്തിയും അതൊക്കെ പടമെടുത്തും അല്ലാതെയും പത്രത്തില്‍ കൊടുക്കാം. മള്‍ടിപിള്‍ പോസിബിലിറ്റീസ്!!

അതെന്തോ ആകട്ടെ കര്‍ക്കിടക മാസമായിട്ട് ആനയൂട്ട് കഴിഞ്ഞ തേക്കിന്‍ കാട് മൈതാനം പിന്നെ മറ്റൊരു സംഗതിക്ക്കൂടെ സാക്ഷ്യം വഹിച്ചു. പുതിയ ഒരു പ്രസ്ഥാനം തന്റെ മടിത്തട്ടില്‍  ജന്മമെടുത്തതിന്റെ സാഫല്യത്തില്‍ സാംസ്കാരിക നഗരി പതിവുപോലെ പുളകം കൊണ്ടു. ആനയൂട്ടിന്റെ അത്രയും ആളൂണ്ടാ യില്ലെങ്കിലും ശമ്പളദിവസം ബീവറേജിന്റെ മുമ്പില്‍  ഉണ്ടാകുന്നത്ര ആളൊക്കെ കൂടി. വല്യ വല്യ കാര്യങ്ങള്‍ ഒക്കെ പറയുന്നത് കേട്ടു. അക്കൂട്ടത്തില്‍ സൊഷ്യലിസത്തെ പറ്റിയൊക്കെ പറയുന്നത് കേട്ടു അതെന്താന്ന് കേട്ടവര്‍ക്ക് വലിയ പിടിയൊന്നും കിട്ടിയെന്ന് തോന്നുന്നില്ല, എനിക്ക് പക്ഷെ പിടികിട്ടി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പി.ഡ.ബ്ലിയൂ ഒക്കെ ജനിക്കും മുമ്പ് പണിതൊണ്ട് ഇമ്മാതിരി കാര്യങ്ങള്‍ ഒക്കെ വന്ന്  എന്തോരം ഉച്ചത്തില്‍ വന്ന് തട്ടിയാലും തകരാത്ത വിധം വടക്കുംനാഥന്റെ ആനപ്പള്ള ചുറ്റുമതിലിനു നല്ല ബലമാ!!

വളരും തോറും പിളരുക പിളരും തോറും വളരുക എന്ന മാണിയന്‍ സിദ്ധാന്തം പക്ഷെ കേരളാ കൊൺഗ്രസ്സിനു മാത്രം ഉള്ളതാണ്, ബാക്കിയുള്ളവരൊക്കെ പിളര്‍ന്നാല്‍ പിന്നെ വളര്‍ച്ച പടവലങ്ങാ സ്റ്റൈലില്‍ ആണ്. പ്രത്യേകിച്ച് ജനതാ ദളത്തിന്റെ വിവിധ ദളങ്ങള്‍ക്ക് മാണീയന്‍ സിദ്ധാന്തം തീരെ ബാധകമല്ല. എന്തായാലും പുതിയ ഒരു ദളം കൂടെ വിരിഞ്ഞിരിക്കുന്നു. അതും നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തൃശ്ശൂര്‍ തേക്കിന്‍ കാട് മൈതാനിയില്‍. പുതിയ പാര്‍ടി വന്നതോടെ അതിലേക്കുള്ള നേതാക്കന്മാരുടെ കുത്തൊഴുക്കായിരുന്നൂന്ന് ചിലര്‍ പറയുന്നുണ്ട്. ഞാനെങ്ങും കണ്ടില്ല.

 എന്തായാലും കേരളത്തില്‍ കസ്റ്റമേഴ്സ് പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കണ പോലെ ആണ് ഇത്തരം കുഞ്ഞുപാര്‍ടികളില്‍  നേതാക്കന്മാര്‍ വരുന്നതും പോകുന്നതും ( ഉള്ളവര്‍ ഒക്കെനേതാക്ക്ന്മാര്‍ ആയതോണ്ട് ഇത്തരം പോക്കറ്റ് പ്രസ്ഥാനങ്ങള്‍ക്ക് അണികള്‍ മാറും എന്ന് പേടിക്കാന്‍ ഇല്ല). പുതിയ ഓഫര്‍ വന്നാല്‍ ഉടനെ അതിന്റെ സിം എടുക്കും ഓഫറ് തീരുന്നതൊടെ പലരും അതിനെ കളയും. അപ്പോഴേക്കും മറ്റുവല്ലവരും പുതിയ മൊബൈല്‍ ഫോൺ സര്‍വ്വീസോ ഓഫറോ കൊണ്ടുവരും. കുറച്ചുകാലമായി കേരള രാഷ്ടീയത്തിലും ഇതിന്റെ ഒരു ആവര്‍ത്തനം കാണാം. മുരളി ആദ്യം ഡിക്ക് ഉണ്ടാക്കി (സോറി സായ്പിന്റെ ഭാഷയിലെ ഡിക്ക് അല്ല ഇത് ഡി.ഐ.സി.(കെ). എന്തായാലും ഇതു വെറും.... ആണെന്ന് മലയാളീകരിച്ച് ചിലര്‍ പറഞൂന്ന് കേട്ടു).
ജാഥയും പ്രക്ടണവു പ്രചരണയോഗവുമൊക്കെയായീ പലര്‍ക്കും പണികിട്ടി. അതികം താമസിയാതെ അത് എന്‍.സി.പിയുമായി ലയിച്ചു. പിന്നെ കുറച്ചു കഴിഞ്ഞതും ലയനം മതിയാക്കി പുറത്തുവന്നു. ഇപ്പോള്‍ തേരാ പാര കോൺഗ്രസ്സിന്റെ പടിപ്പുരയ്ക്ക് മുന്നില്‍ നടക്കുന്നു.  ഇത്രനാളായിട്ടും അകത്ത് കടത്താത്ത സ്ഥിതിക്ക്  ഇനിയിപ്പോള്‍

പുതുതായി മുരളി പാര്‍ടിയുണ്ടാക്കുമോ ഇല്ലയോ എന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞേ അറിയാന്‍ പറ്റൂ. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രകടനത്തില്‍ പങ്കുപറ്റാന്‍ പറ്റിയ വിധത്തില്‍ ഉള്ള പ്രസ്ഥാവനഒക്കെ അങ്ങേരു പടച്ചു വിട്ടുകൊണ്ടിരിക്കാണല്ലോ. തമ്പ്രാന്റെ വെളക്കത്ത് വാര്യര്‍ടെ അത്താഴം.  പക്ഷെ പറഞ്ഞിട്ടെന്താ പഴങ്കഞ്ഞിയാണെന്ന് മാത്രം!!

അധികാരം ആളുകളെ അധമന്മാരാക്കും എന്ന് ആരാണാവോ പറഞ്ഞത്. എന്തയാലും ദളിന്റെ പിളര്‍പ്പിനു പിന്നിലും അധികാരത്തിന്റെ അണിയറയില്‍ അനിവാര്യമായതും- ആകസ്മികമല്ലാത്തതുമായ ആ പിടിവലി ഉണ്ടായി. പാര്‍ളമെന്റില്‍ ഒരു കസേര സ്വപ്നം കണ്ട നേതാവിവും പിണറായി പിണങ്ങിയെന്നും അതേ തുടര്‍ന്ന് അങ്ങേര്‍ക്ക് നേരത്തെ നോട്ടമുണ്ടായിരുന്ന കോഴിക്കോട് സീറ്റു കിട്ടിയില്ലാന്നും പണ്ട് പറയുന്നത് കേട്ടിരുന്നു. ആദ്യമായി ഒരു മണ്ടലമായി പ്രമോഷന്‍ കിട്ടിയ വയനാട് അതും ആദിവാസികളും അടിസ്ഥാന വിഭാഗവും തിങ്ങി പാര്‍ക്കുന്ന, ദള്‍നേതാവ് ജനിച്ച് വളര്‍ന്ന തട്ടകം തന്നെ ഓഫര്‍ എല്‍.ഡി.ഫ് ഓഫര്‍ ചെയ്തു. പക്ഷെ നേതാവിനെ ജനത്തിനുംജനത്തെ നേതവിനും ശരിക്കും അറിയാവുന്നതു കൊണ്ട്  ആകാം അദ്ദേഹം ആ സാഹസത്തിനു മുതിര്‍ന്നില്ല. സീറ്റു വിഭജനത്തില്‍ തുടങ്ങിയ അഭിപ്രായ ഭിന്നത രൂക്ഷമായി, തിരഞ്ഞെടുപ്പ് ഗോദയില്‍ എത്തിയതോടെ സംഗതി തര്‍ക്കമായി തകരാറായി ഒടുക്കം തൊഴുത്തില്‍ കുത്തായി തോല്‍‌വിയായി. കോഴിക്കോടും വടകരയും പാരവെപ്പിന്റെ പഴയ്തും പുതിയതുമായ പല പരീക്ഷണങ്ങള്‍ക്ക് വേദിയായി, ഇടതുപക്ഷത്തിന്റെ വേദിയില്‍ ഇന്നും ജീവനും കൊണ്ട്രക്ഷപ്പെട്ട സോഷ്യലിസവും, വിപ്ലവവും, പുരോഗമനവും ഒക്കെ പോയവഴിക്ക് പുല്ലുമുളക്കില്ല.  സഖാക്കളും ദളത്തിന്റെആളുകളും തമ്മില്‍ ഉള്ള തര്‍ക്കത്തിനിടയില്‍ ചുളുവില്‍ വലതുപക്ഷത്തെ ചുള്ളന്മാര്‍ ജയിച്ചു കയറി. ജയിച്ചൂന്ന്മാത്രമല്ല  അതില്‍ ഒരാള്‍ സഹമന്ത്രിവരെ ആയി.  ഒന്നു ചീയുമ്പോള്‍ ഒരു പാടെണ്ണത്തിനു വളം എന്നാണല്ലോ!!

തിരഞ്ഞെടുപ്പിന്റെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ വലതുപക്ഷ സാമ്പ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടാന്‍ പ്രസംഗിച്ചുംപുസ്തകം എഴുതിയും നടന്ന നേതാവ് രായ്കു രാമാനം കൂടുവിട്ട് കൂടുമാറി. (മജീഷ്യന്‍ സാമ്രാജും, മുതുകാടും മൂക്കത്ത് വിരല്‍ വച്ചുകാണും)   വലതു പക്ഷ പാളയത്തില്‍ എത്തേണ്ടതാമസം  പുതിയ കസേരയും കിട്ടി. കൂടുവിട്ടു കൂടുമാറുന്ന പ്രക്രിയനടക്കുന്ന സമയത്ത്  കുറച്ചു പിള്ളാര്‍ പിണറായിക്കൊപ്പം കൂറു കാണിച്ച് നിന്നു. ഇവിടെയും ദളിന്റെ ജന്മസിദ്ധമായകഴിവ്/പിഴവ് പൂറത്തു ചാടി. സ്വാഭാവികമായും അതിനെ ഒരു പിളര്‍പ്പെന്ന് പലരും വ്യാഖ്യാനിച്ചു. പിന്നെ അതിന്റെപേരിലായി പിടിവലി. ഒറിജിനല്‍ ഞങ്ങളാണെന്ന് പറഞ്ഞ് പ്രസ്ഥാവന പ്രസംഗം പാര്‍ടിയോഫീസില്‍ പിടിവലി.

എന്തായാലും പതിവു പോലെ പിളര്‍ന്ന ദളിനു പുതിയ രൂപത്തില്‍ പിറവിയുണ്ടായി. പേരിനൊപ്പം ഡെമോക്രസിയും, സോഷ്യലിസവും പതിവുപോലെ കറക്ടായി അളവുനോക്കി ആണിയടിച്ച് ഫിറ്റു ചെയ്തു. ആട്ടുന്നിടത്തില്ല എള്ള് പിന്നെഅല്ലേ ആട്ടും കൂട്ടില്‍ എന്ന് പറഞ്ഞ പോലെ ഇടതു ചേരിയില്‍ ഇല്ലാത്ത സോഷ്യലിസവും ഡെമോക്രസിയുമാ ഇനി വലതു ചെരിയില്‍ എന്ന് ചോദിക്കണോര്‍ടെ കൂട്ടത്തില്‍ വാക്കേറും ഉണ്ട്.

എന്തായാലും പ്രകടനവും പൊതുയോഗവും കഴിഞ്ഞ് പൊതുജനം പിരിഞ്ഞപ്പോള്‍  സ്റ്റേജും പന്തലും കെട്ടണ പണിക്കാരില്‍ ഒരാള്‍ പറയുന്നത് കേട്ടു ഇനി എന്നാണാവോ ഇതും പിളര്‍ന്ന് മറ്റൊരു ദളം വിടരുക എന്ന്. ദളല്ലേ അധികാരം കിട്ടിയാല്‍ പിന്നെ അധികം താമസിയാതെ എപ്പം വേണമെങ്കിലും അതു സംഭവിക്കാം!!

1 comment:

Anonymous said...

എന്തായാലും പതിവു പോലെ പിളര്‍ന്ന ദളിനു പുതിയ രൂപത്തില്‍ പിറവിയുണ്ടായി. പേരിനൊപ്പം ഡെമോക്രസിയും, സോഷ്യലിസവും പതിവുപോലെ കറക്ടായി അളവുനോക്കി ആണിയടിച്ച് ഫിറ്റു ചെയ്തു. ആട്ടുന്നിടത്തില്ല എള്ള് പിന്നെഅല്ലേ ആട്ടും കൂട്ടില്‍ എന്ന് പറഞ്ഞ പോലെ ഇടതു ചേരിയില്‍ ഇല്ലാത്ത സോഷ്യലിസവും ഡെമോക്രസിയുമാ ഇനി വലതു ചെരിയില്‍ എന്ന് ചോദിക്കണോര്‍ടെ കൂട്ടത്തില്‍ വാക്കേറും ഉണ്ട്.

hahha