Wednesday, June 1, 2011

ആളൂര്‍ വക്കീലിനും ആകാശപ്പറവകള്‍ക്കും അഭിവാദ്യങ്ങള്‍



ആവൂ ആ മഹാത്മാവിനെ സൌമ്യയുടെ കൊലപാതകത്തിന്റെ പേരും പറഞ്ഞ് ജീവപര്യന്തത്തിനു ശിക്ഷിക്കുമോന്ന് പേടിച്ചിരിക്കായിരുന്നു. ആളൂരു വക്കീലും അഞ്ചു വക്കീലന്മാരും അയാള്‍ക്ക് വേണ്ടി അണിനിരക്കും എന്ന് കേട്ടപ്പോല്‍ ആ പേടി മാറി. പോരാത്തതിനു ആകാശപ്പറവകള്‍ എന്നൊരു ടീമും ഉണ്ടെന്ന് കേട്ടപ്പോള്‍ പേടി പമ്പ കടന്നു.ക്രിമിനല്‍ കേസില്‍ പെട്ട മന്ത്രിമാരേയും മത നേതാക്കന്മാരേയും മാത്രം ബഹുമാനിച്ചു ശീലിച്ച മലയാളിയെ സംബന്ധിച്ച്  ഗോവിന്ദച്ചാമിയെന്ന ചാര്‍ളി തോമസ് എന്ന മഹാത്മാവ് അണ്ണാച്ചി ഒരു കൊടും ക്രൂരനും കിരാതനുമാകും, എന്നാല്‍ വക്കീലെങ്കിലും അയാളെ ആ രീതിയില്‍ കാണുന്നില്ല എന്നതില്‍ അതിയായ സന്തോഷം. അറിഞ്ഞിടത്തോലം ആളൂര്‍ വക്കീല്‍ ആളൊരു കേമനാണെന്ന് മനസ്സിലായി. വല്ലാത്ത ഒരു ആരാധനയും തോന്നി, ഹാജരായ കേസുകളില്‍ അധികവും ഒരുമാതിരിപ്പെട്ട ക്രിമിനലുകളെ ഒക്കെ ശിക്ഷയില്‍ നിന്നും ഒഴിവാക്കിയെടുത്തു, പിന്നെ കേസിനു രണ്ടുമുതല്‍ അഞ്ചു വരെ ലക്ഷം ഫീസ് ഇതൊക്കെ  തന്നെ കാരണം.  ഈ ചാര്‍ളി തോമസ് എന്ന മഹാത്മാവിനേയും എത്രയും വേഗംകേസില്‍ നിന്നും ഊരിയെടുത്ത് അദ്ദേഹത്തിന്റെ സേവന മേഘലയില്‍ തുടരുവാന്‍ അനുവദിക്കണം. ഇപ്പോള്‍ തന്നെ അകത്തായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സേവനം ട്രെയിനിലും മറ്റും ഇല്ലാതായിരിക്കുന്നു. വക്കീല്‍ പറഞ്ഞ വാക്കില്ലേ  “മനസ്സുകൊണ്ട് സൌമ്യക്കൊപ്പമാണ്‍` എന്നാല്‍ ഗോവിന്ദസ്വാമി നിരപരാധിയുമാണ്...” ഹോ അത്  പത്രത്തില്‍ കണ്ടപ്പോള്‍ കുളിരു കോരി.


വക്കീലിനെതിരെ ചിലര്‍ ബസ്സിലും, ബ്ലോഗ്ഗിലും, ഫേസ്ബുക്കിലുമൊക്കെ അലമ്പുണ്ടാക്കുന്നുണ്ടെന്ന് കേട്ടു. അത് കാര്യക്കാണ്ടാട്ടാ... അവര്‍ വലിയ വക്കീലിനെ കൊണ്ടന്ന് സൌമ്യക്ക് വേണ്ടി വാദിക്കൊന്നുമില്ല.  അവിടെ നെറ്റില്‍ കിടന്ന് ചുമ്മാ കുറച്ച് ബഹളം വെക്കും ചര്‍ച്ചിക്കും മെയില്‍ ഫോര്‍വേഡ് ചെയ്യും അത്രേ ഉള്ളൂ. മന്ത്രി സഭയുണ്ടാക്കുമ്പോള്‍ ഇമ്മടെ ആള്‍ക്കാര്‍ക്ക് പ്രധാന വകുപ്പ്  നല്‍കണംന്ന് നായന്മാരും എസ്.എന്‍.ഡി.പിക്കാരും പറയില്ലേ . എന്ന് കരുതി കാര്യങ്ങളും കാര്യപ്പെട്ട വകുപ്പും കോണിക്കാരു വിട്ടു കോടുക്കോ. ഇല്ലാലോ അത്രേ ഉള്ളൂ. അവര്‍ അവിടെ കിടന്ന് പറഞ്ഞോട്ടേന്നെ. പിന്നെ വക്കീലിനു  ഭീഷണിയ്യുണ്ടെന്ന് പത്രത്തില്‍ വായിച്ചു. ആദ്യം പേടിച്ചു പോയി. പിന്നെയാണ് ഹിന്ദു തീവ്രവാദികളില്‍ നിന്നും ആണെന്ന് അറിഞ്ഞത്. അത് പോട്ട് ചീള് ഒന്നും സംഭവിക്കില്ല. പിന്നെ കണ്ണൂരു സ്കൂള്‍ മാഷായിരുന്ന സംസ്ഥന നേതാവായ സ്വന്തം പ്രവര്‍ത്തകനെ കുട്യോള്‍ടെ മുന്നിലിട്ടു കൊത്തിക്കൊന്നിട്ട് എന്തെങ്കിലുംമുണ്ടായോ. പിന്നാ ഈ പെണ്‍കുട്ടിയുടെ കാര്യത്തില്‍. ചുമ്മാ ഓലപ്പാമ്പ് . അല്ല ഇത് വക്കീല് ചുമ്മാ ഒരു ഇളക്കം ഉണ്ടാക്കാന്‍ ഇറക്കിയ നമ്പറാണോ? എന്തായാലും കേസ് ഫാസ്ട്രാക്ക് കോടതിയിലാണേല്‍ അവിടെ നിന്നും മാറ്റാന്‍ ശ്രമിക്കണം. ഈ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കേസില്‍ പെട്ടെന്ന് വിധിവരും, മിക്കവാറും പ്രതിക്ക് ശിക്ഷയും കിട്ടും. കേസ് പരമാവധി നീട്ടുകയണേല്‍ പ്രതിയെ ശിക്ഷിക്കാന്‍ പറഞ്ഞ് ഈ അലമ്പുണ്ടാക്കുന്നവരുടെ ചൂടു കുറയും.




ആതമഹത്യക്ക് ശ്രമിച്ച ഒരു പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു പാവം  വികലാംഗനെ മനസ്സിലാക്കുവാന്‍ മലയാളിക്കായില്ല. പണ്ടു മുതലേ  ട്രെയിനീന്നു വീണാലും ആതമഹത്യക്ക് ശ്രമിക്കുന്ന പെണ്ണുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ചാലും രക്ഷകന്റെ രക്തം അവരുടെ മേല്‍ ആകും. ഇനി രക്ഷിക്കുവാനുള്ളത് കഠിനമായ പരിശ്രമമാണേല്‍ അവരുടെ ശരീരത്തില്‍ ശുക്ലം/ബീജം ആയെന്നുമിരിക്കും. ( കിണറ്റില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ ശരീരത്തിലും ഇത്തരത്തില്‍ എന്തോ കണ്ടത്തിയിരുന്നു) അതിന്റെ പേരില്‍ ഒരാളെ പിടിച്ച് ശിക്ഷിക്കാന്ന് പറഞ്ഞാല്‍ ഹോ എന്ത് മഹാ പാതകമാണ്. എന്തായിത് വെള്ളരിക്കാപട്ടണമോ? ഇപ്പത്തന്നെ നമ്മുടെ മന്ത്രിമാരില്‍ എത്ര പേര്‍ ക്രിമിനല്‍ കേസും, തട്ടിപ്പ് കേസ്, പെണ്ണുകേസ്, വിജിലന്‍സ് കേസ് തുടങ്ങിയവ നേരിടുന്നുണ്ട്. അതിനൊന്നും കുഴപ്പമില്ല.


ആകാശപ്പറവകള്‍ എന്നൊരു ടീംസ് ഇതിനിടയില്‍ പ്രതിക് വേണ്ടി ചരടു വലിക്കണൂന്ന് കേട്ടു. ആകാശപ്പറവകള്‍ക്കും അഭിവാദ്യങ്ങള്‍. ജന്മം കൊണ്ട് വഴിതെറ്റിയ ഒരു കുഞ്ഞാടിനെ അല്പം വൈകിയാണെങ്കിലും തങ്ങളുടെ കൂട്ടത്തിലേക്ക് കൊണ്ടുവന്നത് തന്നെ വലിയ കാര്യം. കൂട്ടത്തിലെത്തിയ കുഞ്ഞാട് വല്ല കുരുത്തക്കേടും കാണിച്ചാല്‍ അവനെ തട്ടുകേടില്ലാതെ തങ്ങളുടെ കൂട്ടത്തിലെക്ക് തിരിച്ചുകൊണ്ടു വരണമല്ലോ. നിങ്ങള്‍ അവനെ തള്ളിപ്പറയാത്തതിലും പത്രക്കാര്‍ പറയണ പോലെ ഹെല്പ് ചെയ്യുന്നതിലും അതിയായ നന്ദിയുണ്ട്. എത്രയും വേഗം ഈ കുഞ്ഞാടിനെ രക്ഷിച്ചെടുത്ത് പഴയ പോലെ ട്രെയിനിലെ പുണ്യപ്രവര്‍ത്തികള്‍ തുടരുവാന്‍ അനുവദിക്കുക. ഇനിയും ഇത്തരം ക്രിമിനലുകളായ കുഞ്ഞാടുകളെ കൂട്ടത്തില്‍ കൊണ്ടുവന്ന് അഥവാ അവര്‍ വല്ല കുറ്റകൃത്യവും ചെയ്താല്‍ നല്ലൊന്നാന്തരം വക്കീലന്മാരെ അണിനിരത്തി രക്ഷിച്ചെടുകൂ.


ചാമിയൊരു തമിഴ് നാടോട്യായതോണ്ട് ആരും വക്കാലത്തുമായി കോടതിയില്‍ കയറില്ലാന്നായിരുന്നു പലരും കരുതീത്. എന്നാല്‍ വക്കാലത്തേറ്റെടുക്കാന്‍ അഞ്ചു പേരില്‍ കൂടുതല്‍ വരും എന്ന് കേട്ടപ്പോള്‍ ഹോ അവരൊക്കെ ഞെട്ടിക്കാണും. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും അര നിരപരാധി ശിക്ഷിക്ക പ്പെടരുതെന്ന് പറയുന്നത് കേള്‍ക്കാം. ആ ആയിരത്തില്‍ ഈ മഹാത്മാ ശ്രീ സ്രീ ചാളിയേയും പെടുത്താം.  രാഷ്ടീയകാര്‍ക്കും കാശുള്ളോര്‍ക്കും ഭാക്കി 999 മതി. നേരുപറഞ്ഞാല്‍ നാടോട്യോള്‍ടെ കാര്യത്തില്‍ താല്പര്യമുള്ള കുറച്ച് വക്കീലന്മാരും, ആ‍കാശപ്പറവകളും പിന്നെ എഴുത്തുകാരും മാത്രെ ഉള്ളൂ. കള്ളന്മാര്‍ക്കും കൊലപാതകികള്‍ക്കും ക്രിമിനലുകള്‍ക്കും ഒക്കെ സാന്ത്വനമേകുന്ന നിങ്ങള്‍ക്ക് നന്മ വരട്ടെ. ഗോവിന്ദ ചാമിയെന്ന മഹാത്മാവിനെ തന്റെ കര്‍മ്മ മണ്ഡലത്തിലേക്ക് തിരിച്ചു കൊണ്ടുവരൂ.