Saturday, February 26, 2011

സീറ്റ് ഡ്രീംസ്


ഇലക്ഷന്‍ അടുത്തതോടെ കേരളത്തില്‍ ഇത് സീറ്റ് ഡ്രീംസിന്റെ കാലം. വരുന്ന തിരഞ്ഞെടുപ്പില്‍ ജയിച്ചില്ലേലും മത്സരിച്ചാല്‍ മതിയെന്ന പറഞ്ഞ് സീറ്റിനായി ഡ്രീംസ് കണ്ട് നടക്കണോരെക്കോണ്ട്  ഒരു പൊറുതിയും ഉണ്ടാകില്ല. കന്നിമാസത്തില്‍ ഒന്നിനു പുറകെ ഒമ്പത് പട്ടികള്‍ പോകണ പോലെയാണ് ഒരു സീറ്റിനു വേണ്ടി പത്തൊമ്പതുംമിരുപതും പേര്‍ പരക്കം പായുന്നത്. ജാതകത്തിലെ രാശിനോക്കിയും ജാതിപറഞ്ഞും ജാഥയില്‍ ആളെ കാണിച്ചുമൊക്കെ പലരും പലതരം അടവുകള്‍ പുറത്തെടുക്കാന്‍ തുടങ്ങി. പാര്‍ട്ടിക്കാരെ കൂടാതെ പണക്കാരായ പ്രാഞ്ച്യേട്ടന്മാരും പൊളിറ്റിക്സിന്റെ എ.ബി.സി.ഡി അറിഞ്ഞില്ലേലും പടത്തിലഭിനയിക്കുന്നവര്‍ വരെ പാര്‍ടി ടിക്കറ്റ് കരിഞ്ചന്തയില്‍ കിട്ടോന്നറിയാനുള്ള നെട്ടോട്ടമാണ്.

കര്‍ക്കടകമാസത്തില്‍ കാക്കാലനെ കാണണത്രയും കണ്ടുകിട്ടാത്ത പല കോണ്‍ഗ്രസ്സ് നേതാക്കന്മാരും തെക്ക്ന്നും വടക്കുന്നും ഇപ്പോള്‍ തൃശ്ശൂരില്‍ വന്ന് വണ്ടിയിറങ്ങിയിരിക്കുന്നു. പൂരക്കാലത്ത് പീപ്പിക്കാരു വരണപോലെ ഇനിയിപ്പോള്‍ തിരഞ്ഞെടുപ്പിന്റെ പരിപാടി കഴിയോളം അവരിവിടെ ഉണ്ടാകും. ബിഷപ്പ് ഹൌസൈന്റെ ഭാഗത്ത് ഇപ്പോളേ ട്രാഫിക്ക് ജാം തുടങ്ങിക്കഴിഞ്ഞു. ഇനിയിപ്പോള്‍ അരമനയിലും അങ്ങാടീലും ഒക്കെ കയറിയിറങ്ങി അവന്മാര്‍ സീറ്റിനായി പാദസേവയും പാരവെച്ചും പായാരം പറച്ചിലുമായി പൊറുതികേടാക്കും. പള്ളിക്കാര്‍ടെ പവറും പത്രാസും ഇല്ലാത്തതിനാല്‍ പാവം പൂജാരിമാര്‍ക്ക് പത്തിന്റെ ഗുണമില്ല. എന്നാലും പ്രശ്നവശാല്‍ ചില പരിഹാരക്രിയകള്‍...എന്നൊക്കെ കാച്ചി മുണ്ടിന്റെ കൊന്തലയില്‍ വെക്കാന്‍ കാശ് വല്ലതും തരപ്പെടുത്താം എന്ന് മാത്രം.

എണ്ണത്തോണിയിലിട്ട് എഴുന്നേറ്റു നില്‍ക്കാന്‍ ആകുന്ന പരുവത്തിലാക്കിയവര്‍ മുതല്‍ നാല്പത്തഞ്ചു കഴിഞ്ഞിട്ടും വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ രോമാഞ്ചമായവര്‍ വരെ സീറ്റ് ഡ്രീംസുമായി സിറ്റിയില്‍ ചുറ്റിത്തിരിയുന്നുണ്ട്. പുനര്‍ നിര്‍ണ്ണയം കഴിഞ്ഞതോടെ പാവം പ്രതാപനാണേല്‍ നാട്ടിക സംവരണമണ്ഡലമായതിന്റെ പൊല്ലാപ്പിലാണ്. യുവതുര്‍ക്കി വി.എസ്. സുനില്‍കുമാറിന്റെ മണ്ഡലം തന്നെ ക്യാന്‍സലായി. പഴയ പോരാളിയും പിന്നീട് ആലപ്പുഴയിലേക്ക് പോയ ആളുമായ സുധീരേട്ടന്‍ സ്ഥലത്തെത്തിയിട്ടുള്ളത് സീറ്റിനാണെന്ന് പറയുന്നവര്‍ ഉണ്ട്. മണലൂര്‍ മണ്ഡലത്തില്‍ മാറ്റുരയ്ക്കുവാന്‍ മറ്റാരേക്കാളും മൂപ്പരാണ് മിടുക്കന്‍ എന്ന് ഒന്നുരണ്ടാള്‍ പറഞ്ഞാല്‍ പണിയായോ? അനില്‍ അക്കരെ ആളുഷാറാണ് അടാട്ട് പഞ്ചായത്തിലും ജില്ലാപഞ്ചായത്തിലും പറ്റാവുന്ന പരമാവധി ഷൈന്‍ ചെയ്യുന്നുമുണ്ട് ആനിലക്ക് ആള്‍ക്കൊരു സീറ്റ് കൊടുക്കാതിരിക്കാന്‍ പറ്റോ?  സി.എന്‍ ബാലകൃഷ്ണന്‍ സീനിയറായ ആള്‍ അങ്ങേരു വടക്കാഞ്ചേരിയില്‍ നോട്ടമിട്ടതായി കേള്‍ക്കുന്നു, പണ്ട് പോസ്റ്ററൊട്ടിക്കലും ചുമരെഴുത്തും കഴിഞ്ഞ് കുഞ്ഞുട്യായി കുടുമ്പത്തേക്ക് പോണ്ടി വന്നു. തേറമ്പിലിനെ തല്‍ക്കാലം തഴയുമെന്നാണ് തോന്നുന്നത്.  

ഗുരുവായൂരില്‍ പിന്നെ പതിവുപൊലെ ഏതെങ്കിലും മുസ്ലീം ആയിരിക്കും മത്സരിക്കാന്ന് കേള്‍ക്കുന്നു. ഒല്ലൂരിലേ കാര്യം ഓര്‍ക്കുമ്പോളേ ഓര്‍മ്മ പോകും. അത്രയധികം ക്രിസ്ത്യന്‍ നാമധാരികള്‍ നാമനിര്‍ദ്ദേശപത്രിക നല്‍കാന്‍ ക്യൂവാണെന്ന് കേള്‍ക്കുന്നു. ദാ വരുന്നു കുന്ദംകുളം പാലിശ്ശേരിയെ പരാജയത്തിന്റെ പാല്പായസം കുടിപ്പിക്കാം എന്ന് കരുതി അവിടേക്ക് അങ്കത്തിനായി ആള്‍ക്കാര്‍ പുറപ്പെട്ടിട്ടുണ്ട്. പക്ഷെ പാലിശ്ശേരി പണിയറിയാവുന്ന ആളായതൊണ്ട് പരിപാടികള്‍ നേരത്തെ തുടങ്ങീന്നാണ് പലരും പറയുന്നത്. മാര്‍ക്കിസ്റ്റുപാര്‍ടിയില്‍ പാദസേവയും പാരവെക്കലും പൊതുവിലെ കുറവായതോണ്ട് പാലിശ്ശേരിയുടെ കാര്യം പാര്‍ടി തീരുമാനിക്കും. ഇനിയിപ്പോള്‍ ഇരിങ്ങാലക്കുടയാണ്. മണ്ഡലത്തില്‍ മാര്‍ക്കറ്റില്ലെങ്കിലും മുന്നണി മര്യാദയുടെ പേരില്‍ മാണിസാറിന്റെ പാര്‍ടിക്ക് തന്നെ കൊടുക്കുമായിരിക്കും. തൊടുപുഴയില്‍ നിന്നും തുടലും പൊട്ടിച്ച് തല്ലും തകരാറുമായി തലതെറിച്ചവര്‍ ട്രാന്‍സ്പോര്‍ട് ബസ്സില്‍ വന്നിറങ്ങുമോന്ന് ഇരിങ്ങാലക്കുടക്കാര്‍ക്ക് ഇപ്പോള്‍ സന്ദേഹം ഇല്ലാതില്ല.   മണി മത്സര രംഗത്ത് മാറ്റുരയ്ക്കുവാന്‍ മാര്‍ക്കിസ്റ്റുപാര്‍ടിയുടെ സ്വതന്ത്ര കുപ്പായമണിഞ്ഞിറ ങ്ങുംമെന്നൊരു ന്യൂസ്  ചാലക്കുടിപുഴയുടെ കുഞ്ഞോളങ്ങളില്‍ തത്തിക്കളിക്കുന്നുണ്ട്. മത്സരിക്കുന്നത് മണിയാണേല്‍ മണ്ഡലത്തില്‍ സാവിത്രേച്ചിയോ ബെന്നി ബെഹനാനോ മത്സരിച്ചാലും മോശമല്ലാത്തൊരു മത്സരം കാണാനാകും. 

ഖദറിനു കഞ്ഞിപിഴിയാന്‍ കഴിവില്ലാത്തവന്‍ വരെ ഇപ്പോള്‍ കയ്യില്‍  കൊള്ളാവുന്ന മൊബൈലും പോക്കറ്റില്‍ പെടക്കണ ഗാന്ധിയുമായി കാറില്‍ വിലസാന്‍ തുടങ്ങിയിരിക്കുന്നു. ഖാദിബോര്‍ഡിനി കാലം തെളിഞ്ഞൂന്ന് പറഞ്ഞാല്‍ മതി. ആരെങ്കിലും മത്സരിക്കാന്‍ പോണൂന്ന് കേട്ടാല്‍  ഖാദികൊണ്ട് ഷര്‍ട്ടും കോണകവും വരെ അണിഞ്ഞ് അണികളായും അളിയന്മാരായും അയലോക്കക്കാരായും  ആളുകള്‍ അടുത്തുകൂടും. എന്തായാലും രാമനിലയത്തിന്റെ രണ്ട് കിലോമീറ്റര്‍ റേഞ്ചില്‍ സ്ഥാനാര്‍ഥിക്കുപ്പായം തുന്നിയവരുടേയും അവരുടെ തുണി തിരുമ്മാന്‍ നടക്കണോര്‍ടെം തിക്കും തിരക്കുമാണ്. പണ്ട് കിങ്ങില്‍ പറയണ പോലെ കോണകം തിരുമ്മി നടന്നവര്‍ കേന്ദ്രമന്ത്രിമാരാകുമോ? കാത്തിരുന്നു കാണാം കോണ്‍ഗ്രസ്സാണോ അതോ വി.എസ്സാണൊ വീണ്ടും വരിക എന്ന്.

Saturday, February 12, 2011

അസാഞ്ചേക്ക് ലീക്സ് ഉണ്ണികള്‍



അസാഞ്ചേ ആളത്ര മോശക്കാരനല്ലാന്ന് ആദ്യം അമേരിക്കക്കുതന്നെ പിടികിട്ടി പിന്നെ ആഗോളതലത്തിലുള്ളവര്‍ക്കും. വിക്കീലീക്സ് വഴി  അങ്ങോളമിങ്ങോളം ഉള്ള അമെരിക്കന്‍ എംബസ്സിക്കാര്‍ ആരെപറ്റിയെന്തൊക്കെ പറഞ്ഞൂന്നുള്ളതൊക്കെ അങ്ങാടിപ്പാട്ടാക്കിക്കൊണ്ട് അവര്‍ക്കിട്ട് നല്ല എട്ടിന്റെ പണിതന്നെ ചുള്ളമണി കൊടുത്തു. അസാഞ്ചസ്സിന്റെ വെളിപ്പെടുത്തല്‍ അക്ഷാര്‍ത്തത്തില്‍ അര്‍ദ്ധരാത്രിക്ക് സൂര്യന്‍ ഉദിച്ച അവസ്ഥയായി, അമേരിക്ക ആകെ അങ്കലാപ്പിലായി. രണ്ട് പെണ്ണുങ്ങള്‍ അസാഞ്ചെ തങ്ങളുമായി ബന്ധപ്പെടുമ്പോള്‍ മര്യാദപാലിച്ചില്ലെന്നും പറഞ്ഞ് കൊടുത്ത കേസില്‍ അറസ്റ്റുചെയ്തു അകത്താക്കി അതോണ്ടൊന്നും അവന്‍ ഒതുങ്ങുന്ന മട്ടില്ല. ജ്യാമ്യമെടുത്ത് പുറത്തുവന്നു. 

ഇമ്മടെ  സായ്ബ് ചെയ്തപോലെ ദാ അവന്‍ (അളിയന്‍) ഇന്നെ പറ്റി ഇങ്ങനെ ഒക്കെ പറയാന്‍ ഇടയുണ്ട് ഇങ്ങളാരും അത് വിശ്വസിക്കരുതെ കേട്ടാ..... ആളു ശരിയല്ല. അപ്പടി നൊണ്യാണ് പറയാന്‍ പോണത്..... എന്നൊക്കെ പറയാന്നുവച്ചാല്‍ രേഖകള്‍ വിക്കീ ലീക്സായി അതോണ്ട് ഇനി വിക്കി വിക്കിപറയാന്‍ പോലും അമേരിക്കക്ക് പറ്റില്ല. 

ഇന്നലെ വരെ ഇമ്മളാരും അറിയാതെ ഇരുന്ന അസാഞ്ചേ ആളൊരു ഇന്റര്‍നാഷ്ണല്‍ ഫിഗറായി. ആരായാലും അയാള്‍ക്കൊരു വീക്നെസ്സൊക്കെ ഉണ്ടാകും എന്നത് അറിയാമല്ലോ  അധികം കാത്തിരിക്കും മുമ്പ്തന്നെ ആവഴിക്ക് ദാണ്ടെ ഒരു വെളിപ്പെടുത്തല് വന്നു‍. വിക്കീലീക്സ് കൂടാതെ അസാഞ്ചെ വേറെയും ചില വീക്‍നെസ്സും ലീക്സും ഉണ്ടായിട്ടുണ്ടെന്നും അങ്ങിനെ ലീക്കായ വകയില്‍ ഉണ്ണികള്‍ ഉണ്ടെത്രെ!! ഒന്നും രണ്ടുമല്ല  അസാഞ്ചേക്ക് അവിടേം ഇവിടെയുമായി  നാലു അവിഹിത സന്തതികള്‍ ഉണ്ടെന്നാണ് ലേറ്റസ്റ്റായി ലീക്കായ വിവരം. അവസാനത്തെ സന്തതിക്ക് ആറുമാസമാണത്രെ പ്രായം. ഇതൊക്കെ അങ്ങേരുടെ കൂടെ ഉണ്ടായിരുന്ന പിന്നെ കൂട്ടം പിരിഞ്ഞു പോയ മുന്‍ വക്താവ് ഡാനിയല്‍ ഡോംഷിറ്റ് ബെര്‍ഗ് എന്ന  ഒരു കുഞ്ഞാടിന്റെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന പുസ്തകത്തിലെ കുമ്പസാരമാണ്. എല്ലാ ഭൂഖണ്ഡത്തിലും ഒട്ടേറെ അസാഞ്ചുമാര്‍ ഉണ്ടാകുന്നത് ചുള്ളനിഷ്ടമാണെന്ന് ഇടയ്ക്കിടെ പറയാറുണ്ടെത്രെ!!.  അളിയനായാലും അനുയായിയായാലും അറിയാന്‍ പാടില്ലാത്ത അറിഞ്ഞാല്‍ അതെപ്പോളെങ്കിലും അവസരം നോക്കി അങ്ങ് അലക്കും എന്നത് ഒരു ഗ്ലോബല്‍ സംഗതിയാണ്. അതോണ്ട് അവിഹിതത്തിനും അനാശാസ്യത്തിനു പോകുമ്പോള്‍ ഇമ്മാതിരി ഐറ്റംസിനെ അറിയിക്കാതെ പോകുക. എന്തായാലും അസാഞ്ചേയുടെ ആഗ്രഹം  ശാന്തേച്ചി കേള്‍ക്കണ്ട  എനിക്കും വേണം ഒരു വിക്സ് ലീക്കുണ്ണിയെന്നും പറഞ്ഞ് പുറകെ പോകും. 

Friday, February 11, 2011

പിള്ളസാറിനു പത്മശ്രീ നല്‍കരുതോ?


അഴിമതി രജ്യദ്രോഹമാണെന്നും രാജ്യത്തിന്റെന്റെ  ഖജനാവ് കൊള്ളയടിക്കലാണെന്നും ഒക്കെയായിരുന്നു വാക്കേറു ഇന്നലെ വരെ വിശ്വസിച്ചിരുന്നത്.  എന്നാല്‍ ദാണ്ടെ ഇമ്മടെ പിള്ളച്ചേട്ടന്‍ പറഞ്ഞപ്പോളാ സംഗതി അങ്ങിനെയൊന്നുമല്ലാന്ന് പിടികിട്ടിയത്.  അദ്ദേഹം ഇപ്പോള്‍ അഴിമതിക്കേസില്‍ ശിക്ഷവാങ്ങി ജയിലില്‍ പോകൂന്നത് രാജ്യത്തിനു വേണ്ടിയാണെന്നാണ് പറഞ്ഞുകേള്‍ക്കണത്. അതു നേരാ രാജ്യത്തിനു വേണ്ടി പണ്ട് മഹാത്മാഗാന്ധിയും നെഹൃവും ഭഗത് സിങ്ങും ഒക്കെ ജയിലില്‍ കിടന്നിട്ടുണ്ടല്ലോ.   വാക്കേറു മാത്രമല്ല അഴിമതി ഒരു കുറ്റമാണെന്നും അഴിമതിക്കാരെ ശിക്ഷിക്കണം എന്നും കോടതിയും അങ്ങിനെ തന്നെ ആകണം ധരിച്ചിരിക്കുന്നത്. അല്ലെങ്കില്‍ പിള്ളേച്ചനെ ശിക്ഷിക്കുകയില്ലായിരുന്നല്ലോ? അങ്ങേരു അടുത്ത ഇലക്ഷനില്‍ മത്സരിച്ച് ജയിച്ച് വീണ്ടും “രാജ്യസേവനം“ നടത്തേണ്ടതായിരുന്നു അതു നഷ്ടമായി. പത്തിരുപത് കൊല്ലം മുമ്പ് രാജ്യത്തിനു വേണ്ടി അല്ലറ ചില്ല്ലറ അഡ്ജസ്റ്റുമെന്റ് ചെയ്യാന്‍ ചങ്കൂറ്റം കാണിച്ച പിള്ളസാര്‍ ഇപ്പോള്‍ എന്തൊക്കെ ചെയ്തേനെ. അങ്ങിനെ നോക്കുമ്പോള്‍ കനത്ത നഷടമാണ് നാട്ടുകാര്‍ക്കുണ്ടായതെന്ന് പറയേണ്ടതില്ലല്ലോ?

നമ്മുടെ നാട്ടില്‍ പോക്കറ്റടിച്ചവനെ പെട്ടന്ന് ശിക്ഷിക്കും അഴിമതി നടത്തിയ പക്ഷെ പാര്‍ടിക്കാരനെ ശിക്ഷിക്കണേല്‍ പലപ്പോഴും പത്തിരുപത് കൊല്ലം കഴിയണം. ദാണ്ടെ നിരവധി കൊല്ലത്തെ വിചാരണക്കോടുവില്‍ കീഴ്ക്കോടതി “തെറ്റിദ്ധാരണയുടെ” പേരില്‍ പിള്ളസാറിനെ അഞ്ചുവര്‍ഷം ശിക്ഷിച്ചു. അതു പക്ഷെ അപ്പോളേ അപ്പീലു പോയി അതിലെ ആള്‍ക്കാരൊക്കെ ഡീസന്റായി പുറത്തിറങ്ങി. എന്തയാലും  ഈ അലമ്പ്  കേസ്‌കെട്ട്  കെട്ടിപ്പൂട്ടുവാന്‍ കോണ്‍ഗ്രസ്സിന്റെ സര്‍ക്കാരിന്റെ കാലത്ത് നിശ്ചയിച്ചതാ‍ണത്രെ. അപ്പോളുണ്ട്രാ ഇമ്മടെ അച്ച്യുതാന്ദന്‍ സഖാവ് “ വിടില്ല... വിടില്ല... ഞാന്‍... അഴിമതി നടത്തണ ഒരുത്തനേയും...” എന്ന ലൈനില്‍ കേസുകെട്ടുമായി കോടതി കയറി. കൊള്ളാവുന്ന വക്കീലിനെ വച്ച് കോടതി കയറാന്‍ സഖവിനു കാശെവിടുന്നാന്ന് കുശുമ്പന്മാരും കുത്തിത്തിരുപ്പരും ചോദിച്ചു.

അഴിമതിക്കാര്‍ക്കെതിരെ അങ്ങോട്ടും ഇങ്ങോട്ടും ആരോപണം ഉന്നയിക്കുക എന്തെങ്കിലും ഒരു അന്വേഷണത്തിനുത്തരവിടുക അടുത്ത ഭരണം വരുമ്പോള്‍ അതൊക്കെ കെട്ടിയൊതുക്കി പരണത്ത് പണ്ടാരമടങ്ങുക എന്ന രാഷ്ടീയക്കാര്‍ക്കിടയിലെ പൊതു മാന്യതയും ധാരണയും തെറ്റിച്ച് അച്ചുതാനന്ദന്‍ സഖാവ് പിള്ളേച്ചനെ വെള്ളം കുടിപ്പിക്കുവാന്‍ ഇറങ്ങിയപ്പോള്‍ സംഗതി പാളി. കേസു വിളിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാതിരിക്കുക, കേസു നീട്ടുവാന്‍ പറ്റുമോന്നു നോക്കുക തുടങ്ങി ഒരു   സര്‍ക്കാര്‍ വക്കീലിനെ കോണ്ടാകാവുന്ന കാര്യം വരെ ചെയ്തു, സ്നേഹപൂര്‍വ്വം സഖാവേ കേസില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടലോ പിന്നെ എന്തിനാ ഇത്ര തിക്കും തിരക്കും എന്നും പുറത്തുനിന്നും പലരും പറഞ്ഞു. വേണ്ട്രാ വേണ്ട്രാ തൃശ്ശൂക്കാര്‍നെ പുലിക്കളി പഠിപ്പിക്കണ്ട്രാന്നുള്ള ലൈനില്‍ സഖാവ് മുന്നോട്ട് തന്നെ. അദ്ദേഹം കൊള്ളാവുന്ന വക്കീലിനെ വച്ച് കൃത്യമായി കടലാസും രേഖകാളും ഹാജരാക്കി കേസു നടത്തി. അതോടെ പിള്ളേച്ചന്‍ പരുങ്ങലിലായീന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒടുക്കം പണിയും കിട്ടി.

അഴിമതിക്ക് അരീടത്രയും പഞ്ഞമില്ലാത്ത ഒരു രാജ്യത്ത് അയന്റെ കണക്കിന്റേം കാര്യത്തിന്റെം പുറകെ പോയാല്‍ പ്രാന്താകും. ദാണ്ടെ ടെലികോം കുമ്പകോണക്കേസില്‍ നമ്മുടെ രാജാസാഹിബ് അഴിമതിയുടെ പേരില്‍ അകത്തിരിക്കുന്നു. പിള്ളസാറിന്റെ ഭാഷ ലോണെടുത്താല്‍ അങ്ങേരും രാജ്യത്തിനു വേണ്ടി അകത്തിരിക്കുന്നു എന്ന് വേണേല്‍ പറയാം. അത് അന്യായ കോടികളുടെ കാര്യത്തില്‍ ആണെങ്കില്‍ ഇതു ചുമ്മാ ഒരു രണ്ടരക്കോടിയുടെ വിഷയത്തിലാണ് . അഴിമതിക്ക് തന്നെ അവമതിയുണ്ടാക്കുന്ന ഒരു തുക.

അമേരിക്കയില്‍ ഡേടിങ്ങ് നടക്കണത് സാധാരണമാണെന്ന് പറയണപോലെ ഇമ്മടെ നാട്ടില്‍ അഴിമതി ഒരു സാധാരണ സംഗതിയാണ്. അതില്ലാത് പാര്‍ടിക്കും ആള്‍ക്കാര്‍ക്കും ഏതാണ്ടൊരു നാണക്കേടു പോലെ ആയിരിക്കുന്നു. അഴിമതിക്കേസുകള്‍ കോടതിയില്‍ എത്തണത് തന്നെ അഞ്ചാണ്ടില്‍ ഒരെണ്ണം എന്ന തോതിലാണ് അതിലൊക്കെ ശിക്ഷിക്കപ്പെടുക എന്നത്  അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് (കയ്യു കഴക്കും അപൂര്‍വ്വം എന്നെഴുതീട്ട്). ആനിലക്ക് ആദ്യമായി ഒരു മുന്‍ മന്ത്രിയെ ജയിലില്‍ കേറ്റുന്ന ക്രൂരകൃത്യം അച്യുതാനന്ദന്‍ നടത്തി ക്രെഡിറ്റ് എടുത്തിരിക്കുന്നു. അങ്ങേരല്ലേലും രാഷ്ടീയക്കാര്‍ക്കിടയില്‍ അപൂര്‍വ്വമായ ഒരു പ്രതിഭാസം ആണല്ലോ. ഇമ്മടെ ലീഡര്‍ജി അവസാനകാലത്ത് അവശനായി കെടക്കണ കെടപ്പിലും പാമോയില്‍ കേസുമായി കോടതി കയറായിരുന്നു സഖാവ്. ശത്രുവാണേലും എതിര്‍ പാര്‍ടിക്കാരനാണേലും (രാഷ്ടീയക്കാര്‍ക്കിടയില്‍ എതിരും അതിരും ഒക്കെ ഒരു സങ്കല്പം അല്ലേ സാമീ) ഒരു രാഷ്ടീയക്കാരനെ ശിക്ഷിക്കാന്‍ മാത്രം കടും പിടുത്തം ഇങ്ങേര്‍ക്ക് മാത്രേ ഉണ്ടാകൂ. അഴിമതിക്കാര്‍ക്കെതിരെ ഒരയവും ഇല്ലാണ്ടെ അതുമിതും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനു കിട്ടീലോ പാര്‍ടീലെ പോളിറ്റ് ബ്യൂറോന്ന് പുറത്താക്കി. എന്നിട്ടു നേരെ ആയോ ദാണ്ടെ പിറ്റേന്ന് നേരെ പിള്ളാച്ചനെതിരെ കേസുമായി കോടതിയില്‍. ഇപ്പോ ദാ ഇമ്മടെ ശശിമൂപ്പര്‍ടെ കാര്യം പത്രക്കാര്‍ക്കും മുമ്പില്‍ പത്രാ‍സോടെ പറഞ്ഞിട്ടുണ്ട്. അതിനുള്ളത് വേറെ വരും. ഈ നെലക്ക് പോയാല്‍ നടപടിയെടുത്ത് നടപടിയെടുത്ത് പാര്‍ടി ഒരു വഴിക്കാകും.  അതു പോട്ട് അതവരുടെ വിഷയം.

പാവം പിള്ളസാര്‍ പത്തുപതിനാലു വയസ്സുമുതല്‍ അതായത് പിള്ളരുകളിയുടെ പ്രായം  മുതല്‍ രജ്യത്തിനു വേണ്ടി രാഷ്ടീയക്കാരന്റെ കുപ്പായമിട്ട് കഷ്ടപ്പെടാണ്. ഒരു ചെക്കന്‍ ഉള്ളതിനേയും പിടിച്ച് രാഷ്ടീയത്തിലിറക്കി. ഖജനാവിനു നഷ്ടമുണ്ടായിട്ടും രാജ്യത്തിന്റെ നന്മയെ മാത്രം മുന്നില്‍ കണ്ട് ടെന്റര്‍ തുക ഇരട്ടികളാക്കികോണ്ട്രാക്ട് കൊടുത്തു. ഇത്രയൊക്കെ ചെയ്ത ആ മാത്മാവിനെയാണ് ദാണ്ടെ ഈ 76 ആം വയസ്സില്‍ പിടിച്ച് ജയിലില്‍ ഇടാന്‍ പോണത്. അഴിമതിയും രാഷ്ടീയവും ഒരമ്മപെറ്റ മക്കളേക്കാള്‍ അടുപ്പക്കാരാണ്. ആ നിലക്ക് അദ്ദെഹത്തെ കുറ്റം പറയുവാന്‍ ഒക്കുമോ? ജയറാമിനു വരെ പതമശ്രീ നല്‍കിയ നാടാണ് എന്നിട്ട് ഇത്രയും ത്യാഗം ചെയ്ത ഈ മഹാത്മവിനെ മാത്രം നമ്മള്‍ മാനിക്കുന്നില്ല. എത്രയും പെട്ടെന്ന് അദ്ദേഹത്തിനു ഒരു പത്മ നല്‍കണം എന്നേ വാക്കേറിനു ആദ്യം തന്നെ പറയാന്‍ ഉള്ളൂ.

Tuesday, February 8, 2011

സര്‍വ്വകലാശാലയില്‍ ക്യമ്പസ്സ് നീലചിത്രം



സര്‍വ്വകലാശാല എന്നു പറയുമ്പോള്‍ തന്നെ അതില്‍ സര്‍വ്വ കലകളുടേയും ശാല എന്ന് ബോധം ഉള്ളവര്‍ക്ക് മനസ്സിലാകും. കാമകല എന്നു പറയുമ്പോള്‍ കാമം ഒരു കലയാണെന്നും ആര്‍ക്കും മനസ്സിലാകുവാന്‍ ബുദ്ധിമുട്ടില്ല.  അപ്പോള്‍ സര്‍വ്വകലാശാലയില്‍ അല്പം കാമകലയൊക്കെ ആകാം എന്ന് കരുതിയവരെ കുറ്റം പറയാന്‍ പറ്റുമോ? അറിവുകള്‍ ആര്‍ജ്ജിക്കുവാനും ആര്‍ജ്ജിച്ചവ അന്യര്‍ക്ക് പകര്‍ന്നുകൊടുക്കാനും ആണല്ലോ ആള്‍ക്കാര്‍ ശ്രമിക്കേണ്ടത്. ആ നിലക്ക് ദാണ്ടെ സര്‍വ്വകലാശാലയില്‍ ചിലര്‍  ചേര്‍ന്ന് ഒരു നീലചിത്രം അതായത് മറ്റവന്‍ ബ്ലൂ ഫിലിം അതേന്ന് ഇമ്മടെ ബ്ലൂ എടുത്തൂന്നുള്ളതും എടുത്ത മൊതല്‍ പുറത്തായീന്നുള്ളതും ഇത്രവലിയ അപരാധം ആണോ? ഇമ്മടെ j.എന്‍.യു ഇല്ലേ. ഓ പുറത്തെക്ക് വലിയ ബുജികള്‍ടെ ഒക്കെ സര്‍വ്വകലാശാലയെന്നാണ് പറച്ചില്‍ എന്തൊ ആകട്ടെ. അവിടെ ദാണ്ടെ ഒരു പുതിയ പൊല്ലാപ്പും പുകിലും പുകയുമൊക്കെ ഉണ്ടായിരിക്കുന്നു. പണ്ടൊക്കെ വല്യ വിപ്ലകരമായ ചിന്തകളുടേയും സമരങ്ങളുടേയും പേരില്‍ ആയിരുന്നു പ്രസിദ്ധിയെങ്കില്‍ ഇന്ന് ദാണ്ടെ വാര്‍ത്തയില്‍ വന്നത്  നീലചിത്രത്തിന്റെ പേരില്‍ ആണെന്നു മാത്രം.

ഇത് ക്യാമ്പസ് സിനിമകളുടെ കാലം ആണല്ലോ. ഇമ്മടെ കേരളത്തില്‍ എന്തിനു കേരളവര്‍മ്മയില്‍ വരെ ക്യാമ്പസ് സിനിമ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ അതില്‍ ഒരു വല്യ പുതുമ ഒന്നും ഇല്ല. അപ്പോള്‍ അങ്ങ് ജെ.എന്‍.യുവിലെ ഏതാനും ചുള്ളന്മാരും ചുള്ളത്ത്യോളും ചേര്‍ന്ന് അവിടെ പഠിക്കുന്ന പെണ്‍കൊച്ചിനെയും വച്ച് ഒരു ക്യാമ്പസ് നീലന്‍ അങ്ങട് പൂശി. ഇമ്മിണി വല്യ ക്യാമറയൊക്കെ വച്ച് ചിത്രീകരിക്കാന്‍ ഉള്ള ശേഷി ഇല്ലാഞ്ഞിട്ടോ എന്തോ ഒരു ചുള്ളമണിയുടെ ലാപ്‌ടോപ്പ് ക്യാം വച്ചാണ് എടുത്തതത്രെ. ഹോസ്റ്റലില്‍ ആയിരുന്നു ലോക്കേഴനെന്നും കേള്‍ല്‍ക്കുന്നു.  സംഗതി പുറത്തിറങ്ങി  വില്പനവരെ ആയി. വിതരണത്തിനിടയില്‍ സംഗതി അധികൃതരുടെ ശ്രദ്ധയിലും പെട്ടു. അയ്ന്ന്റെ എടേല്‍ അസൂയകൊണ്ടോ എന്തോ  ചിലര്‍ ചേര്‍ന്ന് ക്യാമ്പസ് നീലചിത്രത്തിലെ ഒരു അഭിനേതാവിനെ പിടിച്ചിട്ട്  നടുമ്പുറത്തിനു പൂശീന്നും കേള്‍ക്കുന്നു.

സ്ക്രിപ്റ്റൊന്നും ഇല്ലാതെ തന്നെ സൂപ്പര്‍ ഹിറ്റായ ഇതിനെ ക്യാമ്പസ് ബ്ലൂഫിലിം സിനിമ എന്ന കറ്റഗറിയില്‍ പെടുത്തേണ്ട സംഭവത്തെ പലരും അപലപിക്കാനും ആപല്‍ക്കരമായ കാര്യമെന്നു പറയാനും വന്നിരിക്കുന്നു. എന്തായാലും മൊബൈല്‍ ഫോണും, ഡിജിറ്റല്‍ക്യാമറയും ഒക്കെ ചേറ്ന്ന് ഈ നെലക്കു പോയാല്‍ ഗതികെട്ട് ഒടുക്കം നീലചിത്രനിര്‍മ്മാണത്തില്‍ ബിരുധമോ ബിരുധാനന്തര ബിരുധമോ ഒക്കെ നല്‍കേണ്ട കാലം അതി വിദൂരമല്ലാതാകുമോ?

Thursday, February 3, 2011

ഐസ്ക്രീം റിയാലിറ്റി ഷോ എപ്പ വരും?



റ്റാറ്റാ നാനോയിടെ പരസ്യത്തില്‍ ബാല്‍ക്കണിയില്‍ നിന്നു അക്ഷമയോടെ അച്ചമ്മയോട് എപ്പവരും എന്ന് ചോദിക്കണ ക്ടാവിന്റെ അവസ്ഥയിലാ‍ണ് വാക്കേറും വാക്കേറിനെ പോലെ ചിന്തിക്കുന്ന ചിലരും. മുന്‍സിപ്പാലിറ്റി ഓടയുടെ നാറുന്ന പരിസരത്തുള്ള തട്ടുകടയിലെ  ചൂടുള്ള കപ്പയും ബോട്ടിയും അടിക്കണ അതേ ഫീലിങ്സിലാണ് ടി.വിയുടെ മുമ്പില്‍ ഇരുന്ന് ഇക്കാന്റെ റിയാലിറ്റി വര്‍ത്താനം കേള്‍ക്കുമ്പോള്‍. പക്ഷെ എപ്പ വരും എപ്പ വരും എന്ന ആകാംഷയാണ് മനസ്സില്‍ എപ്പോളും. പരസ്യത്തിന്റെ ബോറടി അധികം ഇല്ലാന്നുള്ളത് നേരെന്നെ പക്ഷെ ഈ കുത്തിയിരിപ്പിന്റെ ബോറടി മാറുന്നില്ല. അങ്ങേരു കായ് കൊടുത്തേന്റെയും കേസട്ടിമറിക്കാന്‍ കോട്ടിട്ടവരെ കണ്ടേന്റെയും കാര്യമേ പറയുന്നുള്ളൂ. അതോണ്ടായില്ലല്ലോ. ഒരല്പം എരിവും പുളിയും ഒക്കെ വേണ്ടെ? ഏത്..ബിരിയാണീന്റൊപ്പം രസം അതാ സ്റ്റൈലെന്ന് പറയണപോലെ കേസൊതുക്കലിന്റൊപ്പം  അളിയന്റെ ലീലാവിലാസങ്ങള്‍ കൂടെ.

അളിയന്റെ അന്തിക്കളികളിലെയും അന്തപുരകേളികളിലേയും അപ്രകാശിതമായ കാര്യങ്ങള്‍ വല്ലതും അറിയുമോ ഈ അളിയന്? അങ്ങിനെ അറിയാമെങ്കില്‍ ദേ ഇനിയും അത്  പഴയ “മാനസീകരോഗി” സീരിയല്‍ പോലെ നീട്ടതെ അങ്ങ് പറയൂ പ്ലീസ്. അതല്ലേല്‍ ഒരു പുസ്തകമായി എഴുതിയിറക്കിയാലും മതി കേട്ടോ. അളിയന്റെ ആത്മ കഥയെന്നോ അളിയന്റെ അസ്ലീലകഥയെന്നോ ഒക്കെ ഒരു ടൈറ്റില്‍ കൊടുത്ത് ഇറക്കിയാല്‍ അന്യായ ചിലവായിരിക്കും. ഇന്നിപ്പോള്‍ ഇരുപത്തയ്യായിരം കോപ്പിയാണ് “ഗോഡ് ഓഫ് സ്മോള്‍ തിങ്ക്സിന്റെ” മലയാള പരിഭാഷയെങ്കില്‍ ഇമ്മക്ക് ഒരു അമ്പതിനായിരം തന്നെ അങ്ങ്ട് കാച്ചാം. അണ്ണാച്ചി എയ്ന്തിരന്റെ ഓഡിയോ കാസറ്റ് വിറ്റുപോണേലും സ്പീഡില്‍ അളിയന്റെ ഐക്രീം കഥകള്‍ ഇവിടെ വിറ്റുപോകും. അല്ല അയ്‌ന്റെ എടേല് ഇങ്ങള്‍ക്ക് മലയാളം എഴുതാനും ബായിക്കാനും അറിയില്ലാന്ന് പറയുന്നത് കേട്ടു. പക്ഷേങ്കില് ഇങ്ങടെ ഇംഗ്ലീഷ് ഉസാറാ‍ണ് കേട്ടാ‍. അപ്പോള്‍ പിന്നെ അയ്‌ലുമതി. ഇംഗ്ലീസില്. അതാകുമ്പോള്‍ മറ്റേ കാര്യങ്ങള്‍ മടികൂടാതെ എയ്താനും പറ്റും മാത്രമല്ല മട്ടമ്പോലെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തെം ചെയ്യാം.

ഇങ്ങളിങ്ങനെ എടയ്ക്കെടക്ക് വന്ന്  ഇങ്ങനെ പറയണേന്റെ എടേല് ഒരു എസ്.എം.എസ്സൊക്കെ അയക്കാന്‍ ആള്‍ക്കാരോട് ആവശ്യപ്പെട്ടൂടെ. കുട്ടിയളിനെ പറ്റി കൂടുതല്‍ പറയണമെങ്കില്‍ നിങ്ങളുടെ സപ്പോര്‍ട് കൂടിയേ തീരൂ. അയ്ന് എസ്.എം.എസ് നിര്‍ത്താണ്ടെ അയക്ക ഫോര്‍മാറ്റ് <അളിയന്‍ സ്പേസ് ഐസ്ക്രീം സ്പേസ് കുട്ടി> എന്ന് പറഞ്ഞങ്ങ്ട് സംഗതി ഉഷാറാക്ക്‍ന്നേ. പിന്നെ ഒരു കാര്യം ഇതിങ്ങനെ അധികം  നീണ്ട് നിക്കുന്ന് തോന്നണുണ്ടാ. ഒരു പടക്കം പൊട്ട്യേപ്പോ പിള്ളാരൊക്കെ ആ വഴിക്ക് പോയി. കാറ്റുള്ളപ്പോള്‍ തൂറ്റണംന്ന് കാര്‍ന്നോന്മാര്‍ പറയണത് കേട്ടിട്ടില്ലേ.. അപ്പോ ബെക്കങ്ങ്ട് ആയ്ക്കോ.

അളിയന്‍ അവളുടെ അടിപ്പാവാടയുടെ അടിയിലൂടെ....ആള്‍ക്കാര്‍ രസംകേറി ഇരിക്കുമ്പോള്‍ ബാക്കി ഇങ്ങള്‍ കണ്ട് പിടിച്ചോണം എന്ന സ്റ്റൈലില്‍ ഇടയ്ക്കിടെ അങ്ങ്ട് കാച്ച്ന്ന്..ഏത്.

അയ്നും ഇയ്നൊക്കെ ഈ റിയാലിറ്റി ഷോ നടത്തണോര്‍ക്ക് ഈ‌യ്നൊരു റിയാലിറ്റി ഷോ അങ്ങ്ട് നടത്തിക്കൂടേ? അളിയന്റെ സ്റ്റാര്‍ സ്റ്റിങ്ങര്‍ എന്നൊ മറ്റോ ഒരു പേരും കൊടുക്കാം. വിജയിക്ക് ഒരു കോടി വിലയുള്ള ഒരു ഐസ്ക്രീം വാണീഭ കേന്ദ്രം സമ്മാനം. അനുയായികള്‍ ഒക്കെ അയ്യോ ടാ ഇത്‌ഇമ്മടെ പുലി ഐസ്ക്രീം ഇക്കയല്ലേ ഓരുക്കൊരു എസ്.എം.എസ്സ് അയക്കാന്ന് പറഞ്ഞ് ആവേശം കൊള്ളട്ടേന്ന്. അല്ലേലും അടുത്ത എലക്ഷനാകുമ്പോള്‍ അളിയന്റെ മണ്ഡലത്തിലെ ആള്‍ക്കാര്‍ക്ക് നല്ല കോളാണ്. എലക്ഷന്‍ പ്രഖ്യാപിക്കണ അന്നുമുതല്‍ ആള്‍ക്കാര്‍കൊക്കെ ആടുബിരിയാണി ആയിരിക്കും സ്പോണ്‍സര്‍ ചെയ്യണത്. അതുകാത്തിരിക്കണ ആള്‍ക്കാരുണ്ടെന്നാണ് തൃശ്ശൂര്‍ റൌണ്ടില്‍ സംസാരം. എന്തായാലും ഇങ്ങള് നേരം കളയാണ്ടെ പറയാനുള്ളത് വല്ലതും ഉണ്ടേല്‍ പറ. ഇമ്മടെ ശാന്തേച്ചിയും അത് കേള്‍ക്കാന്‍ കൊതിച്ചിരിക്കാണ്.