Friday, September 16, 2011

പടം പൊട്ടി പയ്യന്‍ പഠിക്കാന്‍ പോകുന്നൂത്രെ!!



അവസാനം ദാ അതും പൊട്ടി. തൃശ്ശൂര്‍ പൂരത്തിനു സാമ്പിള്‍ തയ്യാറാക്കണോരു അവനാന്റെ പണി മിണ്ടതിരുന്നു ചെയ്യും എന്നിട്ട് അതൊക്കെ നാട്ടുകാര്‍ക്ക് മുമ്പില്‍ അന്തസ്സായി അങ്ട് പൊട്ടിക്കും. ഈ ചുള്ളന്‍ പടം വരണേനു മുമ്പേ പടത്തിനെ പറ്റി എട്ടും പതിനെട്ടും നിലയില്‍ അന്യായ അലക്ക് അലക്കും. ഒടുക്കം പടം തീയേറ്ററില്‍ വരുമ്പോളോ ഇരുപത്തെട്ട് നിലയില്‍ പൊട്ടുകയും ചെയ്യും. പടം പൊട്ടുന്നത് പതിവായതോടെ പയ്യന്റെ നക്ഷത്ര പദവിയില്‍ തിളക്കം കുറഞ്ഞിട്ടുണ്ട്. ഇനി ജന്മ നക്ഷത്രത്തിന്റെ കുഴപ്പമാണോ അതോ വായിലെ നാവിന്റെ കുഴപ്പമാണോ എന്താണെന്ന് ആസ്ഥാന ജ്യോതിഷികളും അമ്മയുടെ അടുപ്പക്കാരും ഒക്കെ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ മര്യാദക്ക് ഇംഗ്ലീഷ് പറയാന്‍ അറിയുന്ന പയ്യനെ ഈ മലയാളത്തില്‍ ഇങ്ങനെ കെട്ടിപ്പൂട്ടി വക്കാതെ വല്ല ഹോളീ വുഡ്ഡിലേക്കും കയറ്റി വിടേണ്ട സമയം അധിക്രമിച്ചിരിക്കുനു. 

പയ്യന്റെ പടങ്ങള്‍ പലതും പൊട്ടുന്നുണ്ടെങ്കിലും പണം പ്രോഡ്യൂസറുടെ ആയതിനാലോ എന്തോ പയ്യന്റെ അഹങ്കാരത്തിനു അശ്ശേഷം കുറവില്ല. പയ്യന്റെ പടത്തിനേക്കാള്‍ പ്രേക്ഷകര്‍ക്കു പ്രിയം “രാജപ്പന്റെ“ കോമഡി തിരുകിയ ചെറിയ മൂവിക്കാണ്.ഇംഗ്ലീഷ് പറയാന്‍ അറിയണ പയ്യന്‍ ദാണ്ടെ തല്‍ക്കാലം പ്ഠിക്കാന്‍ പോകാത്രെ. സ്വാശ്രയ കോളേജിലോ അതോ സര്‍ക്കാര്‍ കോളേജിലോ എന്ന് സഖാക്കള്‍ നോക്കേണ്ട. വല്യ നേതാവിന്റെ മോന്റെ പോലെ ഇന്ത്യക്ക് വെളിയിലോട്ടാണത്തെ പയ്യന്‍ പോണത്. എന്ത് പഠിക്കണം എങ്ങിനെ പഠിക്കണം എന്നൊക്കെ പറഞ്ഞു കൊടുക്കാന്‍ പറ്റിയ ഒരാള്‍ കൂടെയുള്ളതുകൊണ്ട് പയ്യനു പ്രശ്നമില്ല. പണ്ട് പഠിക്കാന്‍ പോയോടത്തുനിന്നും പാതിവഴിയില്‍ നിര്‍ത്തിപ്പോന്നിട്ടാണ് പടത്തില്‍ കയറിയത്. എന്തായാലും പയ്യന്റെ സമയഗുണം കോണ്ട് പയ്യെ പയ്യെ അങ്ങ് പിടിച്ചു കയറി. പറഞ്ഞിട്ടെന്താ ഒടുക്കം പലതും പറഞ്ഞ് പ്രേക്ഷ്നെ വെറുപ്പിച്ച് കളഞ്ഞു. എന്തായാലും പയ്യന്‍ പോയി നാലക്ഷരം പഠിച്ചില്ലേലും പബ്ലിക്കിനോട് പത്തു വര്‍ത്താ‍നം പറയാനെങ്കിലും പഠിക്കട്ടെ. 

വായ്‌നാറ്റമൊഴിവാക്കാന്‍ വല്ല കോള്‍ഗേറ്റോ കോറെക്സോ വാങ്ങി വാ വൃത്തിയാക്കാം, എന്നാല്‍   വാ തുറന്ന് പറയുന്നത് വയ്യാവേലിയാകുന്ന കാലത്ത് വല്ല ഗുളികനും വായ്ക്കകത്തിരിക്കുന്നുണ്ടോ എന്ന് നോക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ മിക്കവാറും ഈ നെലക്ക് പോയാല്‍ ഇനി “പുറത്തേക്കുള്ള വഴി” ആകും അടുത്ത പടം.