Monday, March 19, 2012

മദ്യപര്‍ക്ക് മാണിയുടെ ഇരുട്ടടി

അരിക്കു വിലകൂടിയാലും അരക്കുപ്പി റമ്മിനു വിലകൂടരുതേ എന്നാണ് ബഡ്ജറ്റിന്റെ നേരത്ത് കേരളത്തിലെ കുടിയന്മാരുടെ പ്രാര്‍ഥന പറഞ്ഞിട്ടെന്താ റെയില്‍‌വെ ബഡ്ജറ്റില്‍ മലബാറിന്റെ പ്രതീക്ഷ പോലെ എല്ലാം അസ്ഥാനത്തായി. ലക്ഷോപലക്ഷം കുടിയന്മാരുടെ പ്രാര്‍ഥനകളെ നിരാകരിച്ചും പ്രത്യാശയെ പാടെ തല്ലിക്കെടുത്തിയുമായി മാണിച്ചായന്റെ ബഡ്ജറ്റ്. ഉള്ളതു പറഞ്ഞാല്‍ കേരളത്തില്‍ മദ്യപാനികള്‍ക്കും പുകവലിക്കാര്‍ക്കും ഇരുട്ടടി നല്‍കുന്നതാണ് പാലായിലെ മാണിക്യമായ കെ.എം.മാണി അവതരിപ്പിച്ച ബഡ്ജറ്റ്. ധാന്യങ്ങള്‍ പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകുറച്ചുവെന്നാണ് മാണിസാര്‍ മന്ദസ്മിതം തൂവിക്കൊണ്ട് മലയാളിയോട് പറയുന്നത്. അരികഴിഞ്ഞാല്‍ പിന്നെ മലയാളിയുടെ നിത്യോപയോഗസാധനമായി മാറിയ മദ്യത്തെ കുറിച്ച് മാണിസാറിനു അറിവില്ലാത്തതാണോ അതോ മതിപ്പില്ലാത്തതാണോ എന്നറിയില്ല. മദ്യപാനം മാന്യമാണെന്ന് മലയാളി തത്വത്തില്‍ അംഗീകരിച്ച കാര്യമാണ്. മക്കള്‍ക്കും മരുമക്കള്‍ക്കും ഭാര്യക്കും എന്തിനു കൊച്ചുമക്കള്‍ക്കും ഒപ്പമിരുന്ന് ബോധം കെടുവോളം മദ്യപിക്കുന്നവര്‍. ഇതൊക്കെ അറിഞ്ഞിട്ടും മാണിസാര്‍ മദ്യത്തിന്റെ നികുതി കൂട്ടി. പെട്രോള്‍ വിലകൂടിയാല്‍ പാര്‍ട്ടിക്കാര്‍ പാതിരാത്രിക്കും പന്തം കൊളുത്തി നടത്തി പ്രതിഷേധിക്കും. ഈ പ്രതിഷേധപ്രകടനത്തിനും ഊര്‍ജ്ജം പകരുന്നത് മദ്യമാണെന്നത് മറ്റൊരു രഹസ്യം. അസംഘ്യം വരുന്നവരാണെങ്കിലും അസംഘടിതരായതുകൊണ്ട് മദ്യപരുടെ ഇടയില്‍ നിന്നും സര്‍ക്കാരിനു നേരെ പ്രതിഷേധമുണ്ടാകുമെന്ന പേടിക്കേണ്ടതില്ല എന്ന ധൈര്യമായിരിക്കാം മാണിസാറിനെ ഇത്തരം ഒരു സാഹസത്തിനു മുതിര്‍ത്തത്. കൌമാരപ്രായക്കാര്‍ മുതല്‍ വാര്‍ദ്ധ്യക്യത്തിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തി നില്‍ക്കുന്ന ചൂരും ചുണയുമുള്ള എന്തിനും പോന്നവര്‍ കുടിയന്മാരുടെ കൂട്ടത്തില്‍ ഉണ്ട്. കേരളത്തിന്റെ ദേശീയോത്സവമായി മാറിയ ഹര്‍ത്താല്‍ ഏറ്റവും ഭംഗിയായി കൊണ്ടാടുന്നവരാണ് മദ്യപാനികള്‍. കൊടിച്ചിപ്പട്ടി രാഷ്ട്രീയക്കാരന്‍ തല്ലുകൊണ്ടു ചത്താല്‍ പോലും ഹര്‍ത്താ‍ല്‍ ആഷോഷിക്കുന്ന നാട്ടില്‍


ജീവിക്കുന്നവരായിട്ടു കൂടി തങ്ങള്‍ക്ക് നേരെ ഉള്ള ഈ കടും കൃത്യത്തിനെതിരെ ഒരു ഹര്‍ത്താലിനോ പ്രകടനത്തിനോ ഇവന്മാര്‍ക്ക് ചങ്കൂറ്റമില്ലെന്നതിന്റെ കാരണമാണ് പിടികിട്ടാത്തത്. സൈബര്‍ തെരുവുകളില്‍ നിന്നും ഉയരുന്ന പ്രതിഷേധ സ്വരങ്ങളല്ലാതെ കേരളത്തിലെ തെരുവുകളില്‍ ഒരു പ്രതിഷേധവുമില്ല.


ഉള്ളത് ഈക്വലായി പങ്കിട്ടും ഇഷ്ടമില്ലാത്തവനെ നിര്‍ബന്ധിച്ച് കുടിപ്പിച്ചുമൊക്കെ പ്രത്യക്ഷത്തില്‍ വര്‍ഗ്ഗബോധമുള്ളവരാണെന്ന് തോന്നിപ്പിക്കുമെങ്കിലും യദാര്‍ഥത്തില്‍ ഒട്ടും വര്‍ഗ്ഗബോധമില്ലാത്തവരാണ് മദ്യപര്‍. ഒറ്റ ഉദാഹരണം മതി മദ്യപരുടെ ഈ സ്വഭാവം തിരിച്ചറിയുവാന്‍. ബീവറേജിനു മുമ്പില്‍ ഒരു കുടുമ്പിനിയായ സ്ത്രീവന്ന് മദ്യം വാങ്ങുവാന്‍ ക്യൂനിന്നത് ഒരു ചരിത്രപരമായ മുന്നേറ്റമായി വേണം കരുതുവാന്‍. പറഞ്ഞിട്ടെന്താ ഒരു സംഘം സദാചാ‍ര പോലീസുകാര്‍ വന്ന് ആ മങ്കയെ തല്ലുന്നതും തെറിവിളിക്കുന്നതും നോക്കി നിന്നു വര്‍ഗ്ഗബോധമില്ലാത്ത മദ്യപാനികള്‍. സ്ത്രീ എന്ന സ്വത്വത്തെ മാറ്റി ഒരു ബീവറേജില്‍ മദ്യംവാങ്ങുവാന്‍ ക്യൂ നില്‍ക്കുന്ന ഒരു ആളോട് കാണിക്കേണ്ട സാമാന്യ മര്യാദ പോലും അന്നവൈടെ ക്യൂനിന്ന മദ്യപര്‍ കാണിച്ചില്ല. കൂട്ടത്തില്‍ ചില വര്‍ഗ്ഗബോധമില്ലാത്ത മദ്യപന്മാര്‍ ആ മങ്കയെ തല്ലുവാനും തെറിവിളിക്കുവാനും അത് മൊബൈലില്‍ പകര്‍ത്തുവാനും കൂട്ടുനിന്നു. യദാര്‍ഥത്തില്‍ ഈ രംഗത്തേക്ക് സ്ത്രീകളുടെ കടന്നു വരവിനെ പ്രോത്സാഹിപ്പിക്കേണ്ടതല്ലേ എന്ന് ചിന്തിക്കുവാനുള്ള ബുദ്ധിപോലും അവര്‍ക്കില്ലാതെ പോയി. വെറുതെയല്ല മാണിസാറിനെ പോലെ ഉള്ള മണ്ടക്കകത്ത് ആളുതാമസമുള്ളവര്‍ മദ്യത്തിനു വിലകൂട്ടുന്നത്.






സര്‍വ്വലോക മദ്യപരേ സംഘടിക്കുക!!