Saturday, December 4, 2010

ഒബാമ പോളീ ടെക്സ്നിക്കില്‍ പഠിച്ചിട്ടുണ്ടോ?

ഇതാണ് പ്രശ്നം പോ‍ളീടെക്നിക്കില്‍ പഠിക്കാത്തതിന്റെ കുഴപ്പം. കണ്ടില്ലേ ഈ സായ്പന്മാര്‍ക്കും അമേരിക്കക്കാര്‍ക്കും ഒക്കെ വല്യ വിവരം ആണെന്നാ ഇതുവരെ ധരിച്ചു വച്ചിരിക്കുന്നെ. എന്നാല്‍ ദാണ്ടെ ഹീറോ എന്ന ഒരു വാക്കിന്റെ അര്‍ഥമോ അത് എവിടെ ഉപയോഗിക്കണംന്നോ ഒന്നും അവര്‍ക്ക് അറിയില്ലാന്ന് വന്നാല്‍. അമേരിക്കന്‍ പ്രസിഡണ്ടാണെന്ന് പറഞ്ഞ് നാടൂട്ടുക്ക് യാത്ര ചെയ്യുന്ന ഒബാമജി വല്യ വല്യ യൂണിവേഴ്സിറ്റിയിലൊക്കെ പഠിച്ചിട്ടുണ്ടാകാം പക്ഷെ നേരെ ചൊവ്വിനെ ഒരു വാക്ക് ഉപയോഗിക്കാന്‍ തന്നെ അറിയില്ലാന്നു വന്നാല്‍.

കൊര്‍ച്ചീസം മുമ്പ് ഇമ്മടെ ഒബാമജി ഇന്ത്യയില്‍ വന്നു. വല്യ സ്വീകരണം മാധ്യമങ്ങള്‍ടെ വല്യ വല്യ വാക്കുകള്‍ നിരത്തി വല്ലാതെ അങ്ങ് പുകഴ്ത്തി. ഒബാമജിയും വന്ന പാടെ മന്‍‌മൊഹന്‍‌ജിയെ അടക്കം ഉള്ള സകലമാന ആള്‍ക്കാരെയും നോക്കി ചിരിച്ചു. ചിലര്‍ക്ക് കൈകൊടുത്തു ഗാന്ധിജിയെ അടക്കം ചിലരെ പറ്റി പുകഴ്ത്തി പറഞ്ഞു. പക്ഷെ ആ പറഞ്ഞ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരാളെ വിട്ടു പോയി എന്നാണ് വാക്കേറിനു മനസ്സിലായത്. വിട്ടുപോയത് നമ്മളും ഒബാമജിയും അറിഞ്ഞില്ലെങ്കിലും പോയ ആള്‍ക്ക് അത് അറിയാതിരിക്കില്ല. എന്തേലും ആകട്ടെ ഇനി പേരുകാരന്‍ ആരാന്നൊന്നും ആലോചിച്ച് പുകവിടാനും പുകിലുണ്ടാക്കാനും നില്‍ക്കണ്ട. അതാരേലും ആകട്ടെ.



ഹീറോ എന്ന വാക്കിനു സായ്പിന്റെ ഭാഷയില്‍ നയകന്‍, വിജയി എന്നൊക്കെ ആകും അര്‍ഥം. ആ നിലക്ക് അങ്ങേരു ഗാന്ധിജിയെ പറ്റിയും ആ വാക്കു കൊണ്ട് വിശേഴിപ്പിച്ചു പോലും. സംഗതി എന്തായാലും ഒബാമയല്ലെ പറഞ്ഞത് പലരും അത് ഒരു വലിയ കാര്യമായി പത്രത്തില്‍ നിരത്തി എന്നാല്‍ ഇമ്മടെ സൂമാരന്‍ മാഷ്ക്ക് അത് പിടിച്ചില്ല. പിടിക്കാത്തത് പുള്ളിക്കാരന്‍ പബ്ലിക്കായി പറഞ്ഞു പ്രശ്നമുണ്ടാക്കുന്നത് പലപ്പോളും നമ്മള്‍ കണ്ടിട്ടുള്ളതാണ്. എന്തായാലും ഒബാമജിയുടെ പ്രയോഗം പുള്ളിക്ക് പിടിച്ചില്ല. ആള്‍ അത് പതിവുപോലെ പബ്ലിക്കായി  തന്നെ പറഞ്ഞു. യുദ്ധത്തില്‍ ജയിച്ചവരെയാണ് ഹീറോ എന്ന് വിളിക്കാത്രെ!! എന്ന് വച്ചാല്‍ ഗാന്ധിജിയൊന്നും യുദ്ധം ചെയ്തിട്ടില്ലാന്ന്. കഷ്ടം നമ്മളൊക്കെ പഠിച്ചത് അഹിംസയെ ആയുധമാക്കി ബ്രിട്ടീഷുകാര്‍ക്കെതിരെ ഗാന്ധിജി പടനയിച്ചു എന്നാണ്.

എന്തായാലും ക്രിസ്തുവിനെയും, ബുദ്ധനേയും ആരും ഹീറോ എന്ന് വിശേഷിപ്പിച്ചിട്ടില്ല. അതുപോലെ ഗാ‍ാന്ധിജിയേയും അങ്ങിനെ വിളിക്കരുത് എന്നാണ് സൂമാരന്‍ മാഷ്ടെ അഭിപ്രായം. മഹാത്മാവ് എന്ന് തന്നെ പ്രയോഗിക്കണം എന്ന്. എന്തായാലും ഒബാമ ഇനിയെങ്കിലും ഇതൊക്കെ ഒന്നുകില്‍ സുകുമാരന്‍ മാഷ്ടെ അടുത്ത്ന്ന് പഠിക്ക അല്ലെങ്കില്‍ പോളീടെക്നിക്കില്‍ പോയി പഠിച്ചാലോന്ന് ആലോചിക്കുക......അതല്ലേ വേണ്ടത്? അല്ല ഇനി നിങ്ങള്‍ക്ക് വേറെ വല്ല അഭിപ്രായവും ഉണ്ടെങ്കില്‍ താഴെ എഴുതിക്കൊളൂ...