Thursday, April 28, 2011

എന്റെ സള്‍ഫാനെ നിരോധിക്കല്ലേ സൂമാരേട്ടനെ ചീത്തവിളിക്കല്ലേ!!



കാര്യം പറയുന്നവരേയും കാര്‍ന്നോന്മാരെയും കണ്ടാല്‍ കളിയാക്കാനും അംഗീകരിക്കാതിരിക്കാനും മലയാളിക്ക് ഒരു പ്രത്യേക താല്പര്യം ആണ്. എന്തൊക്കെ നല്ല കാര്യങ്ങള്‍ പറഞ്ഞതാ ബസ്സിലൂടെയും ബ്ലോഗ്ഗിലൂടേയും ഇമ്മടെ സൂമാരേട്ടന്‍ എന്നിട്ടെന്തായി ഇപ്പോള്‍ സമാധാനമായല്ലോ സൂമാരേട്ടന്‍ ആ ബസ്സങ്ങ് പൂട്ടി കെട്ടി. അങ്ങേരു എന്റെ സള്‍ഫാനെ പറ്റി നല്ല നാലു കാര്യം പറഞ്ഞപ്പോള്‍  ഏതാണ്ട് പൊതുസ്ഥലത്ത് വച്ച് പെണ്ണുങ്ങളോട് കമന്റടിച്ചനെ കൈകാര്യം ചെയ്യണ പോലെ അല്ലേ കൈകാര്യം ചെയ്തേ. എന്റോ സള്‍ഫാന്‍ എന്തോന്ന് സാധനം എന്നറിയാത്തോനും അതിന്റെ ദുരിതം അനുഭവിക്കാത്തവനുമൊക്കെ ചേര്‍ന്ന് ഇമ്മടെ സൂമാരേട്ടനെ ഇട്ടു പൊരിച്ചു. കാര്യമെന്താന്ന് അറിയില്ലെങ്കിലും കിട്ടണോടത്ത് കേറി കത്തിവെക്കാന്‍ മടിയില്ലാത്ത  കേരളത്തില്‍ നാളെ ഒരു ഹര്‍ത്താല്‍ ആചരിക്കുകയാണ്. എന്തായാലും എന്റോ സള്‍ഫാന്‍ കാരണം കോഴിയും കുപ്പിയും കപ്പയുമൊക്കെയായി ആഘോഷിക്കുവാന്‍ ഒരു ഹോളിഡേ മലയാളിക്ക് കിട്ടി. മുഖ്യന്‍ ഉപവാസം നടത്തി കയ്യടി നേട്യേത് കണ്ട് കുശുമ്പായിട്ട് പിണറായി പകരം പാരയിറക്കീതാ‍ണെന്നാണ് ഹസനാദി കോണ്‍ഗ്രസ്സാര്‍ പറയുന്നത്. പിണറായി സഖാവ് ആ ടൈപ്പല്ലാന്ന് ആര്‍ക്കാ അറിയാത്തത്. ആള്‍ക്കിത്തരം ചീപ്പ് പബ്ലിസിറ്റ്യോട് ഒന്നും താല്പര്യം ഉണ്ടെന്ന് ഇന്നേ വരെ എനിക്ക് തോന്നീട്ടില്ല.

അതു പോട്ടെ പറഞ്ഞോണ്ട് വന്നത് എന്റെ സള്‍ഫാനെയും സൂമാരേട്ടനെയും പറ്റിയാണ്.  സംഗതി എന്തായാലും ഒന്നൊന്നര സാധനമാണെന്നും തളിച്ച പ്രദേശത്തെ ജീവിതം മുഴുവന്‍ ദുരിതമാണെന്നും കണ്ണും കാതും ഉള്ളോര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ട്. എന്നാലും കോണ്‍ഗ്രസ്സാര്‍ക്കും കമ്മീഷന്‍ ഏജന്റുമാര്‍ക്കും (ബോത്ത് ആര്‍ മാതമറ്റിക്സ് എന്ന് ചിലര്‍ പറയുന്നുണ്ട്, ഇമ്മക്കറിയില്ലാട്ടാ) അതിനിനിയും  കൊല്ലങ്ങള്‍ നീളുന്ന മറ്റേടത്തെ പഠനം നടത്തി കണ്ടു പിടിച്ചേ കാര്യം “മനസ്സിലാകൂ”. ശരിയല്ലേ ഒരു കാര്യം പഠിക്കണേല്‍ അതിന്റേതായ സമയം എടുക്കും. എന്തായാലും എന്റോ സള്‍ഫാന്‍ നിരോധിക്കണമെന്ന കാര്യത്തില്‍  കാര്യങ്ങളെ പറ്റി ഏകദേശ ധാരണയുള്ള ഏതൊരുത്തനും ഒറ്റ നിലപാടേ എടുക്കുന്നുള്ളൂ എന്താകും കാരണം എന്ന് ആലോചിച്ചിട്ട് ഒരു പിടിയും ഇല്ല. ഇന്ത്യക്കും പിന്നെ ഇമ്മടെ സൂമാരേട്ടാനും അമ്മാതിരി ചിലര്‍ക്കും മാത്രം ഉള്ള ഈ പിന്തിരിപ്പന്‍നിലപാടിന്റെ പിന്നിലെ സംഗതി എന്താന്ന് അറിയില്ല. ചെറ്യേ രാജ്യങ്ങള്‍ വരെ എന്റോ സള്‍ഫാന്‍ നിരോധിക്കണമെന്നും പറഞ്ഞ് ജനീവയിലെ സമ്മേളനത്തില്‍ പറയുമ്പോള്‍ ഇമ്മടെ ഇന്ത്യ അതല്ല അളിയാ അതിനെ അങ്ങിനെ നിരോധിക്കരുതെന്ന് പറയുന്നു. കേട്ടാല്‍ തോന്നും ഇന്റോസള്‍ഫാന്‍ കമ്പനിടെ ഉടമ ഇമ്മള്‍ടെ അളിയനോ മച്ചമ്പിയോ ആണ് എന്ന്. കീടനാശിനീടെ കാര്യത്തില്‍ ഇത്രക്ക് ശുഷ്കാന്തി കാണിക്കണ ഇന്ത്യ ഇന്നേ വരെ സ്വന്തം കര്‍ഷകരുടെ കാര്യത്തിനു പോലും ഇത്രയ്ക്ക് വാശിപിടിച്ചിട്ടില്ലാന്നാണ് എനിക്ക് തോന്നീട്ടുള്ളത്. ഈ ശുഷ്കാന്തിയുടെ പിന്നില്‍ മറ്റു ചിലതിന്റെ കാന്തിയുണ്ടെന്ന് കുശുമ്പ് കുത്തണോരും കമ്യൂണിസ്റ്റുകാരും ഉണ്ട്. ഇതെന്റെ അഭിപ്രയമല്ല കേട്ടോ‍. ഞാന്‍ ഇമ്മടെ സൂമാരേട്ടന്റെ ഒപ്പമാണ്.

ഇമ്മടെ സൂമാരേട്ടനു എന്റോ സള്‍ഫാനെ പറ്റി പറയാന്‍ നൂറു നാക്കാണ്.എനിക്ക് സൂമാരേട്ടാനോട് വല്ലാത്ത ആരാധനയും ആദരവും തോന്നുന്നു. എന്തൊക്കെ കാര്യങ്ങളാ അങ്ങേരു പറഞ്ഞത്.  ഈ അന്തക സള്‍ഫാന്‍ കര്‍ഷകര്‍ക്ക് ചീപ്പ് വിലക്കാണ് ലഭിക്കുന്നതെന്നും ചീപ്പ് വിലക്കക്കിട്ടിയില്ലേല്‍  ഇവിടെ ആത്മഹത്യചെയ്യുന്ന കര്‍ഷകരുടെ നമ്പര്‍ ഇങ്ക്രീസ് ചെയ്യുമെന്നാണ് പുള്ളിക്കാരന്റെ വാദം. അതായത് ഇമ്മടെ നാട്ടിലെ കര്‍ഷക ആതമഹത്യ തട്ുന്നതിലും എന്റെ സള്‍ഫാനു വലിയ പങ്കുണ്ടെന്ന്.  യൂറോപ്പില്‍ ഈ മൊതല്‍ നിരോധിച്ചത് വേറെ ചിലരുടെ ലോബിയിങ്ങ് മൂലമാണെന്നാണ് ചേട്ടന്റെ നിഗമനം. മാത്രോ തിരോന്തരത്തെ തണലും, ദില്ലീലെ  സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍‌വയോണ്‍‌മെന്റ് എന്ന സംഘടനയും  ഒക്കെ ഈ യൂറോപ്പീന്ന് ചില്ലറ വാങ്ങണ ടീംസാണത്രേ!! മാത്രമല്ല സൂമാരേട്ടന്‍ വേറെ ഒന്നുംകൂടെ പറഞ്ഞുവെക്കണുണ്ട്. കാസര്‍ഗോട്ടുള്ളത് മറ്റെന്തോ പ്രശ്നമാണത്രേ. രക്തബന്ധം ഉള്ളോര്‍ തമ്മിലുള്‍ല കല്യാണം നല്ലതല്ലാന്ന് ബോധവല്‍ക്കണം നടത്തണമെന്നും അങ്ങേരു പറയുന്നു. അതായത് രക്തബന്ധം ഉള്ളോര്‍ടെ വിവാഹം ആകാം കാസര്‍ഗോഡ് പ്രശ്നത്തിന്റെ ഒരു കാരണം എന്നാകാം അങ്ങേര് പറഞ്ഞോണ്ട് വരണത്.  തമിഴ്നാട്ടില്‍ ആങ്ങള പെങ്ങള്‍ടെ മോള്‍ക്ക് പുടവയും പിന്നെ പിള്ളാരെയും സമ്മാനിക്കുന്നു. ഇമ്മടെ നാട്ടില്‍ അമ്മാവന്റെ മോള്‍/മോന്‍ കല്യാണം നടക്കുന്നു. ഇത്  കാസര്‍ഗോഡ് മാത്രമല്ല എന്തായാലും തലതിരിഞ്ഞവര്‍ തര്‍ക്കത്തിനായി ഇക്കാര്യം പറഞ്ഞേക്കാം അത് തല്‍ക്കാലം വിടുക.

 സൂമാരേട്ടന്റെ കണ്ടുപിടുത്തവും അനുകൂല പഠന പ്രബന്ധവും ഒക്കെ ചേര്‍ത്ത് എന്റെ എന്റോ സള്‍ഫാന്‍ പഠനങ്ങള്‍ എന്നോ മറ്റോ പേരിട്ട്  ഇംഗ്ലീഷിലാക്കി ഇമ്മടെ നാട്ടീന്ന് എന്റോ സള്‍ഫാനു കീ ജെയ് വിളിക്കാന്‍ പോയോര്‍ടെ കയ്യില്‍ കൊടുത്തയക്കേണ്ടതായിരുന്നു. അവര്‍ക്കതൊരു മൊതല്‍ക്കൂട്ടാകും. ദാ വായിക്ക് എന്ന് പറഞ്ഞ് ഖത്തറീന്നും, ബഹ്‌റ്ൈനില് നിന്നും വന്നോര്‍ക്ക് കൊടുക്കാലോ.

സൂമാരേട്ടന്‍ പറയുന്നതീന്ന് മനസ്സിലായത് എന്റോ സള്‍ഫാനെ എതിര്‍ക്കുന്നവര്‍ക്കൊക്കെ പേറ്റന്റ്റുള്ള കമ്പനികളീന്ന് ഏതാണ്ട് ചില്ലാനം തടയും എന്നാണ്. അപ്പോള്‍ ചില മന്ദബുദ്ധികള്‍ക്ക് ഒരു സംശയം ഈ എന്റോ സള്‍ഫാനു വേണ്ടി വാദിക്കണോര്‍ക്കും ചില്ലാനം തടയില്ലേ? ഇത്രേം കുട്യോള്‍ എണീക്കാനും നടക്കാനും വയ്യാതെ കാസര്‍കോട്ട് കിടക്കുമ്പോള്‍ എന്താ എന്റോ സള്‍ഫാനെ അനുകൂലിക്കണ എന്ന് ചിലര്‍ ചോദിച്ചേക്കാം. എന്നാല്‍ സൂമരേട്ടന്‍ ചെയ്യേണ്ടത് സ്വന്തം കുടുമ്പത്തെ കുഞ്ഞുങ്ങള്‍ക്ക് ഡെയ്‌ലി രണ്ടു ടീസ്പൂണ്‍ വച്ച് ഈ ദിവൌഷധം കൊടുക്ക്. അങ്ങിനെ കൊടുത്തിട്ട് കൊഴപ്പം ഒന്നും ഇല്ലെങ്കില്‍ ദാണ്ടെ ഇവര്‍ക്ക് ഒരു കുഴപ്പവുമില്ല നിങ്ങളും ധൈര്യമായി ഉപയോഗിച്ചോളൂന്ന് പറയാം. ഇന്നിപ്പോള്‍ ഈ പ്രശ്നത്തിന്റെ പേരില്‍ കുരിശുമ്മെ കെടക്കണ കമ്പനിയും പവാറും പവാറിനെക്കാള്‍ പവറുള്ളവരും പട്ടങ്ങള്‍ നല്‍കി സൂമാരേട്ടനെ ആദരിക്കാനും മതി. അതോടെ ഈ പറയുന്നവരുടെ വായും അടയും

 മാത്രമല്ല ഒന്നു മനസ്സുവച്ചാല്‍ ഒരു വ്യവസായ സാധ്യതയും ഇതില്‍ തെളിയുന്നുണ്ട്. കുട്യോള്‍ടെ കാര്യം എന്ന് പറഞ്ഞാല്‍ പിന്നെ ആ‍ട്ടുംകാട്ടം പൊടിച്ച് കുപ്പീലാക്കിയിട്ട് പരസ്യം നല്‍കിയാല്‍ അത് പത്തു പാക്കറ്റ് വാങ്ങി കുട്യോള്‍ക്ക് മൂന്നു നേരം ക്കൊടുക്കണ ടീംസാണ് ഇമ്മടെ നാട്ടിലുള്ളത്. ആ നെലക്ക് പിണ്ണാക്കിലോ പരുത്തിക്കുരുവിലോ എന്റോ സള്‍ഫാന്‍ ചേര്‍ത്ത് ഉഗ്രന്‍ പാക്കറ്റിലാക്കി കൊടുത്തല്‍ നല്ല ഡിമാന്റായിരിക്കും. പരസ്യത്തിനു വേണേല്‍ വേണേല്‍ പന്തെറിയുന്ന അലവലാതി ചെക്കനേയും കൂട്ടുപിടിക്കാം. ഐ ആം എ എന്റോ സള്‍ഫാന്‍ ബോയ് എന്നും ഗേള്‍ എന്നും പറഞ്ഞ് പരസ്യം നല്‍കിയാല്‍ മതി. എപ്പോള്‍ വിറ്റു തീര്‍ന്നൂന്ന് ചോദിച്ചാല്‍ മതി!!

2 comments:

Anonymous said...

സുകുമാരന്‍ സാറിനെ മെക്കിട്ട് കയറുന്നതെന്തിനാ. താന്‍ എന്റോ സള്‍ഫാന്റെ വക്താവല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നിട്ടും സുകുമാരന്‍ ചേട്ടനെ മാര്‍ക്കിസ്റ്റനുഭാവികള്‍ ചേര്‍ന്ന് ഒറ്റപ്പെടുത്തി ആക്രമിക്കുകയായിരുന്നു. അദ്ദേഹം ഉന്നയിക്കുന്ന ഒരു പ്രധാന കാര്യം എന്തുകൊണ്ട് ലോകത്ത് ഈ പ്രദേശത്തുമാത്രം ഇങ്ങനെ ഒരു പ്രതിഭാസം എന്നാണ്. ഇത് ആണ് പഠനവിധേയമാക്കെണ്ടത്. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ എന്റോ സള്‍ഫാനുവേണ്ടി വാദിക്കുന്നു എന്നത് തെറ്റാണ്. മുഖ്യമന്ത്രിയെ പോലെ അല്ല കര്‍ഷകരെ സംബന്ധിക്കുന്ന ഒരു വിഷയത്തില്‍ കേന്ദ്ര ഗവണ്മെന്റിന്റെ സംബന്ധിച്ച് പലതലത്തില്‍ ചിന്തിക്കേണ്ടതായുണ്ട്. മുഖ്യമന്ത്രി ഒരു ഉപവാസം നടത്തിയതുകൊണ്ട് എന്റോസള്‍ഫാന്‍ നിരോധിച്ചു എന്ന് പറയുന്നത് ശുദ്ധ മണ്ഢത്തരമാണ്. രാഷ്ടീയ തറവേലയാണ് ഇന്നലത്തെ ഹര്‍ത്താല്‍. എന്തിനു വേണ്ടിയായിരുന്നു ഹര്‍ത്താല്‍? പാര്‍ട്ടിക്കകത്ത് മുഖ്യമന്ത്രിയുടെ മൈലേജ് കുറക്കുവാന്‍ വേണ്ടി ഉള്ള ഒരു അടവായിരുന്നു അതെന്ന് ആരോപണമുണ്ട്. ഇത് ശുദ്ധ രാഷ്ടീയ തട്ടിപ്പുതന്നെയാണ്.

ശ്രീജിത് കൊണ്ടോട്ടി. said...

ബ്ലോഗര്‍മാരെ ഇങ്ങനെ പോസ്റ്റ്‌ എഴുതി തേജോവധം ചെയ്യുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. വിരുദ്ധ ആശയങ്ങളെ എതിര്‍ക്കുമ്പോള്‍ തന്നെ അത് വ്യതിപരമായ രീതിയിലുള്ള അധിക്ഷേപത്തിലെക്ക് നീങ്ങരുത്...