Saturday, February 26, 2011

സീറ്റ് ഡ്രീംസ്


ഇലക്ഷന്‍ അടുത്തതോടെ കേരളത്തില്‍ ഇത് സീറ്റ് ഡ്രീംസിന്റെ കാലം. വരുന്ന തിരഞ്ഞെടുപ്പില്‍ ജയിച്ചില്ലേലും മത്സരിച്ചാല്‍ മതിയെന്ന പറഞ്ഞ് സീറ്റിനായി ഡ്രീംസ് കണ്ട് നടക്കണോരെക്കോണ്ട്  ഒരു പൊറുതിയും ഉണ്ടാകില്ല. കന്നിമാസത്തില്‍ ഒന്നിനു പുറകെ ഒമ്പത് പട്ടികള്‍ പോകണ പോലെയാണ് ഒരു സീറ്റിനു വേണ്ടി പത്തൊമ്പതുംമിരുപതും പേര്‍ പരക്കം പായുന്നത്. ജാതകത്തിലെ രാശിനോക്കിയും ജാതിപറഞ്ഞും ജാഥയില്‍ ആളെ കാണിച്ചുമൊക്കെ പലരും പലതരം അടവുകള്‍ പുറത്തെടുക്കാന്‍ തുടങ്ങി. പാര്‍ട്ടിക്കാരെ കൂടാതെ പണക്കാരായ പ്രാഞ്ച്യേട്ടന്മാരും പൊളിറ്റിക്സിന്റെ എ.ബി.സി.ഡി അറിഞ്ഞില്ലേലും പടത്തിലഭിനയിക്കുന്നവര്‍ വരെ പാര്‍ടി ടിക്കറ്റ് കരിഞ്ചന്തയില്‍ കിട്ടോന്നറിയാനുള്ള നെട്ടോട്ടമാണ്.

കര്‍ക്കടകമാസത്തില്‍ കാക്കാലനെ കാണണത്രയും കണ്ടുകിട്ടാത്ത പല കോണ്‍ഗ്രസ്സ് നേതാക്കന്മാരും തെക്ക്ന്നും വടക്കുന്നും ഇപ്പോള്‍ തൃശ്ശൂരില്‍ വന്ന് വണ്ടിയിറങ്ങിയിരിക്കുന്നു. പൂരക്കാലത്ത് പീപ്പിക്കാരു വരണപോലെ ഇനിയിപ്പോള്‍ തിരഞ്ഞെടുപ്പിന്റെ പരിപാടി കഴിയോളം അവരിവിടെ ഉണ്ടാകും. ബിഷപ്പ് ഹൌസൈന്റെ ഭാഗത്ത് ഇപ്പോളേ ട്രാഫിക്ക് ജാം തുടങ്ങിക്കഴിഞ്ഞു. ഇനിയിപ്പോള്‍ അരമനയിലും അങ്ങാടീലും ഒക്കെ കയറിയിറങ്ങി അവന്മാര്‍ സീറ്റിനായി പാദസേവയും പാരവെച്ചും പായാരം പറച്ചിലുമായി പൊറുതികേടാക്കും. പള്ളിക്കാര്‍ടെ പവറും പത്രാസും ഇല്ലാത്തതിനാല്‍ പാവം പൂജാരിമാര്‍ക്ക് പത്തിന്റെ ഗുണമില്ല. എന്നാലും പ്രശ്നവശാല്‍ ചില പരിഹാരക്രിയകള്‍...എന്നൊക്കെ കാച്ചി മുണ്ടിന്റെ കൊന്തലയില്‍ വെക്കാന്‍ കാശ് വല്ലതും തരപ്പെടുത്താം എന്ന് മാത്രം.

എണ്ണത്തോണിയിലിട്ട് എഴുന്നേറ്റു നില്‍ക്കാന്‍ ആകുന്ന പരുവത്തിലാക്കിയവര്‍ മുതല്‍ നാല്പത്തഞ്ചു കഴിഞ്ഞിട്ടും വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ രോമാഞ്ചമായവര്‍ വരെ സീറ്റ് ഡ്രീംസുമായി സിറ്റിയില്‍ ചുറ്റിത്തിരിയുന്നുണ്ട്. പുനര്‍ നിര്‍ണ്ണയം കഴിഞ്ഞതോടെ പാവം പ്രതാപനാണേല്‍ നാട്ടിക സംവരണമണ്ഡലമായതിന്റെ പൊല്ലാപ്പിലാണ്. യുവതുര്‍ക്കി വി.എസ്. സുനില്‍കുമാറിന്റെ മണ്ഡലം തന്നെ ക്യാന്‍സലായി. പഴയ പോരാളിയും പിന്നീട് ആലപ്പുഴയിലേക്ക് പോയ ആളുമായ സുധീരേട്ടന്‍ സ്ഥലത്തെത്തിയിട്ടുള്ളത് സീറ്റിനാണെന്ന് പറയുന്നവര്‍ ഉണ്ട്. മണലൂര്‍ മണ്ഡലത്തില്‍ മാറ്റുരയ്ക്കുവാന്‍ മറ്റാരേക്കാളും മൂപ്പരാണ് മിടുക്കന്‍ എന്ന് ഒന്നുരണ്ടാള്‍ പറഞ്ഞാല്‍ പണിയായോ? അനില്‍ അക്കരെ ആളുഷാറാണ് അടാട്ട് പഞ്ചായത്തിലും ജില്ലാപഞ്ചായത്തിലും പറ്റാവുന്ന പരമാവധി ഷൈന്‍ ചെയ്യുന്നുമുണ്ട് ആനിലക്ക് ആള്‍ക്കൊരു സീറ്റ് കൊടുക്കാതിരിക്കാന്‍ പറ്റോ?  സി.എന്‍ ബാലകൃഷ്ണന്‍ സീനിയറായ ആള്‍ അങ്ങേരു വടക്കാഞ്ചേരിയില്‍ നോട്ടമിട്ടതായി കേള്‍ക്കുന്നു, പണ്ട് പോസ്റ്ററൊട്ടിക്കലും ചുമരെഴുത്തും കഴിഞ്ഞ് കുഞ്ഞുട്യായി കുടുമ്പത്തേക്ക് പോണ്ടി വന്നു. തേറമ്പിലിനെ തല്‍ക്കാലം തഴയുമെന്നാണ് തോന്നുന്നത്.  

ഗുരുവായൂരില്‍ പിന്നെ പതിവുപൊലെ ഏതെങ്കിലും മുസ്ലീം ആയിരിക്കും മത്സരിക്കാന്ന് കേള്‍ക്കുന്നു. ഒല്ലൂരിലേ കാര്യം ഓര്‍ക്കുമ്പോളേ ഓര്‍മ്മ പോകും. അത്രയധികം ക്രിസ്ത്യന്‍ നാമധാരികള്‍ നാമനിര്‍ദ്ദേശപത്രിക നല്‍കാന്‍ ക്യൂവാണെന്ന് കേള്‍ക്കുന്നു. ദാ വരുന്നു കുന്ദംകുളം പാലിശ്ശേരിയെ പരാജയത്തിന്റെ പാല്പായസം കുടിപ്പിക്കാം എന്ന് കരുതി അവിടേക്ക് അങ്കത്തിനായി ആള്‍ക്കാര്‍ പുറപ്പെട്ടിട്ടുണ്ട്. പക്ഷെ പാലിശ്ശേരി പണിയറിയാവുന്ന ആളായതൊണ്ട് പരിപാടികള്‍ നേരത്തെ തുടങ്ങീന്നാണ് പലരും പറയുന്നത്. മാര്‍ക്കിസ്റ്റുപാര്‍ടിയില്‍ പാദസേവയും പാരവെക്കലും പൊതുവിലെ കുറവായതോണ്ട് പാലിശ്ശേരിയുടെ കാര്യം പാര്‍ടി തീരുമാനിക്കും. ഇനിയിപ്പോള്‍ ഇരിങ്ങാലക്കുടയാണ്. മണ്ഡലത്തില്‍ മാര്‍ക്കറ്റില്ലെങ്കിലും മുന്നണി മര്യാദയുടെ പേരില്‍ മാണിസാറിന്റെ പാര്‍ടിക്ക് തന്നെ കൊടുക്കുമായിരിക്കും. തൊടുപുഴയില്‍ നിന്നും തുടലും പൊട്ടിച്ച് തല്ലും തകരാറുമായി തലതെറിച്ചവര്‍ ട്രാന്‍സ്പോര്‍ട് ബസ്സില്‍ വന്നിറങ്ങുമോന്ന് ഇരിങ്ങാലക്കുടക്കാര്‍ക്ക് ഇപ്പോള്‍ സന്ദേഹം ഇല്ലാതില്ല.   മണി മത്സര രംഗത്ത് മാറ്റുരയ്ക്കുവാന്‍ മാര്‍ക്കിസ്റ്റുപാര്‍ടിയുടെ സ്വതന്ത്ര കുപ്പായമണിഞ്ഞിറ ങ്ങുംമെന്നൊരു ന്യൂസ്  ചാലക്കുടിപുഴയുടെ കുഞ്ഞോളങ്ങളില്‍ തത്തിക്കളിക്കുന്നുണ്ട്. മത്സരിക്കുന്നത് മണിയാണേല്‍ മണ്ഡലത്തില്‍ സാവിത്രേച്ചിയോ ബെന്നി ബെഹനാനോ മത്സരിച്ചാലും മോശമല്ലാത്തൊരു മത്സരം കാണാനാകും. 

ഖദറിനു കഞ്ഞിപിഴിയാന്‍ കഴിവില്ലാത്തവന്‍ വരെ ഇപ്പോള്‍ കയ്യില്‍  കൊള്ളാവുന്ന മൊബൈലും പോക്കറ്റില്‍ പെടക്കണ ഗാന്ധിയുമായി കാറില്‍ വിലസാന്‍ തുടങ്ങിയിരിക്കുന്നു. ഖാദിബോര്‍ഡിനി കാലം തെളിഞ്ഞൂന്ന് പറഞ്ഞാല്‍ മതി. ആരെങ്കിലും മത്സരിക്കാന്‍ പോണൂന്ന് കേട്ടാല്‍  ഖാദികൊണ്ട് ഷര്‍ട്ടും കോണകവും വരെ അണിഞ്ഞ് അണികളായും അളിയന്മാരായും അയലോക്കക്കാരായും  ആളുകള്‍ അടുത്തുകൂടും. എന്തായാലും രാമനിലയത്തിന്റെ രണ്ട് കിലോമീറ്റര്‍ റേഞ്ചില്‍ സ്ഥാനാര്‍ഥിക്കുപ്പായം തുന്നിയവരുടേയും അവരുടെ തുണി തിരുമ്മാന്‍ നടക്കണോര്‍ടെം തിക്കും തിരക്കുമാണ്. പണ്ട് കിങ്ങില്‍ പറയണ പോലെ കോണകം തിരുമ്മി നടന്നവര്‍ കേന്ദ്രമന്ത്രിമാരാകുമോ? കാത്തിരുന്നു കാണാം കോണ്‍ഗ്രസ്സാണോ അതോ വി.എസ്സാണൊ വീണ്ടും വരിക എന്ന്.

2 comments:

Anonymous said...

ഹഹ... സീറ്റ് ഡ്രീംസ് ഉഷാറായിട്ടുണ്ട്. കേരളത്തില്‍ ഇപ്പോല്‍ സീറ്റുമോഹികളുടെ ഒരു സീസണ്‍ തന്നെയാ മാഷേ. കോണ്‍ഗ്രസ്സാണ് ജയിച്ചുവരുന്നതെങ്കില്‍ തീര്‍ച്ചയായും 6 മാസം ഒരാള്‍ മന്ത്രിയെന്ന കണക്കില്‍ ചിലപ്പോള്‍ മന്ത്രിസ്ഥാനം പങ്കുവെക്കേണ്ടിവരും. അപ്പോള്‍ പിന്നെ ആദ്യ ടേമിനാകും അടി.

Anil cheleri kumaran said...

സീറ്റ് ഡ്രീംസ് ... നല്ല പ്രയോഗം.