Friday, February 11, 2011

പിള്ളസാറിനു പത്മശ്രീ നല്‍കരുതോ?


അഴിമതി രജ്യദ്രോഹമാണെന്നും രാജ്യത്തിന്റെന്റെ  ഖജനാവ് കൊള്ളയടിക്കലാണെന്നും ഒക്കെയായിരുന്നു വാക്കേറു ഇന്നലെ വരെ വിശ്വസിച്ചിരുന്നത്.  എന്നാല്‍ ദാണ്ടെ ഇമ്മടെ പിള്ളച്ചേട്ടന്‍ പറഞ്ഞപ്പോളാ സംഗതി അങ്ങിനെയൊന്നുമല്ലാന്ന് പിടികിട്ടിയത്.  അദ്ദേഹം ഇപ്പോള്‍ അഴിമതിക്കേസില്‍ ശിക്ഷവാങ്ങി ജയിലില്‍ പോകൂന്നത് രാജ്യത്തിനു വേണ്ടിയാണെന്നാണ് പറഞ്ഞുകേള്‍ക്കണത്. അതു നേരാ രാജ്യത്തിനു വേണ്ടി പണ്ട് മഹാത്മാഗാന്ധിയും നെഹൃവും ഭഗത് സിങ്ങും ഒക്കെ ജയിലില്‍ കിടന്നിട്ടുണ്ടല്ലോ.   വാക്കേറു മാത്രമല്ല അഴിമതി ഒരു കുറ്റമാണെന്നും അഴിമതിക്കാരെ ശിക്ഷിക്കണം എന്നും കോടതിയും അങ്ങിനെ തന്നെ ആകണം ധരിച്ചിരിക്കുന്നത്. അല്ലെങ്കില്‍ പിള്ളേച്ചനെ ശിക്ഷിക്കുകയില്ലായിരുന്നല്ലോ? അങ്ങേരു അടുത്ത ഇലക്ഷനില്‍ മത്സരിച്ച് ജയിച്ച് വീണ്ടും “രാജ്യസേവനം“ നടത്തേണ്ടതായിരുന്നു അതു നഷ്ടമായി. പത്തിരുപത് കൊല്ലം മുമ്പ് രാജ്യത്തിനു വേണ്ടി അല്ലറ ചില്ല്ലറ അഡ്ജസ്റ്റുമെന്റ് ചെയ്യാന്‍ ചങ്കൂറ്റം കാണിച്ച പിള്ളസാര്‍ ഇപ്പോള്‍ എന്തൊക്കെ ചെയ്തേനെ. അങ്ങിനെ നോക്കുമ്പോള്‍ കനത്ത നഷടമാണ് നാട്ടുകാര്‍ക്കുണ്ടായതെന്ന് പറയേണ്ടതില്ലല്ലോ?

നമ്മുടെ നാട്ടില്‍ പോക്കറ്റടിച്ചവനെ പെട്ടന്ന് ശിക്ഷിക്കും അഴിമതി നടത്തിയ പക്ഷെ പാര്‍ടിക്കാരനെ ശിക്ഷിക്കണേല്‍ പലപ്പോഴും പത്തിരുപത് കൊല്ലം കഴിയണം. ദാണ്ടെ നിരവധി കൊല്ലത്തെ വിചാരണക്കോടുവില്‍ കീഴ്ക്കോടതി “തെറ്റിദ്ധാരണയുടെ” പേരില്‍ പിള്ളസാറിനെ അഞ്ചുവര്‍ഷം ശിക്ഷിച്ചു. അതു പക്ഷെ അപ്പോളേ അപ്പീലു പോയി അതിലെ ആള്‍ക്കാരൊക്കെ ഡീസന്റായി പുറത്തിറങ്ങി. എന്തയാലും  ഈ അലമ്പ്  കേസ്‌കെട്ട്  കെട്ടിപ്പൂട്ടുവാന്‍ കോണ്‍ഗ്രസ്സിന്റെ സര്‍ക്കാരിന്റെ കാലത്ത് നിശ്ചയിച്ചതാ‍ണത്രെ. അപ്പോളുണ്ട്രാ ഇമ്മടെ അച്ച്യുതാന്ദന്‍ സഖാവ് “ വിടില്ല... വിടില്ല... ഞാന്‍... അഴിമതി നടത്തണ ഒരുത്തനേയും...” എന്ന ലൈനില്‍ കേസുകെട്ടുമായി കോടതി കയറി. കൊള്ളാവുന്ന വക്കീലിനെ വച്ച് കോടതി കയറാന്‍ സഖവിനു കാശെവിടുന്നാന്ന് കുശുമ്പന്മാരും കുത്തിത്തിരുപ്പരും ചോദിച്ചു.

അഴിമതിക്കാര്‍ക്കെതിരെ അങ്ങോട്ടും ഇങ്ങോട്ടും ആരോപണം ഉന്നയിക്കുക എന്തെങ്കിലും ഒരു അന്വേഷണത്തിനുത്തരവിടുക അടുത്ത ഭരണം വരുമ്പോള്‍ അതൊക്കെ കെട്ടിയൊതുക്കി പരണത്ത് പണ്ടാരമടങ്ങുക എന്ന രാഷ്ടീയക്കാര്‍ക്കിടയിലെ പൊതു മാന്യതയും ധാരണയും തെറ്റിച്ച് അച്ചുതാനന്ദന്‍ സഖാവ് പിള്ളേച്ചനെ വെള്ളം കുടിപ്പിക്കുവാന്‍ ഇറങ്ങിയപ്പോള്‍ സംഗതി പാളി. കേസു വിളിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാതിരിക്കുക, കേസു നീട്ടുവാന്‍ പറ്റുമോന്നു നോക്കുക തുടങ്ങി ഒരു   സര്‍ക്കാര്‍ വക്കീലിനെ കോണ്ടാകാവുന്ന കാര്യം വരെ ചെയ്തു, സ്നേഹപൂര്‍വ്വം സഖാവേ കേസില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടലോ പിന്നെ എന്തിനാ ഇത്ര തിക്കും തിരക്കും എന്നും പുറത്തുനിന്നും പലരും പറഞ്ഞു. വേണ്ട്രാ വേണ്ട്രാ തൃശ്ശൂക്കാര്‍നെ പുലിക്കളി പഠിപ്പിക്കണ്ട്രാന്നുള്ള ലൈനില്‍ സഖാവ് മുന്നോട്ട് തന്നെ. അദ്ദേഹം കൊള്ളാവുന്ന വക്കീലിനെ വച്ച് കൃത്യമായി കടലാസും രേഖകാളും ഹാജരാക്കി കേസു നടത്തി. അതോടെ പിള്ളേച്ചന്‍ പരുങ്ങലിലായീന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒടുക്കം പണിയും കിട്ടി.

അഴിമതിക്ക് അരീടത്രയും പഞ്ഞമില്ലാത്ത ഒരു രാജ്യത്ത് അയന്റെ കണക്കിന്റേം കാര്യത്തിന്റെം പുറകെ പോയാല്‍ പ്രാന്താകും. ദാണ്ടെ ടെലികോം കുമ്പകോണക്കേസില്‍ നമ്മുടെ രാജാസാഹിബ് അഴിമതിയുടെ പേരില്‍ അകത്തിരിക്കുന്നു. പിള്ളസാറിന്റെ ഭാഷ ലോണെടുത്താല്‍ അങ്ങേരും രാജ്യത്തിനു വേണ്ടി അകത്തിരിക്കുന്നു എന്ന് വേണേല്‍ പറയാം. അത് അന്യായ കോടികളുടെ കാര്യത്തില്‍ ആണെങ്കില്‍ ഇതു ചുമ്മാ ഒരു രണ്ടരക്കോടിയുടെ വിഷയത്തിലാണ് . അഴിമതിക്ക് തന്നെ അവമതിയുണ്ടാക്കുന്ന ഒരു തുക.

അമേരിക്കയില്‍ ഡേടിങ്ങ് നടക്കണത് സാധാരണമാണെന്ന് പറയണപോലെ ഇമ്മടെ നാട്ടില്‍ അഴിമതി ഒരു സാധാരണ സംഗതിയാണ്. അതില്ലാത് പാര്‍ടിക്കും ആള്‍ക്കാര്‍ക്കും ഏതാണ്ടൊരു നാണക്കേടു പോലെ ആയിരിക്കുന്നു. അഴിമതിക്കേസുകള്‍ കോടതിയില്‍ എത്തണത് തന്നെ അഞ്ചാണ്ടില്‍ ഒരെണ്ണം എന്ന തോതിലാണ് അതിലൊക്കെ ശിക്ഷിക്കപ്പെടുക എന്നത്  അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് (കയ്യു കഴക്കും അപൂര്‍വ്വം എന്നെഴുതീട്ട്). ആനിലക്ക് ആദ്യമായി ഒരു മുന്‍ മന്ത്രിയെ ജയിലില്‍ കേറ്റുന്ന ക്രൂരകൃത്യം അച്യുതാനന്ദന്‍ നടത്തി ക്രെഡിറ്റ് എടുത്തിരിക്കുന്നു. അങ്ങേരല്ലേലും രാഷ്ടീയക്കാര്‍ക്കിടയില്‍ അപൂര്‍വ്വമായ ഒരു പ്രതിഭാസം ആണല്ലോ. ഇമ്മടെ ലീഡര്‍ജി അവസാനകാലത്ത് അവശനായി കെടക്കണ കെടപ്പിലും പാമോയില്‍ കേസുമായി കോടതി കയറായിരുന്നു സഖാവ്. ശത്രുവാണേലും എതിര്‍ പാര്‍ടിക്കാരനാണേലും (രാഷ്ടീയക്കാര്‍ക്കിടയില്‍ എതിരും അതിരും ഒക്കെ ഒരു സങ്കല്പം അല്ലേ സാമീ) ഒരു രാഷ്ടീയക്കാരനെ ശിക്ഷിക്കാന്‍ മാത്രം കടും പിടുത്തം ഇങ്ങേര്‍ക്ക് മാത്രേ ഉണ്ടാകൂ. അഴിമതിക്കാര്‍ക്കെതിരെ ഒരയവും ഇല്ലാണ്ടെ അതുമിതും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനു കിട്ടീലോ പാര്‍ടീലെ പോളിറ്റ് ബ്യൂറോന്ന് പുറത്താക്കി. എന്നിട്ടു നേരെ ആയോ ദാണ്ടെ പിറ്റേന്ന് നേരെ പിള്ളാച്ചനെതിരെ കേസുമായി കോടതിയില്‍. ഇപ്പോ ദാ ഇമ്മടെ ശശിമൂപ്പര്‍ടെ കാര്യം പത്രക്കാര്‍ക്കും മുമ്പില്‍ പത്രാ‍സോടെ പറഞ്ഞിട്ടുണ്ട്. അതിനുള്ളത് വേറെ വരും. ഈ നെലക്ക് പോയാല്‍ നടപടിയെടുത്ത് നടപടിയെടുത്ത് പാര്‍ടി ഒരു വഴിക്കാകും.  അതു പോട്ട് അതവരുടെ വിഷയം.

പാവം പിള്ളസാര്‍ പത്തുപതിനാലു വയസ്സുമുതല്‍ അതായത് പിള്ളരുകളിയുടെ പ്രായം  മുതല്‍ രജ്യത്തിനു വേണ്ടി രാഷ്ടീയക്കാരന്റെ കുപ്പായമിട്ട് കഷ്ടപ്പെടാണ്. ഒരു ചെക്കന്‍ ഉള്ളതിനേയും പിടിച്ച് രാഷ്ടീയത്തിലിറക്കി. ഖജനാവിനു നഷ്ടമുണ്ടായിട്ടും രാജ്യത്തിന്റെ നന്മയെ മാത്രം മുന്നില്‍ കണ്ട് ടെന്റര്‍ തുക ഇരട്ടികളാക്കികോണ്ട്രാക്ട് കൊടുത്തു. ഇത്രയൊക്കെ ചെയ്ത ആ മാത്മാവിനെയാണ് ദാണ്ടെ ഈ 76 ആം വയസ്സില്‍ പിടിച്ച് ജയിലില്‍ ഇടാന്‍ പോണത്. അഴിമതിയും രാഷ്ടീയവും ഒരമ്മപെറ്റ മക്കളേക്കാള്‍ അടുപ്പക്കാരാണ്. ആ നിലക്ക് അദ്ദെഹത്തെ കുറ്റം പറയുവാന്‍ ഒക്കുമോ? ജയറാമിനു വരെ പതമശ്രീ നല്‍കിയ നാടാണ് എന്നിട്ട് ഇത്രയും ത്യാഗം ചെയ്ത ഈ മഹാത്മവിനെ മാത്രം നമ്മള്‍ മാനിക്കുന്നില്ല. എത്രയും പെട്ടെന്ന് അദ്ദേഹത്തിനു ഒരു പത്മ നല്‍കണം എന്നേ വാക്കേറിനു ആദ്യം തന്നെ പറയാന്‍ ഉള്ളൂ.

2 comments:

Anonymous said...

അതെ അദ്ദേഹത്തിനു പരമോന്നത പദവി തന്നെ നല്‍കണം. പറ്റിയാല്‍ പിടിച്ച് പ്രധാനമന്ത്രിതന്നെ ആക്കണം. പിള്ളയെ ജയിലില്‍ ഒന്നും ഇടും എന്ന് തോന്നുന്നില്ല വാക്കേറെ.

Anil cheleri kumaran said...

hahaha... :)