Friday, March 18, 2011

ആന്റിയമ്മ സീരിയലും സീറ്റിനായോടുന്ന അണികളും


സിദ്ധിഖ് ലാലിന്റെ ഗോഡ്ഫാദര്‍ 365 ദീസം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചു അത് കണ്ടിട്ടില്ലാത്തോര്‍ ചുരുങ്ങിയപക്ഷം ഇമ്മടെ ആന്റിയമമ സീരിയല്‍ കണ്ടിട്ടുണ്ടാകും അതും കണ്ടിട്ടില്ലാത്തോര്‍ മാത്രം മാധ്യമങ്ങളില്‍ വി.എസ്. മത്സരക്കാര്യം കണ്ടാല്‍ മതി.  ആന്റിയമ്മ സീരിയല്‍ കണ്ടിരിക്കണ മന്ദബുദ്ധികള്‍ക്ക് ഈ നാടകങ്ങള്‍ കണ്ടിരിക്കാം. അതിനേക്കാള്‍ ഉദ്വേഗജനകം ഒന്നുമല്ല ഈ സീറ്റുനാടകങ്ങള്‍. അല്പം സസ്പെന്‍സൊക്കെ ചേര്‍ത്തുണ്ടാക്കിയ മൂന്നാം കിട സീരിയല്‍ മാറിനില്‍ക്കും ബോധമുള്ളോര്‍ക്കൊക്കെ ഇത് കണ്ടാല്‍. പുറത്തുള്ളോര്‍ക്ക് പുലിയും പാര്‍ട്ടിക്ക് പൂച്ചയും എന്നൊരു പ്രതീതിയാണ് നായകനുള്ളത്. നായകന്‍ അങ്ങിനെ നാട്ടുകാരുടെ കാര്യങ്ങളില്‍ സജീവ സാന്നിധ്യമായി അവരുടെ കണ്ണിലുണ്ണിയായി നിലനില്‍ക്കുന്നു. ആ നായകന്റെ സപ്പോര്‍ട്ടെന്ന് പറയുന്നത് നാട്ടുകാരും മാധ്യമങ്ങളുമാണ്. നായകനായ ആളു പറയറുമണിപോലെ പാഞ്ഞു നടക്കുമ്പോള്‍ ആരോഗ്യമില്ലാന്ന് പറഞ്ഞ് സീറ്റു നിഷേധിക്കുക പിന്നെ  അവൈലബിളായ ആള്‍ക്കാരൊക്കെ ചേര്‍ന്ന് പോളിറ്റ് ബ്യൂറോ കൂടുക അപ്പോളും തീരുമാനം ആകാതിരിക്കുക. അടുത്ത ദിവസവും ചര്‍ച്ച ചെയ്യുക. വീണ്ടും താഴേക്ക് ചര്‍ച്ചവരുക. തഴേന്ന് മോളീക്ക് പോക അതിങ്ങനെ ആകെ ബഹളങ്ങള്‍. ആളൊള്‍ക്ക് ഇതൊന്നും അറിയാതെ ആളോളും അണികളും അങ്ങിങ്ങ് പ്രതിഷേധപ്രകടനം നടത്തുക. ആരെങ്കിലും അതുമിതും കുശുകുശുത്താല്‍ പോലും അന്നേരം അതെടുത്ത് ചര്‍ച്ചിച്ചും ചര്‍ദ്ദിച്ചും മാധ്യമവാര്‍ത്തക്കാര്‍ ഇതും വെറുതെ വിട്ടില്ല. ആണ്ടെ അണികള്‍ ആകെ ഉഷാറായി. ആ ഉഷാറിന്റെടേല്‍ ഇമ്മള്‍ക്ക് ചുളുവില്‍ ജയിക്കാം.


ആള്‍ക്കാര്‍ക്ക് അവസാന നിമിഷം അരിനല്‍കി അതീന്ന് വോട്ടുല്പാദിപ്പിക്കാന്ന് കരുതിയപ്പോ‍ളാണ് ആണ്ടെ ഇമ്മടെ ബഹു.തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതു പറ്റില്ലാന്ന് കണിശമായി പറഞ്ഞതോടെ കഞ്ഞികൊടുത്ത് കഴിച്ചലാകാന്നുള്ള ബുദ്ധി കയ്യിലിരുന്നു ആവിയായി. പിള്ളേച്ചനെ അകത്താക്കി അഴിമതിക്കാരനെ അകത്താക്കീന്ന് പറഞ്ഞ് അച്ചുതാനന്ദന്‍ അവസാനിമിഷം ആളായി നില്‍ക്കായിരുന്നു അതിനിടയില്‍ ചെക്കന്റെ പേരില്‍ ആരോപണങ്ങള്‍. അതിങ്ങനെ അലമ്പായി വരണ സമയത്ത് അതീന്ന് ആളോള്‍ടെ ശ്രദ്ധ തിരിക്കാന്‍ വേണ്ട്യാവോ ഈ സീറ്റു നിഷേധവും അലമ്പും. അലമ്പായതോടെ ആള്‍ക്കാരൊക്കെ ആവേശത്തോടെ അങ്ങേര്‍ക്ക് കീ.ജെയ് വിളിച്ചു പിണറായദ്യേഹത്തിന്റെ പടത്തില്‍ പാട്ടയില്‍ ചാണം കലക്കി ഒഴിച്ചു. അതിവിടത്തെ മാധ്യമങ്ങള്‍ മറയില്ലാതെ പലതവണ കാണിക്കാന്‍ തുടങ്ങി. അണികളേക്കാള്‍ ആവേശം വലതുപക്ഷ മാധ്യമങ്ങള്‍ക്ക്. അവരാണെങ്കില്‍ ഒരു ഫുഡ്ബോള്‍ കളിയുടെ കമന്ററി പോലെ അങ്ങനെ പറഞ്ഞോണ്ടിരിക്കുന്നു. തിരക്കഥ അനുസരിച്ചല്ലാതെ ക്ലൈമാക്സ് ഒരു തിരനാടകത്തിനും ഉണ്ടാകില്ലല്ലോ അതോണ്ട് സീറ്റുകിട്ടിയാല്‍  അച്ചുമ്മാന്‍ ആദ്യം സപ്പോര്‍ട്ടിങ്ങ് റോള്‍ ചെയ്ത മാധ്യമങ്ങള്‍ക്ക് നല്‍കണം.

അപ്പോള്‍ പറഞ്ഞുവന്നത് സിദ്ധിഖ് ലാലിന്റെ പടത്തിന്റെ കാര്യം. അഞ്ഞൂറാന്‍ ചെക്കന്മാരെ പുറത്താക്കുന്നു. പുറത്തായവരെ പുറകെ കൂടിയവര്‍ പൊതിരെ തല്ലുന്നു. അതല്ലെങ്കില്‍ അന്റിയമ്മ ഒപ്പിടീക്കുന്നു ഒപ്പം ചെക്കനേയും നിര്‍ത്തുന്നു. അടുത്തയശ്ച ഇട്ട ഒപ്പ് കള്ളൊപ്പാകുന്നു ചെക്കന്‍ വേറെ വഴിക്ക് നീങ്ങുന്നു.അങ്ങിനെ ആകകെ തിക്കും തിരക്കും തിരുവാതിര വിളക്കും.

 അതേ സംഗതി തന്നെ ഇവിടെയും. തീയേറ്ററിനു പകരം ടി.വിയിലാണെന്ന് മാത്രം. കഥാപാത്രങ്ങള്‍ അഞ്ഞൂറാനും ആനപ്പാറയില്‍ അച്ചമ്മയും അല്ലാന്നു മാത്രം.
ആവേശവും ആശങ്കയും അനുനിമിഷം അങ്ങനെ മേലേക്ക് കേറുമ്പോള്‍ അതാ വരുന്നു അങ്ങേരു മത്സരിക്കണം എന്ന് ഒരു തീരുമാനം അതൊടെ എല്ലാവരും ആഹ്ലാദ നൃത്തം ചവിട്ടി ജാഥനടത്ത. മിനിയാന്ന് ആരോഗ്യമില്ലാന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയ അച്ച്യുതാനന്ദന്‍ മത്സരിക്കണൂന്ന് കേള്‍ക്കുമ്പോള്‍ അങ്ങേരെന്താ മൂന്നീസം കോണ്ട് വല്ല മുസ്ലിപവറൊ മറ്റോ കഴിച്ച് ആരോഗ്യം വച്ചോന്നൊന്നും ആരും ചോദിക്കില്ല. മുന്നും പിന്നും നോക്കാതെ പോസ്റ്ററൊട്ടിക്കുന്നുപിന്നെ പോളിങ്ങ് ബൂത്തിലേക്ക് പോകുന്നു അച്ചുമ്മാന്‍ നയിക്കുന്ന മുന്നണിക്ക് മുന്നും പിന്നും നോക്കാതെ വോട്ടുകുത്തുന്നു. വൊട്ടുകിട്ടി അധികാരത്തില്‍ അഥവാ എത്തിയാല്‍ പിറ്റേന്ന് മുതല്‍ അങ്ങേരു ഒരു വഴിക്ക് പാര്‍ട്ടി ഒരുവഴിക്ക് എന്നത് തുടര്‍ന്നേക്കാം എന്നാണ് വാക്കേറിനു തോന്നണത്. അതോണ്ട് വാക്കേറിനു ഒന്നേ പറയാനുള്ളൂ വേറെ പണിയൊന്നും ഇല്ലാത്തോര്‍ ഇതു കണ്ടോണ്ടിരിക്ക. അല്ലാത്തോര് വേണേല്‍ ന്റെ കൂടെ ശാന്തേച്ചീട് വീട് വരെ പോകാം. ശാന്തേച്ചീടെ പഴങ്കഥകള്‍ കേട്ടിരിക്കാം. ഉഗ്രന്‍ ത്രില്ലറാണ് അന്യായ മസാലയും ഉണ്ട്. അല്ല പിന്നെ.

No comments: