Monday, March 7, 2011

സാരി വിതരണം ക്രിമിനല്‍ കുറ്റമോ?

പടം എടുത്തത് മോഹന്‍ കൊല്ലം ആണെന്ന് കരുതുന്നു. ചിത്രത്തിനുകടപ്പാട് അങ്ങേരാണെങ്കില്‍ അങ്ങേര്‍ക്ക് അല്ലാത്ത വേറെ ആരേലും ആണെങ്കില്‍ ആള്‍ക്ക്.

അല്ലേ ഇക്കാലത്തൊരു നല്ലകാര്യം ചെയ്യാന്ന് വച്ചാല്‍ അതുംകുഴപ്പം. കാക്ക തിന്നണത് കോഴിക്ക് കണ്ടൂടാന്ന് പറഞ്ഞപോലെ ആയി കണ്ണാടിയിലെ സാരി വിതരണം. വസ്ത്രധാനവും അന്നദാനവും പുണ്യപ്രവര്‍ത്തിയായിട്ടാണ് പൊതുവെ കരുതുന്നത്. ഇന്നാട്ടില്‍ ആദ്യായല്ല ഇതൊക്കെ വിതരണംനടക്കുന്നത്. അത് പണ്ട് പുരാതന പുരാണങ്ങളുടെ കാലം മുതലേ ഉള്ളതാണ്. അല്ലാതെ പെട്ടെന്ന് പാലക്കാട്ട് പൊട്ടിമുളച്ചതൊന്നുമല്ല. അതുകൊണ്ടുതന്നെ ആര്‍ഷഭാരത പരമ്പര്യത്തിന്റെ കൂടെ അടിസ്ഥാനത്തില്‍ പാവപ്പെട്ടെ പെണ്ണുങ്ങള്‍ക്ക് സാരിവിതരണം ചെയ്യുന്നത് അത്ര വല്ല തെറ്റുമാണോ? ഇമ്മടെ നാട്ടില്‍ അത് പക്ഷെ പൊല്ലാപ്പും പുകിലുമാണ്. ആണ്ടെ എസ്.എന്‍.ഡി.പിയുടെ യൂത്തന്മാരും പിന്നെ “തീപ്പൊരി” എന്ന സംഘടനയും അങ്ങിനെ ചിലരൊക്കെ ചേര്‍ന്ന് സാരി വിതരണം നടത്തീത് കണ്ടതോടെ സി.പി.എമ്മുകാര്‍ ഓടി വന്നു. സാരി വാങ്ങാന്‍ വന്നവരേയും കൊടുക്കാന്‍ നിന്നവരേയും ഓടിച്ചുവിട്ടു. സംഭവം അന്തര്‍ദേശീയ പ്രശ്നമാക്കി ചൈനയില്‍ വരെ ചര്‍ച്ചയാക്കാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു ചെങ്കൊടി ടീംസ്. ഭാര്യ സ്പോണ്‍‌സര്‍ ചെയ്ത സാരി വിതരണം ചെയ്തത് ഉദയഭാസ്കര്‍ എന്ന ആളാണത്രേ. എന്താ അയാള്‍ക്ക്  കയ്യില്‍ കാശുണ്ടേല്‍ സാരി വിതരണം ചെയ്താല്‍ ക്രിമിനല്‍ കുറ്റമാണോ?   ഭാസ്കരേട്ടന്‍ ബിസിനസ്സുകാരനും ബി.ജെ.പി കാരനും ആയതാണോ പ്രശ്നം?


അവസാനകാലത്ത് അരികൊടുത്ത് അരിവാളിനോട്ട് ചെയ്യിക്കാന്‍ നടത്തിയത് ദാണ്ടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറ്റില്ലാന്ന് പറഞ്ഞൂന്ന് കേള്‍ക്കണൂ. അപ്പോള്‍ ഇവര്‍ക്കാകാം അവര്‍ക്കായിക്കൂട. അരികൊടുക്കാന്‍ അവര്‍ക്ക് കയ്യില്‍ ഭരണമില്ലാത്തതൊണ്ട് അവര്‍ സാരി കൊടുക്കുന്നു. അതിനിപ്പോള്‍ എന്താ കുഴപ്പം?


 തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു പോലും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ രാഷ്ടീയപാര്‍ടിപോലുമല്ലാത്ത “സന്ന്ദ്ധ സംഘടനയ്ക്ക്” സാരിവിതരണം ചെയ്യാന്‍ പാടില്ലേ? സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള ആള്‍ സാരി വിതരണം ചെയ്താല്‍ (അങ്ങേരു നോമിനേഷന്‍ നല്‍കീട്ടുമില്ല നിലവില്‍ എം.എല്‍.എയോ  മന്ത്രിയോ അല്ല) അപ്പോള്‍ അതെങ്ങിനെ തിരഞ്ഞെടുപ്പ് ചട്ട ലംഘനമാകും?  ഇക്കണക്കിനു ചിന്തിച്ചാല്‍ ഭാവിയില്‍ സ്ഥാനാര്‍ഥിയായേക്കും എന്നും പറഞ്ഞ് തിരഞ്ഞെടുപ്പ് കഴിയണ വരെ കല്യാണം, കൊച്ചിനു പേരിടല്‍ നൂലുകെട്ട്/മാമോദിസ, വീടു പാര്‍ക്കല്‍, തറവാട് ഭാഗം വെക്കല്‍ തുടങ്ങി ആള്‍ക്കാര്‍ മരിച്ചാല്‍ അട്യേന്ത്രം  പോലും നടത്താന്‍ പാടില്ല. വോട്ടേഴ്സിനെ സ്വാധീനിക്കലാകില്ലേ അതൊക്കെ.

വിതരണം ചെയ്തത് സാരി അപ്പോള്‍ അവസാന റൌണ്ട് വരെ അണികള്‍ക്ക് ആവേശം പകരാന്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ കാര്യമോ? മൊബൈല്‍ റീചാര്‍ജ്ജ് കൂപ്പണ്ടെ കാര്യമോ? അത് ചട്ട ലംഘനമാകില്ലേ? അതോ മദ്യവും മൊബൈലും ചട്ടത്തിന്റെ പരിധിയില്‍ വരില്ലേ? അസൂയാന്നേ അസൂയ തങ്ങള്‍ക്ക് സാരി പോയിട്ട് ഒരു ബ്ലൌസിന്റെ പീസുപോലും വിതരണം ചെയ്യാന്‍ പറ്റാത്തതില്‍ ഉള്ള അസൂയ. വാശിക്ക് ചെയ്യേണ്ടിയിരുന്നത് സാരിക്ക് പകരം ചുരിതാര്‍ വിതരണം ആയിരുന്നു. അല്ലാണ്ടെ  വ്ങ്ങാന്‍ വന്നോരെ വിരട്ടിയോടിക്കലല്ല. അതെങ്ങനാ തുമ്മിയാല്‍ പോലും ബക്കറ്റുമായി പിരിവിനിറങ്ങാനല്ലാതല്ലെ പിരിക്കുന്നവര്‍ക്ക് പത്തുകൊല്ലം കൂടുമ്പോളെങ്കിലും എന്തേലും കൊടുക്കാനുള്ള ചിന്തയില്ലല്ലോ?

പാര്‍ടി തുടങ്ങിയ കാലം മുതല്‍ വോട്ടു ബിസിനസ്സുകാരാണെന്ന പഴികേള്‍ക്കുകയും പിന്നാലെ വന്നവരും പിറന്നാള്‍ ആകാത്തവരും വരെ അധികാ‍രത്തില്‍ എത്തുകയും ചെയ്യുന്ന കാലത്ത് പിന്നേം പിന്നേം പുറകോട്ട് പോകുന്ന ബി.ജെ.പിയുടെ പ്രവര്‍ത്തകന്‍ സാരി വിതരണം ചെയ്തത് കണ്ട് വിറളി പിടിച്ച് വയറിളകുന്നതെന്തിനാന്ന് മനസ്സിലാകുന്നില്ല. ആയിരം ആള്‍ക്ക് സാരി വിതരണം ചെയ്താല്‍ ആ സീറ്റ് കിട്ടുമെന്ന് കരുതുന്നത് പ്രത്യയശാത്രപരമായി പന്നത്തരമല്ലേ സഗാക്കന്മാരേ? അതു പോട്ടെ വാങ്ങാന്‍ വന്നവരെ വഴക്കുണ്ടാക്കിയും വിരട്ടിയും വിട്ടതോടെ അഥവാ “സ്വാധീന” സാരിവാങ്ങി മാര്‍ക്കിസ്റ്റുപാര്‍ടിക്ക് വോട്ടും ചെയ്യാം എന്ന് കരുതിയവര്‍ ഇനി ജന്മത്ത് വൊട്ടു ചെയ്യുമോ? സഗാക്കന്മാര്‍ നേരുപറഞ്ഞാല്‍ കുറേ കൂടെ വനിതാ സഗാക്കന്മാരെ  സാരി വാങ്ങിപ്പിക്കാന്‍ അങ്ങോട്ട് വിടുകയായിരുന്നു വേണ്ടത്. വേണ്ടത്ര സാരി വിതരണം ചെയ്യാന്‍ ഇല്ലാതെ വരുമ്പോള്‍ അവര്‍ ബഹളമുണ്ടാക്കും അതോടെ അതൊരു കക്കവെള്ളമാകും അപ്പോള്‍ അതില്‍ നിന്നും കൈനനയാ‌തെ വോട്ട് പിടിക്കാമായിരുന്നു. അല്ലേലും അതൊക്കെ ആലോചിക്കാനുള്ള അറിവ് അണികള്‍ക്ക് ഇല്ലാത്തതാണല്ലോ ഇന്നും അടിത്തറയിളകാതെ നില്‍ക്കുന്നതിന്റെ സീക്രട്ട്.. പോയകാള കൊമ്പന്‍ കാള എന്ന് പറഞ്ഞിരിക്കാനേ ഇനിയിപ്പോള്‍ പറ്റൂ. 

പെണ്ണുങ്ങള്‍ക്ക് സാരി നല്‍കിയാല്‍ മാത്രം പോരാന്നാണ്  പല പാര്‍ട്ടിക്കാരോടും വാക്കേറിനു പറയാന്‍ ഉള്ളത്.
1.ചുരി താര്‍, മിഡി, സെറ്റുമുണ്ട്, ലാച്ച, ജീന്‍സ്, ടോപ് തുടങ്ങിയവ പ്രായ ബേധമനുസരിച്ച്  വിതരണം ചെയ്യാം.താല്പര്യമുള്ളവര്‍ക്ക് താരാതരം പോലെ പാന്റീസ് ബ്രാ തുടങ്ങിയ അണ്ടര്‍ ഐറ്റംസും ആകാം.
2.ഫെയര്‍ ആന്റ് ലൌലി, ഫേഷ്യല്‍ ക്രീം, ഐലൈനര്‍, നാഗവല്ലി സ്ലിം ഓയില്‍, വണ്ണം കുറഞ്ഞോര്‍ക്ക് വണ്ണം വെക്കാന്‍ ദാക്ഷായണി പഞ്ചജീരകഗുണ്ഡംസ്,  രോമം കളയാന്‍ വാക്സിങ്ങ് ക്രീം തുടങ്ങിയ ഐറ്റംസ്.
3.യൂത്തന്‍സിനു ജീന്‍സ്, ബെര്‍മുഡാസ്, പാന്റ് പീസ്, മൊബൈല്‍ റീചാര്‍ജ്ജ് കൂപ്പണ്‍, പെട്രോള്‍ കൂപ്പണ്‍, സിഗരറ്റ്, പാന്‍ പരാഗ്.
4.മൊത്തത്തില്‍ പുരുഷന്മാര്‍ക്ക് സ്മോള്‍, മൊബൈല്‍ റീച്ചര്‍ജ്ജ് കൂപ്പണ്‍, കൈലിമുണ്ട്, വെള്ളമുണ്ട്, തോര്‍ത്തുമുണ്ട് .
5.പിന്നെ പ്രമേഹം, പ്രഷര്‍, എന്നിവക്കുള്ള ഗുളിക എല്ലാ വീടുകളിലും നല്‍കാം.
6.വാജിതൈലം, മുസ്ലി പവര്‍, ഐപില്‍ തുടങ്ങിയവ സീക്രട്ടായി നല്‍കാം. 
7.ഫാമിലിക്ക് പച്ചക്കറിയും അരി പിന്നെ വിതരണം ചെയ്യണ്ട കാര്യമില്ല കാരണം രണ്ടുര്‍പ്യക്ക് അരി ലാവിഷായി ലഭിക്കല്ലേ. അതും ഉഗ്രന്‍ പാലക്കാടന്‍ മട്ടയെ വെല്ലുന്ന സാധനം!!

 സത്യായിട്ടും ബെര്‍ളിച്ചായന്റെ പോസ്റ്റില്‍നിന്നും ആവേശംകൊണ്ടോ കടം കൊണ്ടോ അല്ലാ ഈ പോസ്റ്റെഴുതുന്നത്. സി.വി.സി നിയമനത്തില്‍ തെറ്റുപറ്റിയെന്ന് മന്‍‌മോഹന്‍‌ജി പറഞ്ഞത് എല്ലാ പത്രത്തിലും ഉണ്ട്. എന്നുകരുതി ഇനി അത് മറ്റാരെങ്കിലും വാര്‍ത്തയാക്കിയാല്‍ മോഷണമാണെന്ന് പറയാമോ?

1 comment:

Anonymous said...

മന്യേടെ വട കൊള്ളാം. പക്ഷെ അല്പം ചുളിവുണ്ട്. വൈശാലിയുടെ വടതന്നെ വട.
ബെര്‍ളീടെ ശിഷ്യന്റെ മുന്‍‌കൂര്‍ ജാമ്യം കൊള്ളാം. പത്രവാര്‍ത്തയും ഇതും ഒരുപോലെ ആണോ മാഷേ?
ബെര്‍ളീടെ പോസ്റ്റ് അടിച്ചുമാറ്റീന്ന് പറയുന്നില്ല എന്നാല്‍ അതെന്നെയല്ലെ ഇതും?
ലിസ്റ്റു കലക്കി പക്ഷെ വാജിതൈലം കേരളത്തില്‍ അത്രക്ക് അധികം ഉപയോഗിക്കണുണ്ടോ?