Wednesday, March 23, 2011

പിള്ളച്ചേട്ടന്‍ പിന്മാറിയില്ലായിരുന്നേല്‍...?


പത്താളോട് പറയാനായിരുന്നേല്‍ പേരിനു പിള്ളച്ചേട്ടനെ പിടിച്ചുള്ളിലാക്കീതും പോരായിരുന്നോ? ദാണ്ടെ പുള്ളിക്കാരനെ ജയിലീന്ന് പത്തീസത്തെ പരോളില്‍ പുറത്തിറങ്ങാന്‍ പോലും സമ്മതിക്കുന്നില്ല. പുള്ളി നാടിനു വേണ്ടി അല്പം അഴിമതി കാണിച്ചു അതിപ്പോളൊന്നുമല്ല പത്തിരുപത് കൊല്ലം മുമ്പ്. അതിന്റെ പേരില്‍ കോടതിയായ കോടതി മുഴുവന്‍ കേറിയിറങ്ങി കേസുപറഞ്ഞ് പുള്ളിയെ പൂജപ്പുരയിലാക്കി. അകത്തിട്ടതൊക്കെ ശരി പക്ഷെ അകത്തു കിടക്കുന്ന പിള്ളയെന്ന പുള്ളിക്ക് എ.സിയോ, കൊതുകുവലയോ അങ്ങിനെ അത്യാവശ്യം വേണ്ട സൌകര്യങ്ങള്‍ വല്ലതും ചെയ്തു കൊടുത്തോ അതുമില്ല. പലരും അതൊന്നുമില്ലാതെ അകത്തുകിടക്കുന്നുണ്ടെന്ന് പറയാം പക്ഷെ പിള്ളയുടെ പഴയതും പുതിയതുമായ സ്റ്റാറ്റസ് നോക്കണ്ടെ?

പ്രതിപക്ഷനേതാവിന്റെ ഇടപെടലില്‍ പിള്ളച്ചേട്ടന്‍ പിന്മാറിയത് എത്ര നന്നായി. ഇല്ലായിരുന്നേല്‍ഒരു കാര്യം വാക്കേറിനു ഉറപ്പായിരുന്നു ഇത്തവണ അച്ച്യുതാനന്ദന്‍ തോറ്റതു തന്നെ. പൂജപ്പുരയില്‍ നിന്നും ഉണ്ടാകുന്ന ഘടാകകക്ഷി മര്‍ദ്ധത്തിന്റെ ഫലമായി  രൂപപ്പെടുന്ന സഹതാപത്തിരമാലകള്‍ സുനാമിപോലെ പുതുപ്പള്ളിവഴി  അത് മലമ്പുഴയിലും എത്തും.  അതോടെ അവിടെയുള്ള യക്ഷിയൊഴികെ ഭാക്കിയെല്ലാം നിലമ്പരിശാകും. അച്ച്യുതാനന്ദന്റെ ആദര്‍ശം പിള്ള ചേട്ടന്റെ സഹതാപ സുനാമിയില്‍ തകര്‍ന്നു തരിപ്പണമായി അറബിക്കടലില്‍ ഒഴുകിനടക്കും. പിള്ളച്ചേട്ടന്‍ ജയിച്ചാല്‍ പിന്നെ ജനങ്ങള്‍ ജയിലിനു മുമ്പില്‍ നിവേദനവുമായി നിത്യവും ക്യൂ നില്‍ക്കും. ഇനി മന്ത്രിയായാലോ പറയേം വേണ്ട. മന്ത്രിസഭായോഗം ജയിലില്‍ നടത്തേണ്ടി വരുമോ? അങ്ങിനെ വല്ല കീഴ്‌വഴക്കവും ഈ ഇന്ത്യാമഹാരാജ്യത്ത് ഉണ്ടായിട്ടുണ്ടോ? ഇല്ലെങ്കില്‍ കേരളാമോഡല്‍ എന്ന് കൊട്ടിഘോഷിക്കാന്‍ ഒരു അവസരവുമായി. അധികം കളിച്ചാല്‍ ഇതല്ല ഇതിലപ്പുറവും നടത്തും എന്ന് അച്ച്യുതാനന്ദന്‍ സഖാവ് അറിയാണ്ടെ പോണ്ടാ അല്ല പിന്നെ.

അല്ലെങ്കില്‍ തന്നെ ഈ അച്ച്യുതാനന്ദനെ ആളാക്കിയത് മിമിക്രിക്കാരാണെന്നാ പിള്ളച്ചേട്ടന്റെ പുത്രന്‍ പറയുന്നത്. http://thatsmalayalam.oneindia.in/news/2011/03/23/kerala-ganesh-slams-vs-and-ldf-govt-aid0031.html  പുത്രന്‍ അമ്മയിലും ആത്മയിലുമൊക്കെ അംഗമായി അങ്ങിനെ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഈ ഡൂക്കിലി മിമിക്രിക്കാര്‍ക്ക് ഒരാളെ പൊക്കിക്കൊണ്ടുവന്ന് മുഖ്യനാക്കാമെന്നത് എത്ര നാണക്കേടാണെന്ന് ഒന്ന് നോക്കിക്കേ. അവര്‍ അച്ച്യുതാനന്ദനെ ആളാക്കിയെങ്കില്‍ ഇമ്മക്കെന്തോണ്ട് ഈ സെറ്റപ്പുവച്ച് ഒരു പടമങ്ങെടുത്ത് പിള്ളയെ ആളാക്കിക്കൂടാ? അതേന്ന് രണ്‍ജിപണിക്കരേട്ടനേക്കൊണ്ട് ഒരു സൂപ്പര്‍ സ്ര്കിപ്റ്റ് എഴുതിക്ക. ജോഷിയേട്ടനെകൊണ്ട് സംവിധാനം. വേണേല്‍ ഇന്റര്‍വെല്‍ കഴിഞ്ഞാല്‍ ഷാജികൈലാസും കയ്‌വച്ചോട്ടെ. നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ദിലീപുണ്ടല്ലോ.20-റ്റൊന്റി ഒക്കെ ചെയ്ത് നല്ല തഴക്കമായി.

“ഒന്ന് ഓര്‍ത്തോളൂ മിസ്റ്റര്‍ അച്ച്യുതാനന്ദന്‍ എന്നും ഈ കൊടിവച്ച കാറില്‍ സെക്രട്ടേറിയറ്റിനുള്ളിലേക്കും പുറത്തേകും പോകാന്‍ പറ്റില്ല. അധികാരം അധികകാലം ആ കുമ്പോളേക്കും ആ കൈകളീല്‍ നിന്നും മാറും. ഇതു പിള്ളയാ പറയുന്നേ...വെറും വാക്ക് പറയുന്ന ശീലം പിള്ളക്കില്ലാ... ജ്സറ്റ് റിമമ്പര്‍ ദാറ്റ്..” ഇമ്മാതിരി സ്റ്റൈലന്‍ ഡയലോഗ് ചേര്‍ത്ത് ഇറക്കിയാല്‍ സൂപ്പര്‍ ഹിറ്റായീന്ന് ചോദിച്ചാ‍ല്‍ മതി. വേണമെങ്കില്‍ റിലീസിന്റെ മിനിയാന്നുതന്നെ ഹിറ്റാകും.

No comments: