Thursday, September 9, 2010

ദ്രവ്യേട്ടനെ ക്രൂശിക്കല്ലേ

ഒന്നുരണ്ടു ദിവസം കൊണ്ട് ദ്രവ്യാരിഷ്ടം അടിച്ച് യമപുരിക്ക് സ്കൂട്ടായത് 26 പേര്‍. അവിടാവിടെ ആള്‍ക്കാര്‍ മരിച്ചു കിടക്കണ സീന്‍ ടി.വിയില്‍ കണ്ടപ്പോള്‍ ഓര്‍മ്മവന്നത് ചേറില്‍ മീന്‍ ചത്തുപൊന്തണതാണ്. ദ്രവ്യട്ടന്‍ ഇന്നലെ വരെ കുടിയന്മാര്‍ക്കും ഏമാന്മാര്‍ക്കും പാര്‍ടിക്കാരുക്കും മറ്റു ചിലര്‍ക്കും ദിവ്യനാ‍യിരുന്നേല്‍ ഇന്നിപ്പോള്‍ മാലോകര്‍ക്കൊക്കെ മുമ്പില്‍ എന്തോ വല്യ അപരാധിയായി മാറിയിരിക്കുന്നു. ഒറ്റയ്ക്ക് ഒരാള്‍ക്ക് ഇമ്മാതിരി ഏര്‍പ്പാട് കൊണ്ടു നടക്കാന്‍ പറ്റുമോ? ഇല്ല. അപ്പോള്‍ വേണ്ടപ്പെട്ടവരുടെ സഹായം അതിനു ഉണ്ടാകും. തീര്‍ച്ചയായും ആ സഹായത്തിനു സംഭാവന(ലോട്ടറി ഭാഷയില്‍ ബോണ്ട്..ബോണ്ട്), കൈക്കൂലി ( ഉദ്യോഗസ്ഥ ഭാഷയില്‍ കുറി..കുറി) കള്ള്, പെണ്ണ്‌, പറമ്പ് തുടങ്ങി പല രൂപത്തില്‍ പ്രത്യുപകാരം ചെയ്തുകാണും. എന്നിട്ടിപ്പോ ഒരാപത്തുവന്നപ്പോള്‍ കൂടെയുണ്ടായിരുന്നവരൊക്കെ കൂടെ അങ്ങേരെ ഒറ്റയ്ക്ക് കുരിശിലടിക്കുന്നു. നന്ദിയില്ലാത്തവന്മാര്‍.

ഇന്നലെ വരെ കൂട്ടുകൂടിയും കൂട്ടാന്‍ കൂട്ടിയും കള്ളുകുടിച്ച ഷാപ്പിനെ യാതൊരു ദയവും ഇല്ലാതെ അടിച്ചു തകര്‍ത്തു. ഷാപ്പ്  എന്ത് അപരാധമാ ചെയ്തേ? ഇന്നേ വരെ ഷാപ്പ് ആള്‍ക്കാര്‍ടെ അടുത്തെക്ക് ചെന്നിട്ടുണ്ടോ അകത്തു കയറി നാലു കുപ്പി വാങ്ങി അടിക്കാന്‍ പറഞ്ഞിട്ട്? ഇല്ല മറിച്ച് ആള്‍ക്കാര്‍ ഷാപ്പിനെ തേടി ചെല്ലുകയല്ലേ ഉണ്ടയേ? ആ ഷാപ്പിനെ ആണ് ഒരു കുറ്റവാളിയെ പോലെ അടിച്ചു തകര്‍ത്ത് തരിപ്പണമാക്കിയത്. പരീക്ഷക്ക് തോറ്റാല്‍ ഉസ്കൂള്‍ തല്ലിപ്പൊളിക്കണ പോലെ ഉള്ള ഒരു എടപാട് അല്ലേ ഇത്?

ഇനി ദ്രവ്യേട്ടന്റെ കാര്യത്തിലേക്ക് വീണ്ടും വരാം.

ഇന്നിപ്പോള്‍ മാധ്യമങ്ങള്‍ ഒരു കൊടും കുറ്റവാളിയെ പോലെ ചിത്രീകരിക്കുന്ന ദ്രവ്യേട്ടന്‍ എന്തൊക്കെ ഉപകാരം ചെയ്തിട്ടുണ്ട്?  ഒന്നാലോചിച്ച് നോക്ക് അങ്ങേരുടെ പിഴ കൊണ്ട് എന്തൊക്കെ ഉപകാരമാ ഉണ്ടായേന്ന്. മദനി അകത്തായതോടെ മാദ്യമങ്ങള്‍ക്ക് വല്യൊരു വാര്‍ത്താ സ്കൂപ്പ് പെട്ടെന്ന് ഇല്ല്യാണ്ടായി. പിന്നെ ലോട്ടറി വിവാദവും വെല്ലുവിളിയും വന്നു. സത്യത്തില്‍ പ്രതിപക്ഷത്തെ ദ്രവ്യേട്ടന്‍ വല്യ ഒരു നാണക്കേടില്‍ നിന്നും രക്ഷിക്കുകയല്ലേ ചെയതത്?  തോമാസദ്യേഹത്തിന്റെ ലോട്ടറി സംവാദത്തിനുള്ള വെല്ലുവിളികേട്ട് നാലാളുകാണ്‍കേ സംവാദത്തിനു വന്നിരുന്നേല്‍ ഹോ കഷ്ടം. പഞ്ചാബി ഹൌസ് സിനിമയില്‍ ബോട്ട് തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ ഗുസ്തിപിടിക്കാന്‍ നിന്ന കൊച്ചിന്‍ ഹനീഫയുടേയും ഹരിശ്രീ അശോകന്റേം കഥാപാത്രങ്ങളുടെ സ്ഥിതി ചുമ്മാ ഓര്‍ത്തുപോകുന്നു.

എം.എല്‍.എ വരെ കള്ളുകച്ചവടം നടാത്തണ നാടാണിത് എന്നിട്ട് പ്രതിപക്ഷത്തിന്റേം ഭരണപക്ഷത്തിന്റേയും വര്‍ത്താനം കേട്ടാ‍ല്‍ തോന്നും വ്യാജന്റെ കാര്യം അവര്‍ ആദ്യായാ കേക്കണേന്ന്. ഇവരുടെ ഒക്കെ ഒത്താശയില്ലാതെ ഒരു പെട്ടിക്കട പോലും നടത്തുവാന്‍ പറ്റാത്ത നാട്ടില്‍ ഇത്രയും വിപുലമായി വ്യാജന്റെ ഏര്‍പ്പാട് നടത്തീന്ന് ആരു വിശ്വസിക്കും? ഇവരുടെ ഒക്കെ പാര്‍ടി ഓഫീസിലെക്കും പോക്കറ്റിലേക്കും ദ്രവ്യന്‍ ദ്രവരൂപത്തില്‍ വിറ്റു പകരം പാവപ്പെട്ടവന്റെ പോക്കറ്റില്‍ നിന്നും മണി രൂപത്തില്‍ വാങ്ങുന്നതിന്റെ വിഹിതം എത്തിയിട്ടുണ്ടാകില്ലേ? എന്നിട്ട് കഴിഞ്ഞ ദിവസം എന്തായിരുന്നു മന്ത്രീടെ കോലം കത്തിക്കലും കള്ളുഷാപ്പിലേക്ക് കൊടിമരജാഥയും ഒക്കെ. അവിടെ കണ്ട കൊടികളില്‍ പലതും ചിലപ്പോള്‍ ദ്രവ്യേട്ടന്റെ പോക്കറ്റിലെ കാശുകൊടുത്തു വേടിച്ചതാവാം. എം.എല്‍.എ മുതല്‍ മെമ്പര്‍ ഓഫ് പഞ്ചായത്ത് വരെ ഉള്ളവര്‍ അങ്ങേരുടെ കയ്യീന്നു ഫണ്ട് വാങ്ങീട്ടുണ്ടാകില്ലേ? വരണ തിരഞ്ഞെടുപ്പില്‍  ഫണ്ടുമായി നീണ്ടുവരണ ദ്രവ്യേട്ടന്റെ കയ്യ് സ്വപ്നം കണ്ടിട്ടുണ്ടാകില്ലേ? എന്തായാലും പഴയ മണിച്ചന്റെ അനുഭവം നമുക്കുണ്ട്. അങ്ങേരും ഇതുപോലെ പലരേയും കയ്യയച്ചു സഹായിച്ചതാണ് പക്ഷെ ഒരു ആപത്തുവന്നപ്പോള്‍ ഒരുത്തനും കൂടെ ഉണ്ടായില്ലെ അവനവന്‍ തന്നെ വിലപ്പെട്ട പത്തുകൊല്ലം  ജയിലില്‍ കിടന്നു. വാക്കേറിനു ഒറ്റ പ്രാഥനയേ ഉള്ളൂ ദ്രവ്യേട്ടനും അതേ ഗതി വരുത്തരുതേ ഈശ്വരന്മാരേ അങ്ങേരെവെറുതെ വിടണേ!!


എങ്ങിനെ വ്യാജന്‍ ഉണ്ടാക്കാം

 കൊക്കോ കോള പെപ്സി തുടങ്ങിയ സംഗതികളുടെ പോലെ തന്നെ വല്യ സീക്രട്ടായിരുന്നു കള്ളിന്റേയും കൂട്ട്. ഇതുവരെ ഇതിന്റെ റസീപ്പി ഒരു സീക്രട്ടായിരുന്നേല്‍ ഇന്നിതാ കൊച്ചു കുട്യോള്‍ക്ക് വരെ അറിയാം എന്നായി. കള്ളിന്റെ ഷ്ഫുമാരും സൂപ്പര്‍ കെമിസ്റ്റുകളും ഒക്കെ ആയിരുന്നവര്‍ വെറും ഇസ്പേഡ് ഏഴാം കൂലിയായി. “ലൈവായിട്ടല്ലേ“ കള്ളുമിക്സിങ്ങ് കാണിച്ചത്.ചാനലുകാര്‍ കള്ളിന്റെ “മിക്സിങ്ങ്” ഷോ അതും വടക്കനും തെക്കനും വെവ്വേറെയായി. മൈദ മുതല്‍ വൈറ്റ് സിമെന്റ്,ഷമ്പൂ കെമിക്കല്‍ വരെ ഉള്ള അസംസ്കൃത വസ്തുക്കളാണ് കള്ളിലെ ചേരുവയെന്ന് അവര്‍ പറയുന്നു.

2000 ലിറ്റര്‍ വ്യാജന്‍ എങ്ങിനെ തയ്യാറാക്കാം എന്നായിരുന്നു ആദ്യത്തെ സംഭവം
1800 ലിറ്റര്‍ വെള്ളം
 സിലോണ്‍ പേസ്റ്റ്
കലര്‍പ്പില്ലാത്ത ശുദ്ധമായ സ്പിരിറ്റ് 
ഡയസേ പാം- ആവശ്യത്തിന്
പഴങ്കള്ള്
പഞ്ചസാര-20 കിലോ ഇതുപോലെ ഡീറ്റേലായിട്ട് ചാനലില്‍ മുഖം കാണിക്കാതെ അവര്‍ ഓരോന്ന് പറയുന്നു. ചിലര്‍ കള്ള് തീരെ ഉപയോഗിക്കില്ല. അതു തെക്കന്‍ സ്റ്റൈല്‍. പകരം വൈറ്റ് സിമെന്റും, പൈനാപ്പിള്‍ എസ്സന്‍സും ഒക്കെയാണ്.  കുറച്ചു ദിവസത്തെക്ക് കള്ളുഷാപ്പുകള്‍ പേരിനു അടച്ചിടും അന്വേഷണം ബഹളം തിക്കും തിരക്ക് ഇതിനിടയില്‍ കള്ളുകുടി നടക്കില്ലാന്നു കരുതി വിഷമിച്ചവര്‍ക്ക് ഇനി ആശ്വാ‍സമായി സീക്രട്ട് ചാനലില്‍ പലതവണ കാണിച്ചു. ഇനി യൂറ്റൂബിലും വരുമായിരിക്കും. എന്തായാലും റസീപ്പി കുറിച്ചെടുത്തവര്‍ക്ക് ഇനി സ്വന്തമായി ഉണ്ടാക്കി കുടിക്കാം...തലയില്‍ മൂണ്ടിട്ട് ഷാപ്പില്‍ പോണ്ടകാര്യം ഇല്ലാന്ന് ചുരുക്കം...



1 comment:

വാക്കേറുകള്‍ said...

എം.എല്‍.എ വരെ കള്ളുകച്ചവടം നടാത്തണ നാടാണിത് എന്നിട്ട് പ്രതിപക്ഷത്തിന്റേം ഭരണപക്ഷത്തിന്റേയും വര്‍ത്താനം കേട്ടാ‍ല്‍ തോന്നും വ്യാജന്റെ കാര്യം അവര്‍ ആദ്യായാ കേക്കണേന്ന്. ഇവരുടെ ഒക്കെ ഒത്താശയില്ലാതെ ഒരു പെട്ടിക്കട പോലും നടത്തുവാന്‍ പറ്റാത്ത നാട്ടില്‍ ഇത്രയും വിപുലമായി വ്യാജന്റെ ഏര്‍പ്പാട് നടത്തീന്ന് ആരു വിശ്വസിക്കും? ഇവരുടെ ഒക്കെ പാര്‍ടി ഓഫീസിലെക്കും പോക്കറ്റിലേക്കും ദ്രവ്യന്‍ ദ്രവരൂപത്തില്‍ വിറ്റു പകരം പാവപ്പെട്ടവന്റെ പോക്കറ്റില്‍ നിന്നും മണി രൂപത്തില്‍ വാങ്ങുന്നതിന്റെ വിഹിതം എത്തിയിട്ടുണ്ടാകില്ലേ? എന്നിട്ട് കഴിഞ്ഞ ദിവസം എന്തായിരുന്നു മന്ത്രീടെ കോലം കത്തിക്കലും കള്ളുഷാപ്പിലേക്ക് കൊടിമരജാഥയും ഒക്കെ.