Tuesday, August 3, 2010

തരൂര്‍ കല്യാണം കഴിച്ചാല്‍ തനിക്കെന്താടോ?

ആടോടിയെന്ന് കേട്ടാല്‍ ആനയിടഞ്ഞൂന്നും ആമിന പെറ്റൂന്ന് കേട്ടാ‍ല്‍ അബ്ദുള്ളക്കുട്ടി അടിച്ച് പറ്റായീന്നും പറയാന്‍ മടിക്കാത്ത ആള്‍ക്കാര്‍ക്ക് യാതൊരു പഞ്ഞവുമില്ല നമ്മുടെ നാട്ടില്‍,  പ്രത്യേകിച്ച് വിപ്ലവ ലേബലുള്ളവര്‍ക്കിടയില്‍. ബന്ദു ദിവസം രണ്ടു വണ്ടിയില്‍ രണ്ടു വഴിക്ക് രണ്ടു ഉദ്ദേശ്യത്തോടെ പോയ ആള്‍ക്കാരെ പറ്റി എന്തൊക്കെ അപരാധമാ ഇവര്‍ പറഞ്ഞുണ്ടാക്കിയേ ഇക്കൂട്ടര്‍!! കഷ്ടം.... അഛനും അമ്മയും മകനും കൂടെ പട്ടാപകല്‍ ബന്ദു ദിവസം സ്വന്തം കാറിലും അതേ റോഡിലൂടെ മറ്റൊരു കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എം.എല്‍.എ യാത്രപോയതും ദുരൂഹമാണെന്നും അവിഹിതത്തിനാണെന്ന ദ്വനിയോടെയും അവതരിപ്പിക്കുക.

  അറിഞ്ഞോണ്ടായാലും അറിയാണ്ടായാലും വഴീപോയോരെ പറ്റി  വങ്കത്തരം വായേന്ന് വീഴേണ്ട താമസം ആരുടെയൊക്കെയോ സാക്ഷാല്‍കാരമായ  ചാനല്‍ ഉടനെ അത് ഉടഞ്ഞുപോയ (ബ്രേക്കിങ്ങ്) ന്യൂസാക്കി.   ലോട്ടറിക്കാരന്റെ വരെ സംഭാവന വാ‍ങ്ങിയ  പത്രം(സംഗതി നാലാളറിഞ്ഞപ്പോള്‍ കാശ് തിരിച്ചു കൊടുത്തൂന്ന് പറയുന്നു, കൊടുത്തത് മറവില്‍ തിരിച്ചു വാങ്ങിയോന്ന് ആരും ഇതുവരെ  അന്വേഷിച്ചിട്ടും പറഞ്ഞിട്റ്റും ഇല്ല!!)   നെറ്റില്‍ അവൈലബിള്‍ ആയ വേര്‍ഷനില്‍ അന്നും അച്ചടി വെര്‍ഷന്‍ പിറ്റേന്നും വളിച്ച വര്‍ത്തയെ വളച്ചെടുത്ത് വിളമ്പി. ദുരുദ്ദേശ്യപരമായ പരാമര്‍ശം ആണെന്ന് കൂടെ ഉള്ളവര്‍ പറഞ്ഞെങ്കിലും സംഗതി വെറും വിഡ്ഡിത്തം ആയീന്നും ദുരുദ്ദേശ്യം നിറഞ്ഞ വക്കുകള്‍ വാസ്തവം അല്ലാന്നും ഒക്കെ മറ്റു മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം തെളിയിച്ചെങ്കിലും പറഞ്ഞ അള്‍ കുടുക്കില്‍ കൈയ്യിട്ട കുരങ്ങനെ പോലെ പിടുത്തം വിട്ടില്ല.

ഹോട് ഡോഗ് എന്നാല്‍ ചുട്ടെടുത്ത/ചൂടുള്ള നായയും വിയര്‍പ്പോഹരി എന്നാല്‍ വിയര്‍പ്പില്‍ നിന്നും ഉണ്ടാകുന്ന ഒരുതരം ഓഹരിയാണെന്നും ഒക്കെ എഴുതുന്ന യോഗ്യന്മാര്‍ വേണ്ടുവോളം ഉണ്ട് നാട്ടില്‍. പോസ്റ്ററൊട്ടിക്കാനും പൊതുമുതല്‍ നശിപ്പിക്കാനും ഒക്കെ നടക്കുന്നവര്‍ പത്രത്തില്‍ കയറിയാല്‍ ഇതല്ല ഇതിലും വലിയ വാര്‍ത്തകള്‍ ഉണ്ടാകും.

 അതെന്തോ ആകട്ടെ. വാര്‍ത്തകൊണ്ട് ഉപജീവനം കഴിക്കുന്ന മാധ്യമങ്ങള്‍ക്ക് താങ്കളെയും തരൂര്‍ജിയേയും തരൂര്‍ജിയുണ്ടാക്കുന്ന വാക്കുകളേയും വിവാദങ്ങാളേയും  വല്യ മതിപ്പാണെന്നത് പറയേണ്ട കാര്യം പണ്ടെ ഇല്ല. വിമാനയാത്ര സംബന്ധിച്ച് ട്വിറ്റര്‍ വിവാദം, ഐ.പി.എല്‍ വിവാദം ഇങ്ങനെ എത്ര സംഭവങ്ങള്‍. ഒറ്റ വിവാദം കൊണ്ട് മന്ത്രിക്കുപ്പായം കീറി കയ്യീ തന്നു ഇവന്മാര്‍. ഇപ്പോള്‍ ദാ ചര്‍ച്ചാ വിഷയം താങ്കള്‍ കൂട്ടുകാരിയായ സുന്ദയെ വിവാഹം കഴിക്കുവാന്‍ പോകുന്നു എന്ന ഊഹാപോഹങ്ങളാണ് വാര്‍ത്താ തരംഗങ്ങളായി മലയാളിക്ക് ചുറ്റും പറന്നു നടക്കുന്നത്.

 തുടര്‍ച്ചയായി തിരഞ്ഞെടുപ്പില്‍ മത്സരിക്ക തോല്‍ക്ക, പാര്‍ടിയിലെ ഉന്നത പതവി കളഞ്ഞ്  തെറിവിളിച്ച് പുറത്തുപോകുക പിന്നെ അതേ പാര്‍ടിയില്‍ മൂന്നുരൂപ മെമ്പര്‍ഷിപ്പിനായി ഇടയ്ക്കിടെ ഡെല്‍ഹിക്ക് പോക നിരാശനായി മടങ്ങിവരിക എന്നല്ലാണ്ടെ  വിവാഹവും വിവാഹമോചനവും ഒക്കെ തുടര്‍ച്ചയായി നടത്തുന്നത് കേരള രാഷ്ടീയത്തില്‍ പതിവില്ല. അക്കാര്യത്തില്‍ താങ്കള്‍ ഒരു പുതുമ സൃഷ്ടിക്കുന്നതില്‍ മലയാളിയായ ഞാന്‍ അതിയായി സന്തോഷിക്കുന്നു.

വിദേശത്തൊക്കെ പോയി ലോകം എന്താന്നും ലോകത്ത് എന്തൊക്കെയാണ് നടക്കുന്നതെന്നും നേരിട്ട് കണ്ടും അനുഭവിച്ചും ഒക്കെ ധാരാളം പരിചയം ഉള്ള ഒരാളെന്ന നിലക്ക് എന്തുകൊണ്ട് താങ്കള്‍ക്ക് ലിവിങ്ങ് ഫ്രണ്ടായി അവര്‍ക്കൊപ്പം ജീവിച്ചുകൂടാന്ന് ട്വിറ്റര്‍ വഴി ചോദിക്കുവാന്‍ ഞാന്‍ ആലോചിച്ചതാണ്. പക്ഷെ എന്റെ ചിന്തയുടെ തലമല്ലല്ലോ മേല്പറഞ്ഞ വിഭാഗത്തിനു. അവര്‍ പിന്നെ അതിന്റെ പുറകില്‍ തൂങ്ങും, അനാവശ്യം പറഞ്ഞു പരത്തും. ജോണ്‍ അബ്രഹാം നോര്‍ത്തിന്ത്യയിലും കമലഹാസന്‍ തമിഴ് നാട്ടില്‍ ആയതു നന്നായി ഇവിടെ ആയിരുന്നേല്‍ എന്തൊക്കെ പറഞ്ഞേനേ, ഇങ്ങേരെ പോലുള്ളവര്‍ വിളമ്പുന്ന വിഡ്ഡിത്തം രേഖയില്‍ നിന്നും നീക്കാനേ നേരം ഉണ്ടാകൂ!!

തരൂര്‍ കല്യാണം കഴിച്ചാല്‍ തനിക്കെന്താടോന്ന് തിരിച്ചു ചോദിക്കുന്ന വിഭാഗത്തിലാണ് ഞാനുള്‍പ്പെടെ പലരും.  തരൂര്‍ കല്യാ‍ണം കഴിക്കണതും ഭാര്യക്കൊപ്പം ജീവിക്കുന്നതും ഒന്നും ശരാശരി മലയാളിയെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. പിന്നെ അന്യന്റെ അടുക്കളപ്പുറത്തെ ചപ്പും ചവറു ചികഞ്ഞ് നാറ്റം ആസ്വദിക്കുന്ന അതു ചുറ്റും പടര്‍ത്തുന്നവര്‍ക്ക് അതൊരു വലിയ വിഷയമാണ്. അതുകൊണ്ട് കല്യാണം കഴിക്കുവാന്‍ വല്ല ഉദ്ദേശ്യവും ഉണ്ടെങ്കില്‍ കല്യാണത്തിനു പെണ്ണിനെ ക്ഷണിച്ചില്ലെങ്കിലും ദയവായി  ദുസ്സൂചന പറയുവാന്‍ ഉളുപ്പില്ലാത്ത മറ്റേ ജനപ്രതിനിധിയെ (?)യെ ക്ഷണിക്കണം. ഇല്ലേല്‍ അതുമതി തരൂരിനെ തരുണിക്കൊപ്പം ദുരൂഹ സാഹചര്യത്തില്‍ കല്യാണ പന്തലില്‍ കണ്ടൂ, കല്യാണപന്തലില്‍ വച്ച് ആളുകള്‍ വളഞ്ഞുവെന്നും, തരൂര്‍ ആ പെണ്ണിന്റെ കഴുത്തില്‍ താലിയണിച്ചൂന്നും ഒക്കെ ചുള്ളന്‍ ചെലപ്പോ വിളിച്ചു പറയുവാന്‍. കേള്‍ക്കേണ്ട താമസം തരൂര്‍ പരസ്യമായി വേണ്ടാധീനത്തിനു ശ്രമിച്ചൂന്ന് ചാനലില്‍ ഉടയുന്ന(ബ്രേക്കിങ്ങ്) വാര്‍ത്തയും നല്‍കും.പിന്നെ ചര്‍ച്ചയായി ചൊറിമാന്തലായി. ഇമ്മാതിരി ആള്‍ക്കാരുടെ മോന്തയും മുരളലും മോങ്ങലും കാണേം കേള്‍ക്കണ കാരണം ടി.വി ഓൺ ചെയ്യാന്‍ വരെ പേടിയാണിപ്പാ. പ്ലീസ് അവരെയും ക്ഷണിക്കണം, അതിനു മുമ്പ് കല്യാണം എന്താന്ന് പറ്റാവുന്ന രീതിയില്‍ ഇങ്ങേരെ പോലുള്ളവരെ പറഞ്ഞു മനസ്സിലാക്കണം- ബുദ്ധിമുട്ടാണ് എങ്കിലും ശ്രമിക്കുക. !!

ട്വിറ്ററില്‍ ഇട്ടിട്ടു കാര്യം ഉണ്ടകും എന്ന് തോന്നുന്നില്ല. ട്വിറ്റര്‍ എന്നാല്‍ സാമ്രാജ്യത്വത്തിന്റെ ടീച്ചറാണോന്ന് തിരിച്ച് ചോദിക്കും ചിലപ്പോള്‍.

8 comments:

വാക്കേറുകള്‍ said...

ആടോടിയെന്ന് കേട്ടാല്‍ ആനയിടഞ്ഞൂന്നും ആമിന പെറ്റൂന്ന് കേട്ടാ‍ല്‍ അബ്ദുള്ളക്കുട്ടി അടിച്ച് പറ്റായീന്നും പറയാന്‍ മടിക്കാത്ത ആള്‍ക്കാര്‍ക്ക് യാതൊരു പഞ്ഞവുമില്ല നമ്മുടെ നാട്ടില്‍, പ്രത്യേകിച്ച് വിപ്ലവ ലേബലുള്ളവര്‍ക്കിടയില്‍. ബന്ദു ദിവസം രണ്ടു വണ്ടിയില്‍ രണ്ടു വഴിക്ക് രണ്ടു ഉദ്ദേശ്യത്തോടെ പോയ ആള്‍ക്കാരെ പറ്റി എന്തൊക്കെ അപരാധമാ ഇവര്‍ പറഞ്ഞുണ്ടാക്കിയേ ഇക്കൂട്ടര്‍!! കഷ്ടം.... അഛനും അമ്മയും മകനും കൂടെ പട്ടാപകല്‍ ബന്ദു ദിവസം സ്വന്തം കാറിലും അതേ റോഡിലൂടെ മറ്റൊരു കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എം.എല്‍.എ യാത്രപോയതും ദുരൂഹമാണെന്നും അവിഹിതത്തിനാണെന്ന ദ്വനിയോടെയും അവതരിപ്പിക്കുക.

Jishad Cronic said...

:)-

jaisonputhoors said...

ഹഹ...ജി.പിയുടെ ബുദ്ധിജീവി മലയാളത്തേക്കാൾ ലളിതമായി നിങ്ങൾ കാര്യം പറഞ്ഞു. അതായത് പ്രതിക്രിയകാ വാതകം ഒന്നും ഇല്ലാതെ എന്താണ് ഇവന്മാരുടെ സംസ്കാരം എന്ന്...തകർത്തു മാഷെ. എന്തും പറയാൻ എപ്പോളും പറയുവാൻ ഒക്കെ തയ്യാറായി നടക്കുന്ന ഇവർ കല്യാണം പോലും വേറെ രീതിയിൽ വ്യാഖ്യാനിക്കും. താങ്കൾ പറഞ്ഞപോലെ കല്യാണമണ്ഡപത്തിൽ തരൂർ തരുണിക്കൊപ്പം എന്ന് പറഞ്ഞുണ്ടാക്കാൻ ഒരു ഉളുപ്പും കാണിക്കില്ല.

ഷൈജൻ കാക്കര said...

തരൂർ കല്ല്യാണം കഴിച്ചാൽ സുനന്ദക്ക്‌ കൊള്ളാം, ഹല്ല പിന്നെ...

chithrakaran:ചിത്രകാരന്‍ said...

വ്യക്തവും ന്യയവുമായ നിലപാട്.
ആശംസകള്‍ !!!

Unknown said...

:)

വാക്കേറുകള്‍ said...

കമന്റിട്ടവര്‍ക്ക് നന്ദി..ചിത്രകാരന്‍,കാക്കര, സുകുമാരേട്ടനെ പോലുള്ളവര്‍ ഒക്കെ എന്റെ ബ്ലോഗ്ഗില്‍ സന്ദര്‍ശിച്ചത് തന്നെ വലിയ ഒരു കാര്യം.
എന്താ ചെയ്യാ ഒരു കുടുംബത്തിന്റെ മാനം കെടുത്തീട്ട് മാന്യംന്മാരായി നടക്ക..സാംസ്കരിക കേരളം ഇവരുടെ കുത്തകയാണെന്നാ ഭാവം എന്നിട്ടോ പാവം ആ സ്ത്രീ അവര്‍ക്ക് എന്തൊരു അപമാനം ഉണ്ടയിക്കാണും.
എന്നിട്ട് ജി.പിയെ പോലുള്ളവര്‍ ഓ അങ്ങിനെ ഒരു സംഗതി ഉണ്ടായോ എന്ന് പോലും അറിയാത്ത പോലെ ഒരു ലേഖനം എഴുതുക. നിങ്ങള്‍ ഒക്കെ പ്രതികരിച്ചതിനു നന്ദി...!!

Anonymous said...

താൻ ഒരു ആർ.എസ്.എസ്സുകാരൻ അല്ലേടോ? എന്താടോ തനിക്കിത്ര ചൊരുക്ക്? ജി.പി മാത്രമല്ല പലരും ലേഖനം എഴുതും. പ്രസ്ഥാവന ഇറക്കും അതിനുനിനക്കെന്താ‍ടാ...അബ്ദുള്ളക്കുട്ടി നിന്റെ ആരാ ഇത്രയ്ക്ക് പൊള്ളാൻ.