Saturday, August 7, 2010

പ്രേക്ഷകാ എന്റെ യക്ഷിയെ കാത്തോളണേ

വികലാംഗരെയും യക്ഷികളേയും ബന്ധപ്പെട്ട കഥകള്‍ കൊണ്ട് സിനിമയില്‍ സ്വന്തമായി ഒരു അഡ്രസ്സ് ഉണ്ടാക്കിയ ആളാണ് വിനയന്‍. പന്നിപെറണപോലെ ഈ ഗണത്തില്‍ ഉള്ള കുറേ സിനിമകള്‍ ഇദ്ദേഹം എടുത്തുകൂട്ടി. ദോഷം പറയരുതല്ലോ ഇക്കൂട്ടത്തില്‍ കൊള്ളാവുന്ന സിനിമകളും ഉണ്ടായിരുന്നു. കലാഭവന്‍ മണീക്ക് അവസാന നിമിഷം അവാര്‍ഡ് പ്രതീക്ഷ നല്‍കി ഒടുക്കം ബോധക്കേടുണ്ടാക്കിയ സിനിമയും ഇദ്ദേഹത്തിന്റെ തന്നെ.

മലയാള സിനിമയിലെ മാടമ്പിമാരോട് മുട്ടിയതോടെ വിനയനെ ഏതുവിധേനയും വഴിമുട്ടിക്കാനുള്ള വഴികളെ പറ്റിയായി ബന്ധപ്പെട്ട പലരുടേയും ചിന്ത എന്നു വേണം കരുതുവാന്‍. എന്തായാലും പലരും പല വഴിക്ക് ചിന്തയും കൊണ്ട് പാഞ്ഞു. അങ്ങിനെ ഇരിക്കെ ആണ് തിലകന്‍ സംഭവം വരുന്നത്. തിലകനും താര തിളക്കം ഉള്ള ചില നടന്മാരും ഇടവേളനടനു മൊക്കെയായി ഒന്നും രണ്ടും പറഞ്ഞ് ചില ചെറിയ ഉടക്ക്. കുശുംബും കുന്നായ്മയും ആണെന്ന് കരുതിയ സംഭവം കുറച്ചു ദിവസം കൊണ്ട് ഒരു വലിയ അഗ്നിപര്‍വ്വതമായി പൊട്ടിത്തെറിച്ചു.

ഇരുപക്ഷത്തും ആളുകള്‍ അണിനിരന്നു അങ്കം കുറിച്ചു. അനുദിനം അണിനിരക്കുന്നവരുടെ എണ്ണത്തിലും വണ്ണത്തിലും മാറ്റം വന്ന് അതങ്ങനെ വലുതായി, ഒടുക്കം  ഒരു സാംസ്കാരിക രംഗത്തെ അതികായന്‍ സാക്ഷാല്‍ സുകുമാര്‍ അഴീക്കൊട് മാഷ് വരെ അണിനിരന്ന ഒന്നൊന്നര “റിയാലിറ്റി ഷോ“ ആയി.

മോഹന്‍ ലാലിനെ പറ്റിയും തന്റെ സൌന്ദര്യത്തെ സംസ്കാരത്തെ പറ്റിയും അഴീക്കോട് മാഷ് വച്ച് കാച്ചി. വിഗ്ഗിനെ കുറിച്ചും മറ്റു ചില വിശേഷങ്ങളെ പറ്റിയും ഒക്കെ മാഷ്ടെ മൊഴിയും അതിനുള്ള മറുമൊഴിയും ഇടതടവില്ലതെ പ്രവഹിച്ചു.മലയാള സിനിമാ സംസ്കാരിക രഗത്ത് തറ ഡയലോഗുകള്‍ തമ്മില്‍ ഏറ്റുമുട്ടി തീപ്പൊരി ചിതറി.

 വമ്പന്മാരുടെ കൂട്ടത്തല്ലിനിടയില്‍ മണ്ടേക്കൂടെ കയറി ഒത്തുകിട്ടിയവനെ ഒക്കെ ഇടിച്ച് കൈത്തരിപ്പ് മാറ്റണ ചില ടീംസ് ഉണ്ട്. ഇവിടെയും അതു സംഭവിച്ചു. കണ്ണൂരിലുള്ള കഥാകാരന്‍ പത്മനാഭന്‍ സാര്‍ ഗ്യാപ് മൊതലാക്കി ഇടയ്ക്കുകയറി അഴീക്കോട് മാഷ്ടെ ചെറുതായി പണിതു. മെയിന്‍ ചില ആളുകളുടെ വിഗ്ഗിന്റെയും മറ്റും വിഷയത്തില്‍ കോണ്‍സണ്ട്രേറ്റ് ചെയ്തിരുന്ന മാഷ് അത് അത്ര കാര്യമാക്കിയില്ലാന്ന് തോന്നണൂ,  എന്തായാലും സംഗതി ചാനലുകള്‍ സാംസ്കരിക മഹാ യുദ്ധത്തെ പരസ്പരം മത്സരിച്ച്
അവതരിപ്പിച്ചു, എസ്.എം.എസ് വോട്ടെടുപ്പ് നടത്തി കേട്ടുനിന്നവന്റേയും കണ്ടുനിന്നവന്റേയും കാശ് കളഞ്ഞു.

എന്തായാലും എല്ലാവരും സഹായിച്ച് തിലകന്‍ അമ്മയില്‍ നിന്നും സ്ഥിരമായി ഔട്ടായി. കുറച്ചുകാലം
പ്രസംഗത്തിലും പ്രസ്ഥാവനയിലും ഒക്കെ ഒന്ന് പയറ്റിനോക്കി. പിന്നെ മെല്ലെ ഒതുങ്ങി. എന്നാലും ആള്‍ പൂര്‍ണ്ണമായുംരംഗം വിട്ടില്ല. ഇംഗ്ലീഷ് സിനിമയില്‍ ഒരു കൈ നോക്കാന്‍ ശ്രമിച്ചു. ഡാമില്‍ കൈവെച്ചു പക്ഷെ കൈ വഴുക്കിപ്പോയി.തങ്ങളൊക്കെ ഇവിടെ ജീവിച്ചിരിക്കുമ്പോല്‍ തിലകനു അവസരമോ? പലഭാഗത്തുനിന്നും പ്രഷറു വന്നു സംഗതിപ്രശ്നമായതോടെ അവര്‍ അവരുടെ പാട്ടിനു പോയി. ഇപ്പോള്‍ കാലങ്ങളായി പ്രത്യേകിച്ച് സിനിമയൊന്നുംഇല്ലാതിരുന്ന സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നൊക്കെ വാര്‍ത്തയുണ്ട്.കോലാഹലം ഒക്കെ ഒന്ന് കെട്ടടങ്ങിയ സമയം. ചാനലുകാര്‍ കൈവെട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകളും കാര്യങ്ങളുമൊക്കെയായി ആകെ വല്ലാതങ്ങ് എംഗേജ്ഡ് ആയി. അവളില്ലെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടി ആങ്ങള അങ്കം വെട്ടണം എന്ന് പണ്ടൊരു പെണ്ണ് ചോദിച്ച പോലെയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍. വാര്‍ത്തക്കപ്പുറം ആയുസ്സുള്ള ഒരു വിവാദവും ഇവിടെ ജനിക്കില്ല ജീവിക്കില്ല. ഇതും അതുപൊലെ തന്നെ. അങ്കം വെട്ടിയവര്‍ അവരോര്‍ടെ വഴിക്ക് പോയി. ഇടയ്ക്ക് ചിലര്‍ ഗള്‍ഫില്‍ ഒക്കെ ചെല്ലുമ്പോള്‍ തിലകന്‍ വിഷയത്തില്‍ പ്രവാസി പത്രക്കാരോട് വല്ലതും പറഞ്ഞാലായി.

 അങ്ങനെയിരിക്കെ ആണ് വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിന്റെ പണിയൊക്കെ കഴിഞ്ഞ്
പുറത്തിറക്കുവാന്‍ ഒരുങ്ങിയത്. പണികൊടുക്കുവാന്‍ കാത്തിരുന്നവര്‍ കയ്യോടെ കൊടുത്തൂന്ന് വേണം കരുതുവാന്‍, തീയേറ്ററില്‍ എത്തും മുമ്പെ  തല്‍ക്കാലം അവര്‍ യക്ഷിയെ തളച്ചു. വീണ്ടും തര്‍ക്കമായി വാദമായി  എന്തായാലും പടം പുറത്തിറക്കാന്‍ പറ്റാതായീന്ന് ചുരുക്കം. തന്റെ യക്ഷിയെ പലര്‍ക്കും പേടിയാണെന്നാണ് വിനയന്‍ ഭാഷ്യം.  തര്‍ക്കവും വാദവും കഴിഞ്ഞു ഇനിയിപ്പോള്‍ യക്ഷി എപ്പോള്‍ വരും എന്ന് അറിയില്ല. എന്താ‍ലും പ്രേതവും പിശാശും ഇല്ലാതെ ഇടക്കിളവന്‍ & തൈകിളവന്‍ നടന്മാരുടെ പൈങ്കിളി പ്രണയം കണ്ട് ബോറടിച്ചിരിക്കുന്ന പ്രേക്ഷകന്‍ ചിലപ്പോള്‍ തന്റെ യക്ഷിയെ രണ്ടുകയ്യും നീട്ടി സ്വീകരിക്കും എന്നതിലാണ് നിര്‍മ്മാതാവിന്റെ പ്രതീക്ഷ. അതു കൊണ്ടു തന്നെ പ്രേക്ഷകാ എന്റെ യക്ഷിയേ കാത്തോളണേ എന്ന ഒറ്റ പ്രാര്‍ഥനയേ അങ്ങേര്‍ക്കുള്ളൂ. കാശിറക്കി കാത്തിരിക്കുന്ന കക്ഷിയുടേ പ്രതീക്ഷ യക്ഷി
നിറവേറ്റട്ടെ പാരകള്‍ പലവഴിക്ക് വരും എന്തായാലും പടം ഇറങ്ങിയാല്‍ കാശുകൊടുത്ത് കാണാന്‍ വരുന്നവനും, കൂലിക്ക് കൂവാന്‍ തയ്യാറുള്ളവര്‍ക്കും ചാകരയാകാഞ്ഞാല്‍ മതി!!

1 comment:

വാക്കേറുകള്‍ said...

വമ്പന്മാരുടെ കൂട്ടത്തല്ലിനിടയില്‍ മണ്ടേക്കൂടെ കയറി ഒത്തുകിട്ടിയവനെ ഒക്കെ ഇടിച്ച് കൈത്തരിപ്പ് മാറ്റണ ചില ടീംസ് ഉണ്ട്. ഇവിടെയും അതു സംഭവിച്ചു. കണ്ണൂരിലുള്ള കഥാകാരന്‍ പത്മനാഭന്‍ സാര്‍ ഗ്യാപ് മൊതലാക്കി ഇടയ്ക്കുകയറി അഴീക്കോട് മാഷ്ടെ ചെറുതായി പണിതു. മെയിന്‍ ചില ആളുകളുടെ വിഗ്ഗിന്റെയും മറ്റും വിഷയത്തില്‍ കോണ്‍സണ്ട്രേറ്റ് ചെയ്തിരുന്ന മാഷ് അത് അത്ര കാര്യമാക്കിയില്ലാന്ന് തോന്നണൂ, എന്തായാലും സംഗതി ചാനലുകള്‍ സാംസ്കരിക മഹാ യുദ്ധത്തെ പരസ്പരം മത്സരിച്ച്
അവതരിപ്പിച്ചു, എസ്.എം.എസ് വോട്ടെടുപ്പ് നടത്തി കേട്ടുനിന്നവന്റേയും കണ്ടുനിന്നവന്റേയും കാശ് കളഞ്ഞു.